തിരുവനന്തപുരം: കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴി പോലും പ്രായോഗികമാക്കാൻ കഴിയാത്ത വിധത്തിലാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ സാമ്പത്തി പ്രതിസന്ധി. വിൽക്കാൻ കാണം പോലും ഇല്ലാത്ത അവസ്ഥയിലേക്ക് സാമ്പത്തിക നില മാറിയിട്ടുണ്ട്. ഇക്കുറി ഓണം കടുക്കും എന്നു തന്നെയാണ് ധനവകുപ്പിന്റെ വിലയിരുത്തൽ. കാരണം, ഓണം ആഘോഷിക്കാനുള്ള പണം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ചെലവു ചുരുക്കൽ നയത്തിലേക്ക് സർക്കാർ മാറിയിട്ടും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അവസ്ഥയാണുള്ളത്.

മുൻകാലങ്ങളെ അപേക്ഷിച്ചു ഇക്കുറി പല ചെലവുകളും വെട്ടിക്കുറയ്ക്കാനാണ് സർക്കാറിന്റെ ശ്രമം. ജീവനക്കാർക്കു നൽകുന്ന ഓണം അഡ്വാൻസ് ഒഴിവാക്കാനുള്ള ശുപാർശ അംഗീകരിക്കാനാണു സാധ്യത. 3 മാസത്തെ ക്ഷേമ പെൻഷൻ കൊടുക്കാൻ സർക്കാർ ആലോചിച്ചെങ്കിലും അതും സധിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. എന്നാൽ, ഒന്നോ രണ്ടോ മാസത്തെ ശമ്പളം നൽകാനാണ് ഇപ്പോൾ ആലോചിക്കുന്നത്.

തിരുവോണം ഈ മാസം 29ന് ആണ്. മാസാവസാനമാണ് ഓണമെങ്കിൽ ആ മാസത്തെ ശമ്പളം മുൻകൂട്ടി നൽകുന്ന പതിവ് മുൻകാലങ്ങളിൽ ഉണ്ടായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇതു നിർത്തലാക്കി. ഈ ഓണത്തിനും മുൻകൂർ ശമ്പളം നൽകില്ല. ഈ മാസം ശമ്പളവും പെൻഷനും വിതരണം ചെയ്തുകഴിയുമ്പോൾ ഖജനാവ് കാലിയാകുന്ന സ്ഥിതി കണക്കിലെടുത്ത് ഓണച്ചെലവുകൾക്കായി വീണ്ടും കടമെടുക്കാനാണ് ആലോചിക്കുന്നത്.

ഓണത്തിന് 8,000 കോടി രൂപയിലേറെയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇത്രയും തുക എവിടെ നിന്നും കടമെടുക്കും എന്ന ആലോചനയും അവശേഷിക്കുന്നുണ്ട്. 3 മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ കുടിശിക കൊടുക്കാൻ 2,880 കോടി വേണം. ഇതിനാവശ്യമായ പണമില്ലാത്തതിനാലാണ് ഒന്നോ രണ്ടോ മാസത്തെ നൽകാൻ ആലോചിക്കുന്നത്.

നെല്ല് സംഭരിച്ച വകയിൽ 270 കോടി രൂപ കൂടി നൽകാനാണ് ഇപ്പോഴത്തെ ആലോചന. സപ്ലൈകോയ്ക്ക് സാധനങ്ങൾ നൽകിയ വിതരണക്കാർക്ക് 560 കോടി കൊടുക്കാനുണ്ട്. ആകെ 250 കോടിയാണ് ധനവകുപ്പ് കഴിഞ്ഞദിവസം നൽകിയത്. സ്‌കൂളുകളിൽ ഉച്ചഭക്ഷണം നൽകിയ പ്രഥമാധ്യാപകർക്കും പാചകത്തൊഴിലാളികൾക്കുമായി 52 കോടി നൽകണം. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ ഭാഗമായി സർക്കാർസ്വകാര്യ ആശുപത്രികൾക്ക് 557 കോടി രൂപ നൽകാനുണ്ട്. 338 കോടി മാത്രമാണ് ഇതുവരെ അനുവദിച്ചത്.

മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി സർക്കാർ ആശുപത്രികളിലേക്കും മെഡിക്കൽ കോളജുകളിലേക്കും മരുന്നുകൾ വാങ്ങിയ വകയിലും കോടികൾ കുടിശികയുണ്ട്. കെഎസ്ആർടിസിക്ക് മുൻ മാസങ്ങളിൽ നൽകാനുള്ള സഹായത്തിൽ 50 കോടിയാണു കുടിശിക. ഈ മാസം ഇതിനു പുറമേ 50 കോടി കൂടി കൊടുത്താലേ ജീവനക്കാർക്ക് ഓണമുണ്ണാൻ കഴിയൂ. 20 രൂപയ്ക്ക് ഊണു നൽകിയ ജനകീയ ഹോട്ടലുകൾക്ക് സബ്‌സിഡി നൽകിയിട്ട് മാസങ്ങളായി. ജീവനക്കാരുടെ ക്ഷാമബത്ത 6 ഗഡു കുടിശികയായി. ഇതിനൊക്കെ പുറമേ ഓണത്തിന് ശമ്പളം, പെൻഷൻ, ബോണസ്, ഉത്സവബത്ത എന്നിവ വിതരണം ചെയ്യണം.

അതേസമയം സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ. 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന വ്യവസ്ഥ നിലവിലുണ്ട്. പ്രതസന്ധി സർക്കാരിനാണെങ്കിലും വിലക്കയറ്റവും ആനുകൂല്യങ്ങൾ മുടങ്ങിയതും ചേർന്ന് വലയുന്നത് സാധാരണക്കാരായ ജനങ്ങളാണ്.

ഓണം ബംപറല്ല, അബുദാബി ബിഗ് ലോട്ടറിയടിച്ചാലും ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രശ്‌നങ്ങൾ തീരില്ലെന്ന അവസ്ഥയാണുള്ളത്. ഇക്കുറി ഓണക്കിറ്റ് ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്ത കൈവന്നിട്ടില്ല. കിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ കടക്കാർക്ക് സർക്കാർ 40 കോടി നൽകാനുണ്ട്. സ്‌കൂളുകളിൽ ഉച്ചഭക്ഷണം നൽകിയ പ്രഥമാധ്യാപകർക്കും പാചകത്തൊഴിലാളികൾക്കുമായി 52 കോടി നൽകണം. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ ഭാഗമായി സർക്കാർസ്വകാര്യ ആശുപത്രികൾക്ക് 557 കോടി രൂപ സർക്കാർ നൽകാനുണ്ട്. 338 കോടി മാത്രമാണ് ഇതുവരെ അനുവദിച്ചത്.

പാവങ്ങൾക്ക് കൈത്താങ്ങാകുന്ന 12 സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് ഈ സാമ്പത്തിക വർഷം നയാപൈസ നൽകിയിട്ടില്ല. കെ.എസ്.ആർ.ടി.സിക്ക് മുന്മാസങ്ങളിൽ നൽകാനുള്ള സഹായത്തിൽ 50 കോടി കുടിശിക. അടുത്തമാസം ഇതിന് പുറമെ 50 കോടി കൊടുത്താലേ ജീവനക്കാർക്ക് ഓണമുണ്ണാൻ പറ്റൂ. ഇതിനെല്ലാം പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കെ എൻ ബാലഗോപാൽ,