- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപി പിടിക്കാനുള്ള സർജിക്കൽ സ്‌ട്രൈക്കായി പഴയ നോട്ട് നിരോധനം; കേന്ദ്രത്തിൽ ഹാട്രിക് അടിക്കാൻ 2000 നോട്ടുകൾ തടസ്സമെന്ന് തിരിച്ചറിവ്; വോട്ടർമാരെ സ്വാധീനിക്കാൻ ആരെങ്കിലും 'വലിയ' നോട്ട് കരുതിയെങ്കിൽ തിരിച്ചടി; ഇതും മോദിയുടെ മാസ്റ്റർ സ്‌ട്രോക്കോ? വീണ്ടും കറൻസി പിൻവലിക്കലിൽ ചർച്ചകൾ
ന്യൂഡൽഹി : 2000 രൂപയുടെ നോട്ട് പിൻവലിക്കുന്നതിന് പിന്നിൽ രാഷ്ട്രീയമോ? ഉത്തരേന്ത്യൻ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ചില രാഷ്ട്രീയ പാർട്ടികൾ പണം സ്വരൂക്കൂട്ടി വച്ചതിനെ തകർക്കലായിരുന്നു വർഷങ്ങൾക്ക് മുമ്പിലെ നോട്ട് നിരോധനം. യുപിയിലെ പല കോടീശ്വരന്മാരായ രാഷ്ട്രീയ പാർട്ടി നേതാക്കളും അതോടെ തകർന്നടിഞ്ഞു. വീണ്ടും നിർണ്ണായക തെരഞ്ഞെടുപ്പ് വർഷം എത്തുകയാണ്. ഇതോടെ വീണ്ടും 2000 രൂപ നിരോധിക്കുന്നു. ഇതിന് പിന്നിലും ചില രാഷ്ട്രീയ പാർട്ടികൾ 2000 രൂപ സ്വരൂപിച്ച് സൂക്ഷിച്ചിട്ടുണ്ടെന്ന ചിലരുടെ തിരിച്ചറിവാണെന്ന വിലയിരുത്തൽ സജീവമാണ്.
അങ്ങനെ വോട്ടർമാരെ സ്വാധീനിക്കാൻ 2000 രൂപയുടെ നോട്ട് കള്ളപ്പണമായി സൂക്ഷിച്ചവർക്കെല്ലാം ഇനി പണി കിട്ടും. അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആ പണം ഉപയോഗിക്കാനാകില്ല. 2014 ൽ 2005 നു മുൻപ് വിതരണം ചെയ്ത എല്ലാ കറൻസി നോട്ടുകളും റിസർവ് ബാങ്ക് പിൻവലിച്ചിരുന്നു. ഇപ്പോൾ 2000 രൂപ നോട്ടുകൾ മാത്രമാണ് പിൻവലിക്കുന്നത്. പിൻവലിക്കുന്നവയ്ക്കു പകരമായി 2000 രൂപ മൂല്യമുള്ള പുതിയ നോട്ടുകൾ വിതരണം ചെയ്യുന്നില്ല. ഫലത്തിൽ 2016 ൽ 1000 രൂപ നോട്ടിനു സംഭവിച്ചതു തന്നെ ഇപ്പോൾ 2000 രൂപ നോട്ടിന്റെ കാര്യത്തിലും സംഭവിക്കുന്നു.
വരുന്ന നിയമസഭാ -ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നരേന്ദ്ര മോദി സർക്കാരിന്റെ മറ്റൊരു മാസ്റ്റർ സ്ട്രൈക്കാണ് രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിക്കൽ എന്ന് സൂചന. നേരത്തെ 1000, 500 ന്റെ നോട്ടുകൾ പിൻവലിച്ചത് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്ന് ആരോപണമുണ്ടായിരുന്നു. യുപിയിൽ ബിജെപി തുടർഭരണത്തിലെത്തി. പല പ്രാദേശിക പാർട്ടികളും ഫണ്ടില്ലാതെ തകർന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും 2024 ഏപ്രിൽ മെയ് മാസത്തിൽ ലോക്സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് നോട്ട് നിരോധനം.
നോട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമുള്ള സമയപരിധിക്കു ശേഷവും ഇടപാടുകൾക്ക് തടസ്സമില്ലെന്നു പറയുമ്പോഴും, 2000 രൂപ മൂല്യമുള്ളവ പൂർണമായി ഒഴിവാക്കാനാണ് റിസർവ് ബാങ്കിന്റെ ശ്രമം. ഫലത്തിൽ, ക്രമേണയുള്ള നിരോധനമാണ് സംഭവിക്കുന്നത്. ഇതിലൂടെ 2000 രൂപയുടെ കറൻസി ക്രമാതീതമായി സൂക്ഷിച്ചവർക്കെല്ലാം പണി കിട്ടും. കർണ്ണാടക തെരഞ്ഞെടുപ്പു ഫലം വന്നതിന് പിന്നാലെയാണ് ആർബിഐ തീരുമാനം. ഇതിന് പിന്നിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ സമ്മർദ്ദം ഇല്ലെന്നാണ് ആർബിഐ വിശദീകരണം. എന്നാൽ മറിച്ചുള്ള ചർച്ചയും സജീവമാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം ഇന്ത്യയിലെ ഏതാണ്ട് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളും പാർട്ടികളും പണം കുത്തിയൊഴുക്കാറുണ്ട്. പണം കൂടുതൽ വാരി വിതറുന്നവർ വിജയിക്കും എന്ന നിലയാണ് പൊതുവെ ഉണ്ടാകാറുള്ളത്. ബിജെപിയാകട്ടെ കഴിഞ്ഞ തവണയും തങ്ങളുടെ എതിരാളികളെ നിഷ്്പ്രഭമാക്കിയത് നോട്ടു നിരോധത്തിലൂടെയായിരുന്നു എന്നാണ് വിലയിരുത്തൽ. കർണ്ണാടക തെരഞ്ഞെടുപ്പിനിടെ ഡികെ ശിവകുമാർ പണം എറിഞ്ഞ വീഡിയോ വൈറലായിരുന്നു. ഇതും പുതിയ തീരുമാനത്തിന് പിന്നിൽ ചാലക ശക്തിയായെന്നാണ് സൂചന.
എതിരാളികളുടെ പണത്തിന്റെ സോഴ്സുകളെ അടച്ചുകളയുക എന്ന തന്ത്രം ബിജെപി പ്രയോഗിക്കുകയാണെന്നാണ് രാഷ്ട്രീയ എതിരാളികൾ പറയുന്നത്. സെപ്റ്റംബർ 30 നുള്ളിൽ രണ്ടായിരത്തിന്റെ നോട്ടുകൾ പൂർണ്ണമായും വിപണിയിൽ നിന്നും മാറ്റുക എന്നാൽ വരുന്ന തിരഞ്ഞെടുപ്പു പ്രചരണത്തിൽ ഈ നോട്ടുകൾ കൊണ്ട് യാതൊരു ഉപയോഗവും ഇല്ല എന്നാണർത്ഥം.
മറുനാടന്‍ മലയാളി ബ്യൂറോ