തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തെ സാമ്പത്തിക പ്രതിസന്ധികൾ തീർക്കാനുള്ള മാർഗ്ഗങ്ങൾ ഇനിയും വിജയിച്ചില്ല. കേരളത്തിന്റെ ആവശ്യത്തിൽ കേന്ദ്രസർക്കാറും കൈമലർത്തി കാണിച്ചതോടെ ഓണത്തിന് പണം കണ്ടെത്താൻ മറ്റു മാർഗ്ഗങ്ങൾ തേടാനാണ് സർക്കാർ ശ്രമം. ആഭ്യന്തരമായ ധനസമാഹരണത്തിനാണ് ധനവകുപ്പിന്റെ ശ്രമം. 8000 കോടിയെങ്കിലും കേരളത്തിൽ നിന്ന് ലഭ്യമാക്കാനാണ് ശ്രമം. സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളെയും സഹകരണ സ്ഥാപനങ്ങളെയും ഇതിനായി ആശ്രയിക്കും.

അതേസമയം ഓണക്കച്ചവടം പൊടിപൊടിച്ചാൽ മാത്രമേ സർക്കാരിനും വരുമാനം കൂടുകയുള്ളൂ. അതിനായി ജനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി വിപണി സജീവമാക്കുകയാണ് സർക്കാർ ലക്ഷ്യം. ഡൽഹി ദൗത്യം പരാജയം ആയതോടെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിരിച്ചെത്തിയാലുടൻ നടപടികൾ ഊർജ്ജിതമാക്കും.

കഴിഞ്ഞ പിണറായി സർക്കാർ ഓണവേളകളിൽ 15000കോടി മുതൽ 20000കോടിയോളം രൂപവരെ ചെലവഴിച്ചിരുന്നു. ക്ഷേമപെൻഷനും ബോണസിനും ഉത്സവ അഡ്വാൻസിനും പുറമേ, വിപണി ഇടപെടലിനും വേണ്ടിയാണ് ഇത്രയും ചെലവഴിച്ചിരുന്നത്. കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ വായ്പ നിയന്ത്രിക്കുകയും ബഡ്ജറ്റിതര വായ്പകളും പൊതുവായ്പാ പരിധിയിൽ പെടുത്തുകയും ചെയ്തതോടെ സാമ്പത്തിക സ്ഥിതി ഞെരുക്കത്തിലായി.

കേന്ദ്ര ഗ്രാന്റുകളും നികുതിവിഹിതവും വെട്ടിക്കുറയ്ക്കുകയും ജി.എസ്.ടി.നഷ്ടപരിഹാരം നിറുത്തുകയും ചെയ്തതോടെ പണം കണ്ടെത്താൻ വഴിയില്ലാത്ത സ്ഥിതിയിലായി. ജി.എസ്.ടി.വന്നതോടെ നികുതികൂട്ടിയും മറ്റും സ്വന്തമായി വരുമാനം വർദ്ധിപ്പിക്കാനുള്ള വഴിയും അടഞ്ഞിരുന്നു. ഈ വർഷം ഡിസംബർ വരെ 15390കോടിയുടെ വായ്പയെടുക്കാനാണ് അനുമതിയുള്ളത്. 14500കോടി ഇതിനകം എടുത്തുകഴിഞ്ഞു.

ഇനി ഡിസംബർവരെ അഞ്ച് മാസത്തേക്ക് ശേഷിക്കുന്ന വായ്പാലഭ്യത 890കോടി മാത്രമാണ്.ജി.ഡി.പിയുടെ ഒരുശതമാനം അധികം വായ്പയെടുക്കാൻ താൽക്കാലിക അനുമതിയോ, അടിയന്തിരമായി ഹസ്വകാല സാമ്പത്തിക പാക്കേജോ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.സംസ്ഥാനത്തുനിന്നുള്ള എംപിമാർ ഇന്നലെ ധനമന്ത്രി നിർമ്മലാസീതാരാമന്റെ ഓഫീസിൽ നേരിട്ട് ബന്ധപ്പെട്ട് സമ്മർദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല.

കേന്ദ്ര-സംസ്ഥാന സർക്കാർപെൻഷനും ശമ്പളവുമായി 15ലക്ഷം പേർക്കും അധികവരുമാനം കിട്ടും. 90ലക്ഷം കുടുംബങ്ങളാണ് സംസ്ഥാനത്തുള്ളത്.ആവശ്യങ്ങൾ നിരവധിഓണക്കിറ്റ്, സപ്‌ളൈകോയ്ക്ക് സബ്‌സിഡി, കെ.എസ്.ആർ.ടി.സിക്ക് സഹായം, ജീവനക്കാർക്ക് ശമ്പളവും മുൻകൂർശമ്പളവും, ഉൽസവബത്ത, കുടിശിക അടക്കം സാമൂഹ്യ ക്ഷേമപെൻഷൻ . നെല്ലു സംഭരണത്തിന്റെ കുടിശിക തുടങ്ങി നിരവധി ആവശ്യങ്ങൾക്കാണ് പണം കണ്ടെത്തേണ്ടത്.സാമൂഹ്യപെൻഷന്റെ രണ്ടുഗഡു കുടിശിക അനുവദിച്ചിട്ടുണ്ട്. ഓണക്കിറ്റിൽ തീരുമാനമായിട്ടില്ല.

3 മാസത്തെ ക്ഷേമ പെൻഷൻ കൊടുക്കാൻ സർക്കാർ ആലോചിച്ചെങ്കിലും അതും സാധിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. എന്നാൽ, ഒന്നോ രണ്ടോ മാസത്തെ ശമ്പളം നൽകാനാണ് ഇപ്പോൾ ആലോചിക്കുന്നത്. തിരുവോണം ഈ മാസം 29ന് ആണ്. മാസാവസാനമാണ് ഓണമെങ്കിൽ ആ മാസത്തെ ശമ്പളം മുൻകൂട്ടി നൽകുന്ന പതിവ് മുൻകാലങ്ങളിൽ ഉണ്ടായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇതു നിർത്തലാക്കി. ഈ ഓണത്തിനും മുൻകൂർ ശമ്പളം നൽകില്ല. ഈ മാസം ശമ്പളവും പെൻഷനും വിതരണം ചെയ്തുകഴിയുമ്പോൾ ഖജനാവ് കാലിയാകുന്ന സ്ഥിതി കണക്കിലെടുത്ത് ഓണച്ചെലവുകൾക്കായി വീണ്ടും കടമെടുക്കാനാണ് ആലോചിക്കുന്നത്.

ഓണത്തിന് 8,000 കോടി രൂപയിലേറെയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇത്രയും തുക എവിടെ നിന്നും കടമെടുക്കും എന്ന ആലോചനയും അവശേഷിക്കുന്നുണ്ട്. 3 മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ കുടിശിക കൊടുക്കാൻ 2,880 കോടി വേണം. ഇതിനാവശ്യമായ പണമില്ലാത്തതിനാലാണ് ഒന്നോ രണ്ടോ മാസത്തെ നൽകാൻ ആലോചിക്കുന്നത്.

നെല്ല് സംഭരിച്ച വകയിൽ 270 കോടി രൂപ കൂടി നൽകാനാണ് ഇപ്പോഴത്തെ ആലോചന. സപ്ലൈകോയ്ക്ക് സാധനങ്ങൾ നൽകിയ വിതരണക്കാർക്ക് 560 കോടി കൊടുക്കാനുണ്ട്. സ്‌കൂളുകളിൽ ഉച്ചഭക്ഷണം നൽകിയ പ്രഥമാധ്യാപകർക്കും പാചകത്തൊഴിലാളികൾക്കുമായി 52 കോടി നൽകണം. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ ഭാഗമായി സർക്കാർസ്വകാര്യ ആശുപത്രികൾക്ക് 557 കോടി രൂപ നൽകാനുണ്ട്. 338 കോടി മാത്രമാണ് ഇതുവരെ അനുവദിച്ചത്.