തിരുവനന്തപുരം: കടമെടുത്ത് മുടിയുകയാണ് കേരളം. വികസനത്തിന്റെ പേരിലാണ് കടമെടുക്കൽ. എന്നാൽ കടമെടുക്കുന്നത് ശമ്പളം നൽകാൻ മാത്രമാണ്. ഇതാണ് വലിയ ആശങ്ക. അടുത്തമാസം ശമ്പളവും പെൻഷനും നൽകാൻ 1500 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. വികസനപ്രവർത്തനങ്ങൾക്കു വേണ്ടിയെന്ന പേരിലാണ് കടമെടുപ്പ്. കടപ്പത്രത്തിന്റെ ലേലം ഈ മാസം 27നു റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ പോർട്ടൽ വഴി നടക്കും.

കേരളത്തിന് ഈ സാമ്പത്തികവർഷം കടമെടുക്കാൻ 2000 കോടി രൂപയാണ് ബാക്കിയുണ്ടായിരുന്നത്. വൈദ്യുതി മേഖലയിലെ മെച്ചപ്പെട്ട പ്രകടനം കണക്കിലെടുത്ത് 4060 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്ച അനുമതി നൽകിയതോടെ കടമെടുപ്പു പരിധി 6060 കോടിയായി വർധിച്ചു. അതുകൊണ്ട് ജനുവരിയിലും ഫെബ്രുവരിയിലും മാർച്ചിലും സമാന കടമെടുപ്പുകൾ തുടരും. സാമ്പത്തിക വർഷം തീരുമ്പോൾ വീണ്ടും കടമെടുപ്പ് പരിധി പുനർനിർവ്വചിക്കും. അപ്പോൾ വീണ്ടും കടമെടുക്കാം. ഈ ആശ്വാസത്തിലാണ് കേരളം കടന്നു പോകുന്നത് എന്നതാണ് ഭീകരമായ സത്യം. കടമെടുത്ത് മുടിയുമ്പോഴും ധൂർത്ത് തുടരുകയും ചെയ്യുന്നു.

ഈ സാമ്പത്തികവർഷം ഇതുവരെ പൊതുവിപണിയിൽനിന്നുള്ള കടം 12000 കോടിയോളം കേരളം കടം എടുത്തിരുന്നു. വായ്പപ്പരിധി വെട്ടിക്കുറച്ചതിനാൽ ഡിസംബർവരെ 17,936 കോടിരൂപ കടമെടുക്കാനാണ് കേരളത്തിന് കേന്ദ്രം അനുമതി നൽകിയത്. ഡിസംബറിനുശേഷം കേന്ദ്രം കൂടുതൽ വായ്പ അനുവദിച്ചില്ലെങ്കിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം വഴുതിവീഴുമെന്ന ആശങ്ക സർക്കാരിനുണ്ട്. കടമെടുക്കുന്നതിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെൻഷനും മറ്റു സ്ഥിരം ചെലവുകൾക്കുമാണ് ഉപയോഗിക്കുന്നത്. ക്ഷേമപെൻഷൻ കമ്പനിയും കിഫ്ബിയും എടുത്ത വായ്പകളുടെ ഒരുഭാഗംകൂടി പൊതുകടത്തിൽ ഉൾപ്പെടുത്തിയാണ് ഇത്തവണ കേന്ദ്രം വായ്പപ്പരിധി വെട്ടിക്കുറച്ചത്. ഡിസംബറിനുശേഷം കേന്ദ്രം തീരുമാനം പുനഃപരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും പരിധി വിട്ട് കടം എടുക്കുന്നതായി റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി റിസർവ് ബാങ്കിനെ വിവിധ സംസ്ഥാനങ്ങളുടെ കടമെടുപ്പിനെ കുറിച്ച് പഠിക്കാൻ പ്രേരിപ്പിച്ചതായി പ്രമുഖ ബിസിനസ് പത്രം ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. 17 സംസ്ഥാനങ്ങളുടെ സ്ഥിതി വിവര കണക്ക് ലഭ്യമായതിൽ 3 എണ്ണം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും ഫിസ്‌കൽ റെസ്‌പോണ്‌സിബിലിറ്റി & ബജറ്റ് മാനേജ്‌മെന്റ്റ് റിവ്യൂ കമ്മിറ്റി നിശ്ചയിച്ച പരിധി വിട്ട് കടം എടുക്കുകയായാണ് ഇത് അനുസരിച്ച കടവും മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപ്പാദനവും തമ്മിലുള്ള അനുപാതം 2022 -23 ൽ 20 ശതമാനം കവിയാൻ പാടില്ല.

നടപ്പ് സാമ്പത്തിക വർഷം ഈ ലക്ഷ്യം കൈവരിക്കുന്നത് ഗുജറാത്ത് (15.9 %), മഹാരാഷ്ട്ര (18.1 %), ഒഡീഷയുമാണ് (18.6 %) . കടവും സംസ്ഥാന ആഭ്യന്തര ഉല്പാദനവും തമ്മിലുള്ള അനുപാതം കൂടി നിൽക്കുന്ന സംസ്ഥാനങ്ങൾ ഇവയാണ് - പഞ്ചാബ് 48.5 %,രാജസ്ഥാൻ 39.8%, ബീഹാർ 38.7 %കേരളം 37.2 %, പശ്ചിമ ബംഗാൾ 34.2 % , ആന്ധ്ര പ്രദേശ് 32.8%. 2026 -27 ൽ പഞ്ചാബിന്റെ കടം -സംസ്ഥാന ആഭ്യന്തര ഉൽപ്പാദന അനുപാതം 46.8 % ആയി കുറയും, രാജസ്ഥാൻ 39.4 % ആയും , ബീഹാർ 31.2 % ആയി കുറയും എന്നാൽ കേരളത്തിൻ റ്റെ അനുപാതം 38.2 % ആയി വർധിക്കും.

കേരള സർക്കാർ പുറത്തിറക്കിയ സാമ്പത്തിക അവലോകനം 2021 പ്രകാരം കടവും സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനവും തമ്മിലുള്ള അനുപാതം 2019-20 ൽ 31.58 ശതമാനമായിരുന്നു. 2020-21-ൽ ഇത് 37.13 ശതമാനമാണ്. റവന്യൂ വരവിലെ അപ്രതീക്ഷിതമായ ഇടിവും റവന്യൂ ചെലവിലെ വർദ്ധനവും മൂലം സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച അധിക കടമെടുപ്പ് പ്രയോജനപ്പെടുത്തിയതാണ് ഈ വർദ്ധനവിന് കാരണം. റവന്യു വരുമാനത്തെ അടിസ്ഥാനമാക്കി കടബാധ്യതയുടെ അനുപാതം 2019-20-ലെ 288.51 ശതമാനമായിരുന്നത് നേരിയ വർദ്ധനവ് രേഖപ്പെടുത്തി 2020-21-ൽ 310.06 ശതമാനമായി.

നിലവിൽ സംസ്ഥാനങ്ങളുടെ കടം കണക്കാക്കുന്നതിൽ അപാകത ഉണ്ടെന്ന് ബിസിനസ് സ്റ്റാൻഡേർഡ് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാരിൽ നിന്ന് എടുക്കുന്ന കടം, വിപണിയിൽ നിന്ന് എടുക്കുന്ന വായ്പകൾ, സംസ്ഥാന വികസന വായ്പകൾ എന്നിവയാണ് കണക്കാക്കുന്നത്. എന്നാൽ പൊതുമേഖല സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകൾ മൊത്തം കടത്തിൽ ഉൾപ്പെടുത്തുന്നില്ല. പൊതുമേഖല വൈദ്യുതി സ്ഥാപനങ്ങൾ എടുക്കുന്ന വായ്പയും ഉൾപ്പെടുത്താറില്ല. ഇതും കൂടി പരിഗണിച്ചാൽ കടം -ആഭ്യന്തര ഉൽപ്പാദന അനുപാതം 10 % വരെ ചില സംസ്ഥാനങ്ങൾക്ക് ഉയരുമെന്ന് കരുതുന്നു. ആന്ധ്ര പ്രദേശും, ബിഹാറുമാണ് ഇതിൽ മുന്നിൽ .

സംസ്ഥാനങ്ങൾ കടത്തിന് നൽകേണ്ട പലിശ ചെലവുകളും ഉയരുകയാണ്. 2015 -16 ൽ 25.7 ശതമാനമായിരുന്നത് 2021 -22 ൽ 27 ശതമാനമായി ഉയർന്നു. സംസ്ഥാനങ്ങൾ കടമെടുക്കാനുള്ള പരിധിയിൽ അയവ് വരുത്തണമെന്ന് ആവശ്യപ്പെടുമ്പോൾ അവർ ഇതുവരെ എടുത്ത കടത്തിന്റെ യഥാർത്ഥ കണക്കുകളാണോ നൽകുന്നത് എന്നതിൽ സംശയം ഉയരുന്നുണ്ട്.