- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ ഓണം പൊടിപൊടിക്കാന്‍ വേണ്ടത് 19,000 കോടി; കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞാല്‍ 11,180 കോടി വായ്പയെടുക്കാനുള്ള സാഹചര്യം ഒരുങ്ങും; ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട് കെ എന്‍ ബാലഗോപാല്‍; 44 ശതമാനമായിരുന്ന കേന്ദ്ര വിഹിതം ഇപ്പോള്‍ 25 ശതമാനമായി കുറഞ്ഞെന്ന് കേരളം
കേരളത്തില്‍ ഓണം പൊടിപൊടിക്കാന്‍ വേണ്ടത് 19,000 കോടി
തിരുവനന്തപുരം: ഓണം അടുത്തതോടെ ചെലവഴിക്കാന്‍ പണം തേടി കേരളത്തിന്റെ നെട്ടോട്ടം. ഓണച്ചെലവുകള്‍ തലക്ക് മുകളില്‍ കനംതൂങ്ങിയതോടെ പലഘട്ടങ്ങളില്‍ വെട്ടിക്കുറച്ചതും എന്നാല്‍ അര്‍ഹതപ്പെട്ടതുമായ കടമെടുപ്പുകള്‍ക്ക് അനുമതി തേടി കേരളം കേന്ദ്രത്തെ സമീപിച്ചു. 19,000 കോടിയോളം രൂപ ഓണച്ചെലവുകള്‍ക്ക് വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്.
സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിക്കുന്ന വിധമുള്ള കേന്ദ്ര നടപടികളില്‍ അനുകൂലമായ ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തയിരുന്നു. കേന്ദ്രം കനിഞ്ഞാല്‍ ഗാരണ്ടി റിഡംപ്ഷന്‍ ഫണ്ട് ഇനത്തിലെ 3,323 കോടിയും ദേശീയപാത വികസനത്തിനായി ചെലവഴിച്ച 6,000 കോടിയും ജി.എസ്.ഡി.പി ക്രമീകരിച്ചതില്‍ കുറവ് വന്ന 1,877 കോടിയുമടക്കം 11,180 കോടി വായ്പയെടുക്കാനുള്ള സാഹചര്യമൊരുങ്ങും. ഇതിന് പുറമെ ഐ.ജി.എസ്.ടി ഇനത്തില്‍ വെട്ടിക്കുറച്ച 965.16 കോടിയും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
കടമെടുപ്പും ഐ.ജി.എസ്.ടി വിഹിതവും ചേരുമ്പോള്‍ 12,145.16 കോടിയാകും. ബാക്കി തുക കണ്ടെത്തിയാല്‍ അധികം ക്ഷീണമില്ലാതെ ഓണച്ചെലവുകള്‍ മറികടക്കാം. 2024-25 വര്‍ഷത്തെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 75 ശതമാനവും സ്വന്തം സ്രോതസ്സുകളില്‍നിന്നാണ്. 2020-21ല്‍ 44 ശതമാനമായിരുന്ന കേന്ദ്ര വിഹിതം ഇപ്പോള്‍ 25 ശതമാനമായി കുറഞ്ഞു. ഇത് സാമ്പത്തികമായും സാമൂഹികമായും സംസ്ഥാനത്തിന്റെ നേട്ടങ്ങളെ പ്രതികൂലമായി ബാധിക്കുകയാണെന്നാണ് കേരളത്തിന്റെ നിലപാട്.
നിലവിലെ കടമെടുപ്പ് പരിധിക്ക് പുറമെ മറ്റു വ്യവസ്ഥകള്‍ കൂടാതെ നടപ്പുസാമ്പത്തിക വര്‍ഷം 6000 കോടി രൂപ അധികം കടമെടുക്കാന്‍ അനുവദിക്കണമെന്നും ധനമന്ത്രി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രനികുതി വിഹിതം നാല്‍പ്പത് ശതമാനത്തിലേക്ക് ചുരുക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശംം നല്‍കിയത് അടക്കം കേരളത്തിന് തിരിച്ചടിയായിരുന്നു. സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാത്ത സെസ്- സര്‍ചാര്‍ജ് ഇനങ്ങളിലായി പ്രതിവര്‍ഷം ഏഴു ലക്ഷം കോടി രൂപ തട്ടിയെടുക്കുന്നതിന് പുറമെയാണിത്.
കേന്ദ്രനിര്‍ദേശം 16-ാം ധനകമീഷന്‍ അംഗീകരിച്ചാല്‍ സംസ്ഥാനങ്ങള്‍ സാമ്പത്തികമായി കൂടുതല്‍ ഞെരുക്കുന്ന നിലയാണ്. നികുതി വിഹിതം കുറയ്ക്കണമെന്ന ധനമന്ത്രാലയ ശുപാര്‍ശ കേന്ദ്രമന്ത്രിസഭ വൈകാതെ പരിഗണിക്കും. തുടര്‍ന്ന് ധനകമീഷനെ ഔദ്യോഗികമായി അറിയിക്കും. ഒക്ടോബര്‍ 31 നകമാണ് ധനകമീഷന്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്. 2026-27 സാമ്പത്തികവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. 14-ാം ധനകമീഷന്‍ 42 ശതമാനമായി നിശ്ചയിച്ച കേന്ദ്രനികുതി വിഹിതം 15-ാം ധനകമീഷന്‍ 41 ശതമാനമായി കുറച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രനികുതി വിഹിതത്തില്‍ ഒരു ശതമാനത്തിന്റെ കുറവ് വന്നാല്‍ കേന്ദ്രത്തിന് നേട്ടം 35000 കോടി രൂപയാണ്. കേരളത്തിന് 700 കോടി നഷ്ടമുണ്ടാകും.
കേന്ദ്ര നികുതിവിഹിതം 50 ശതമാനത്തിലേക്ക് ഉയര്‍ത്തണമെന്ന ആവശ്യമാണ് സംസ്ഥാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാത്ത സെസ്- സര്‍ചാര്‍ജ് ഇനങ്ങളിലായി ഭീമമായ തുക കേന്ദ്രം തട്ടിയെടുക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നികുതിവിഹിതം ഉയര്‍ത്തണമെന്ന ആവശ്യം വിവിധ സംസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചത്. 2009-10 കാലയളവില്‍ 70559 കോടി രൂപയായിരുന്നു സെസ്- സര്‍ചാര്‍ജ് ഇനങ്ങളിലായി കേന്ദ്രം സമാഹരിച്ചത്.
2017-18 കാലയളവില്‍ ഇത് 2.19 ലക്ഷം കോടിയായും 2024-25 വര്‍ഷത്തില്‍ ഏഴു ലക്ഷം കോടിയായും ഉയര്‍ന്നു. നിലവില്‍ കേന്ദ്രം ആകെ പിരിക്കുന്ന നികുതിയില്‍ 15 ശതമാനത്തോളം സെസും സര്‍ചാര്‍ജുമാണ്. ഇത് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാന്‍ കേന്ദ്രം സന്നദ്ധമായിരുന്നെങ്കില്‍ കേരളത്തിന് പ്രതിവര്‍ഷം 14000 കോടിയോളം രൂപ അധികമായി ലഭിക്കുമായിരുന്നു.