തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ, കേന്ദ്രത്തിൽ നിന്നു കുടിശികത്തുക നേടിയെടുക്കാൻ സംസ്ഥാന സർക്കാർ. ഗവർണ്ണറുമായി പോര് വേണ്ടെന്ന് വച്ചതും സാമ്പത്തിക പ്രതിസന്ധിയൂടെ കൂടെ സാഹചര്യത്തിലാണ്. കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കുമെന്ന സന്ദേശം നൽകാൻ കൂടിയാണ് ഇത്. വരുന്ന 7 മാസം കേരളത്തിനു കടമെടുക്കാൻ അവശേഷിക്കുന്നത് കേവലം 2021 കോടി രൂപയാണ്. തുക ഉയർത്തിയില്ലെങ്കിൽ വമ്പൻ പ്രതിസന്ധിയിലേക്ക് കേരളം പോകും. ഇത് കേന്ദ്രത്തെ നേരിട്ട് മനസ്സിലാക്കിക്കും. ഇതിനായി ഉദ്യോഗസ്ഥർ ഡൽഹിക്ക് പോകും.

ധനവകുപ്പിന്റെ കണക്കു പ്രകാരം കേരളത്തിന് കേന്ദ്രത്തിൽ നിന്നു കിട്ടാനുള്ള തുക 3680.24 കോടിയാണ്. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയും ഭക്ഷ്യസെക്രട്ടറിയും വെവ്വേറെ ഡൽഹിക്കു തിരിക്കും. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായും ഭക്ഷ്യ സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കേന്ദ്ര ഭക്ഷ്യമന്ത്രാലയവുമായും ചർച്ച നടത്തും. രണ്ടുപേരും നേരത്തേ കേന്ദ്ര ഡപ്യൂട്ടേഷനിൽ പ്രവർത്തിച്ചിട്ടുള്ളതിനാൽ ആ പരിചയം പ്രയോജനപ്പെടുമെന്നാണു പ്രതീക്ഷ.

കേന്ദ്രത്തിൽ നിന്നുള്ള കുടിശിക തുക ലഭിച്ചാൽ സംസ്ഥാന ഖജനാവിന് ആശ്വാസമാകും. ധനമന്ത്രി നിർമല സീതാരാമന് എംപിമാരുടെ സംഘം നൽകിയ നിവേദനത്തിൽ ഈ കണക്കും ചേർത്തിരുന്നു. പുറമേ കേന്ദ്ര ധനമന്ത്രാലയത്തിനു 2 തവണ കത്തു നൽകി. എന്നിട്ടും പ്രതികരണം ഇല്ലാത്തതിനാലാണ് ഉദ്യോഗസ്ഥരെ ഡൽഹിക്ക് അയയ്ക്കുന്നത്.

മൂലധന വായ്പ 1925 കോടിയും യുജിസി ശമ്പളപരിഷ്‌കരണം 750.93 കോടിയും ക്ഷേമപെൻഷൻ വിഹിതം 521.95 കോടിയും സപ്ലൈകോ നെല്ലു സംഭരിച്ച് അരിയാക്കി റേഷൻ കടകളിലൂടെ വിതരണം ചെയ്ത ഇനത്തിൽ 256 കോടിയും ആരോഗ്യ മേഖലയ്ക്കുള്ള ഗ്രാന്റ് 174.76 കോടിയും കിട്ടണം. മില്യൻ പ്ലസ് സിറ്റീസ് ഗ്രാന്റ് (10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗര തദ്ദേശസ്ഥാപനങ്ങൾക്കായി 15ാം ധനകാര്യ കമ്മിഷന്റെ തീർപ്പു പ്രകാരമുള്ളത്) 51.6 കോടിയാണ്. ഈ തുക നേടിയെടുക്കുകയാണ് ഡൽഹിയിൽ എത്തുന്ന ഉദ്യോഗസ്ഥരുടെ ലക്ഷ്യം.

ചെലവ് ചുരുക്കലും ശക്തമാക്കും. സർക്കാർ വകുപ്പുകളും സർക്കാർ ധനസഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളും നക്ഷത്ര ഹോട്ടലുകളിൽ സെമിനാറുകളും ശിൽപശാലകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നതിനു ധനവകുപ്പിന്റെ വിലക്ക്. ഇത് ഇന്നലെ പ്രാബല്യത്തിലായി. സർക്കാർ വകുപ്പുകൾ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ ധനസഹായം കൈപ്പറ്റുന്ന മറ്റു സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം വിലക്കു ബാധകമാണ്.

ഇത്തരം പരിപാടികൾക്കു സർക്കാരിന്റെ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണു നിർദ്ദേശം. ഇതിനു വിരുദ്ധമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ചെലവ് പലിശ സഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും.