തിരുവനന്തപുരം: കടം എടുത്തു മുടിയുകയാണ് കേരളം. പക്ഷം പണം വേണമെങ്കിൽ കടം എടുത്തേ മതിയാകൂവെന്നതാണ് അവസ്ഥ. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിനേയും മുഖവിലയ്‌ക്കെടുത്തില്ല. പണത്തിനായി കടം എന്ന നയം തുടരും. കിഫ്ബി എടുക്കുന്ന കടം സംസ്ഥാന സർക്കാരിന് അവകാശപ്പെട്ട കടമെടുപ്പിൽ വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടും കിഫ്ബിയെക്കൊണ്ടു വീണ്ടും കടമെടുപ്പിക്കാൻ സർക്കാർ തീരുമാനിക്കുന്നത് സാമ്പത്തിക പ്രതിസന്ധി കാരണമാണ്.

9,000 കോടി രൂപയാണ് അടുത്ത സാമ്പത്തിക വർഷം കടമെടുക്കാൻ കിഫ്ബി ലക്ഷ്യമിടുന്നത്. ഇതിനുള്ള അനുമതി ഇന്നലെ ചേർന്ന കിഫ്ബി യോഗം നൽകി. 202122ൽ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ വഴി കടമെടുത്ത 12,562 കോടി രൂപയാണ് സർക്കാരിന്റെ കടമായി കണക്കാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സർക്കാരിനു കടമെടുക്കാവുന്ന തുകയിൽ നിന്ന് 12,562 കോടി കുറവു ചെയ്യും. ഈ വർഷം മുതൽ 3,140 കോടി രൂപ വീതം 4 വർഷം കൊണ്ടാണ് കടമെടുപ്പു പരിധി വെട്ടിക്കുറയ്ക്കുക. അടുത്ത വർഷം കടം എടുത്താൽ ഇനിയും കുറവ് വരും. തെരഞ്ഞെടുപ്പ് കാലത്തേക്കാണ് കേരളം പോകുന്നത്. വോട്ട് കിട്ടാൻ വികസനം അനിവാര്യമാണ്. അതുകൊണ്ടാണ് കിഫ്ബിയിലെ കടമെടുക്കൽ. 9000 കോടി കൂടി കടമെടുക്കും. വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകേണ്ടി വരും. അതിനായി സംസ്ഥാനം യോജിച്ച് മുന്നോട്ടുപോകണമെന്നും ബാലഗോപാൽ പറഞ്ഞു. അസറ്റ് ലയബിലിറ്റി മാനേജ്‌മെന്റ് സംവിധാനം വഴി ശാസ്ത്രീയമായ രീതിയിൽ വിവേകപൂർവമായ കടമെടുപ്പാണ് നടത്തുന്നതെന്നും ധനമന്ത്രിയും കിഫ്ബി സിഇഒയും അവകാശപ്പെട്ടു.

കിഫ്ബിയുടെ പ്രവർത്തനത്തിന് വായ്പ കൂടിയേ തീരൂ എന്നതാണ് സ്ഥിതി. കിഫ്ബിയുടെ വായ്പയെ സർക്കാരിന്റെ ബാധ്യതയായി കാണരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നൽകിയ കത്തിന്മേൽ കേന്ദ്രം തങ്ങൾക്ക് അനുകൂല തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണു കേരളം. അതുണ്ടായില്ലെങ്കിൽ എന്തു സംഭവിക്കുമെന്നതിൽ ആർക്കും ഒരു വ്യക്തതയുമില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി യോഗം 5,681 കോടി രൂപയുടെ പദ്ധതികൾക്ക് ധനാനുമതി നൽകിയിരുന്നു. 64 പദ്ധതികൾക്കായാണ് ഈ തുക. ഇതോടെ കിഫ്ബിക്കു കീഴിൽ 80,352 കോടിയുടെ (1057 എണ്ണം) പദ്ധതികളായി. 23,095 കോടി രൂപയാണ് വിവിധ പദ്ധതികൾക്കായി കിഫ്ബി ഇതുവരെ ചെലവിട്ടത്. 12,089 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കിയെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

കിഫ്ബി പദ്ധതികൾ സുഗമമായി നടപ്പാക്കുന്നതിന് സർക്കാരിന്റെ എല്ലാ സഹായവും തുടരുകയാണെന്ന് ധനമന്ത്രി പറഞ്ഞു. കിഫ്ബി ആക്ട് പ്രകാരം ലഭ്യമാക്കേണ്ട തുക മുടങ്ങില്ലെന്ന് ഉറപ്പാക്കി. കിഫ്ബിക്കായി വിപണിയിൽനിന്ന് ഫണ്ട് കണ്ടെത്തുന്നതിനു പ്രതിസന്ധിയില്ല. ഇതിന്റെ വായ്പയും സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയതുമൂലം സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിട്ടുണ്ട്. ഇത് ഗൗരവമായ സ്ഥിതിവിശേഷമാണ്. സംസ്ഥാന സർക്കാർ ലക്ഷ്യം വച്ചിട്ടുള്ള മറ്റ് വികസന പ്രവർത്തനങ്ങളെയും ക്ഷേമ പദ്ധതികളെയും ഇവ പ്രതികൂലമായി ബാധിക്കുന്നുവെന്നത് വസ്തുതയാണെന്നും ധനമന്ത്രി പറഞ്ഞു.

കിഫ്ബിയിൽ 64 പദ്ധതിക്കുകൂടി ധനാനുമതി നൽകി. ഇതോടെ 80,352 കോടി രൂപയുടെ 1057 പദ്ധതികൾ കിഫ്ബിവഴി നടപ്പാക്കും. റോഡുവികസനത്തിന് സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ മരാമത്ത് വകുപ്പിന്റെ 36പദ്ധതിക്കുകൂടി അംഗീകാരമായി. 3414.16 കോടിയാണ് അടങ്കൽ. കോസ്റ്റൽ ഷിപ്പിങ് വകുപ്പിനു കീഴിൽ കൊച്ചി സംയോജിത ജലഗതാഗത പദ്ധതിയിലെ ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32.17 കോടിയും എളംകുളം സ്വിവറേജ് പ്ലാന്റിന് 341.97 കോടി രൂപയും അനുവദിച്ചു.

ആരോഗ്യവകുപ്പിന്റെ എട്ടു പദ്ധതിക്ക് 605.49 കോടിയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഒമ്പതു പദ്ധതിക്ക് 600.48 കോടിയുമുണ്ട്. 467.32 കോടിയിൽ ജലവിഭവ വകുപ്പിന്റെ മൂന്നു പദ്ധതി അംഗീകരിച്ചു. തദ്ദേശഭരണ വകുപ്പിന്റെ 42.04 കോടി അടങ്കലിലെ രണ്ടു പദ്ധതിയിൽ തൃശൂർ കോർപറേഷനിലെ ആധുനിക അറവുശാലയും 12 ഇടങ്ങളിൽ ആധുനിക ശ്മശാനങ്ങളും ഉൾപ്പെടുന്നു. പത്തനംതിട്ടയിലെ ബ്ലെസൺ ജോർജ് ഇൻഡോർ സ്റ്റേഡിയത്തിന് 47.93 കോടിയുണ്ട്. എട്ട് സ്‌കൂളിന്റെ നവീകരണത്തിന് 31.11 കോടിയും മൃഗസംരക്ഷണ വകുപ്പിന്റെ ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ നിർമ്മാണത്തിനായി 10.24 കോടിയും നീക്കിവച്ചു.

കിഫ്ബിയുടെ പുതിയ മുഖ്യ പദ്ധതികൾ

പിണറായി വില്ലേജിലെ വിദ്യാഭ്യാസ സമുച്ചയ നിർമ്മാണത്തിന് 232 കോടി
തൃശൂർ മെഡിക്കൽ കോളജിലെ വനിതാ ശിശു ബ്ലോക്ക് നിർമ്മാണത്തിന് 279 കോടി
കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32 കോടിയും എളംകുളം സിവറേജ് പ്ലാന്റിന് 341 കോടിയും.
കണ്ണൂർ വിമാനത്താവള കണക്ടിവിറ്റി പാക്കേജിലെ 3 റോഡ് പദ്ധതികൾക്കായി 1979 കോടിയുടെ സ്ഥലമേറ്റെടുപ്പ്.
ട്രിവാൻഡ്രം എൻജിനീയറിങ് സയൻസ് ആൻഡ് ടെക്‌നോളജി റിസർച് പാർക്കിനായി വിളപ്പിൽശാലയിൽ 50 ഏക്കർ ഏറ്റെടുക്കാൻ 203 കോടി.
മട്ടന്നൂർ-ഇരിട്ടി, കൊയിലാണ്ടി മുനിസിപ്പാലിറ്റി, താനൂർ മുനിസിപ്പാലിറ്റി ശുദ്ധജല വിതരണ പദ്ധതികൾക്ക് 467 കോടി
മലയോര ഹൈവേയുടെ 9 പദ്ധതികൾക്കായി 582 കോടി
തീരദേശ ഹൈവേയുടെ 4 പദ്ധതികൾക്ക് സ്ഥലമേറ്റെടുക്കാൻ 139 കോടി
ആലുവ-പെരുമ്പാവൂർ റോഡ് സ്ഥലമേറ്റെടുപ്പിന് 262 കോടി
തിരുവനന്തപുരം ബാലരാമപുരം അടിപ്പാത ഉൾപ്പെടെ കൊടിനടവഴിമുക്ക് റോഡ് നിർമ്മാണത്തിനു സ്ഥലമേറ്റെടുക്കാൻ 113 കോടി.
കൊട്ടാരക്കര ബൈപാസിനു സ്ഥലമേറ്റെടുക്കാൻ 110 കോടി
കോവളത്തിന്റെയും പരിസര ബീച്ചുകളുടെയും സൗകര്യം മെച്ചപ്പെടുത്താൻ 89 കോടി.
തിരുവനന്തപുരം മണക്കാട്-ആറ്റുകാൽ ക്ഷേത്രം റോഡ് വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കാൻ 52 കോടി
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഇമേജോളജി വകുപ്പിന്റെ വികസനത്തിന് 43 കോടി.

പ്രതീക്ഷ കേന്ദ്ര സർക്കാരിൽ

കിഫ്ബി എടുത്ത വായ്പയിൽ, തിരിച്ചടച്ച തുക സംസ്ഥാനത്തിന്റെ വായ്പാ കണക്കിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം ഇത് അനുവദിച്ചാൽ സംസ്ഥാനത്തിന് ഈ സാമ്പത്തിക വർഷം 2000 കോടി രൂപ കൂടി കടമെടുക്കാൻ കഴിയും. മാർച്ചിൽ ശമ്പളത്തിനും പെൻഷനുമൊക്കെയായി 22,000 കോടി രൂപയോളം കണ്ടെത്തണം. ട്രഷറി നിയന്ത്രണം കടുപ്പിച്ചും വകുപ്പുകൾ ബാങ്ക് അക്കൗണ്ടുകളിലെ ഫണ്ട് ട്രഷറിയിലേക്ക് തിരിച്ചടയ്ക്കാൻ നിർദ്ദേശിച്ചും പദ്ധതി ചെലവ് നിയന്ത്രിച്ചും ചെലവു ചുരുക്കിയും പരമാവധി ധനസമാഹരണത്തിന് ശ്രമം നടക്കുന്നുണ്ട്.

2000 കോടി രൂപ കൂടി വായ്പയെടുക്കാനാണ് അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. കിഫ്ബിയും ക്ഷേമപെൻഷൻ വിതരണം സുഗമമായി നടക്കാൻ രൂപീകരിച്ച പെൻഷൻ കമ്പനിയും എടുത്ത വായ്പ സംസ്ഥാനത്തിന്റെ വായ്പയുടെ കണക്കിൽ കേന്ദ്രം ഉൾപ്പെടുത്തിയതോടെയാണ് പ്രതിസന്ധി കടുത്തത്. ഇതോടെ വായ്പയെടുക്കാവുന്ന തുക വെട്ടിക്കുറയ്ക്കുകയായിരുന്നു. കിഫ്ബി വായ്പാ തിരിച്ചടവിന് തുല്യമായ തുക ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

കിഫ്ബി തിരിച്ചടച്ച വായ്പ സംസ്ഥാനത്തിന്റെ വായ്പാ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചില്ലെങ്കിൽ മാർച്ച് മാസം കടന്നുകിട്ടാൻ ബദൽ മാർഗങ്ങൾ തേടേണ്ടിവരും. അടുത്തയാഴ്ച ഇതുമായി ബന്ധപ്പെട്ട ആലോചനകളിലേക്കും ചർച്ചകളിലേക്കും ധനവകുപ്പ് കടക്കും.