വാഷിങ്ടൻ: 2023 സാമ്പത്തിക മാന്ദ്യത്തിന്റെ വർഷം. കടുത്ത പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ട്. യുദ്ധകെടുതികളും സ്ഥിതി ഗുരതരമാക്കും. ലോകത്തെ മൂന്നിലൊന്നു രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോർജീവയാണ് വിശദീകരിക്കുന്നത്. കഴിഞ്ഞ വർഷം യുഎസിലും യൂറോപ്യൻ യൂണിനിലും ചൈനയിലുമുണ്ടായതിനേക്കാൾ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയായിരിക്കും ഉണ്ടാകാൻ പോകുന്നത്.

അടുത്ത മാസങ്ങളിൽ ചൈനയിലെ സ്ഥിതി ഗുരുതരമാകും. ചൈനയുടെ വളർച്ച നെഗറ്റീവ് ആയി മാറും. ഇതിന്റെ പരിണിതഫലമായി ആഗോളതലത്തിലെ വളർച്ചയും നെഗറ്റീവ് ആകുമെന്നാണ് മുന്നറിയിപ്പ്. യുക്രെയിൻ-റഷ്യ യുദ്ധം പത്തു മാസമായിട്ടും അവസാനിക്കാതെ നീണ്ടുപോകുന്നതും വിലക്കയറ്റവും പലിശനിരക്കിലെ വർധനവും കൊറോണ വൈറസ് വ്യാപനവും എല്ലാം മാന്ദ്യത്തിന് കാരണമാകും. ഇതു കാരണം മാന്ദ്യം നേരിട്ട് ബാധിക്കാത്ത രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകളും ദുരിതത്തിലാകും. അങ്ങനെ ആഗോള പ്രതിസന്ധിക്ക് സാഹചര്യം പുതിയ തലത്തിലെത്തും.

2023ലെ വളർച്ചാ നിരക്ക് ഐഎംഎഫ് വെട്ടിക്കുറച്ചിരുന്നു. ആറ് ശതമാനമായിരുന്ന വളർച്ചാ നിരക്ക് 2021 3.2 ശതമാനമായും 2022ൽ 2.7 ശതമാനമായും കുറഞ്ഞിരുന്നു. കോവിഡ് വ്യാപനം ആരംഭിച്ചതോടെയാണ് വളർച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞത്. ഇത് ഇനിയും തുടരാനാണ് സാധ്യത. ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനും വില കുതിച്ചു കയറുന്നത് മാന്ദ്യത്തിനു കാരണമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതോടൊപ്പം നാണ്യപ്പെരുപ്പ നിരക്കിലെ വർധനവും രാജ്യങ്ങളെ കടുത്ത ആശങ്കയിലേക്കു തള്ളി വിടുന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് രാജ്യങ്ങൾ തിരിച്ചു വരവ് നടത്തുമെന്ന് കരുതിയിരുന്നെങ്കിലും പ്രതീക്ഷിച്ച തരത്തിൽ അതുണ്ടാകുന്നില്ലെന്നാണു വിലയിരുത്തൽ.

ലോകരാജ്യങ്ങൾ സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണെങ്കിലും ഇന്ത്യയുടെ സ്ഥിതി താരതമ്യേന മെച്ചപ്പെട്ടതായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി മൂന്ന് മാസം മുമ്പ് വിലയിരുത്തിയിരുന്നു. മൂന്നിലൊന്ന് രാജ്യങ്ങളും ഈ വർഷം അല്ലെങ്കിൽ അടുത്ത വർഷമാദ്യം സാമ്പത്തിക മാന്ദ്യത്തിലേക്കെത്തും. മിക്കവാറും രാജ്യങ്ങളും അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെങ്കിലും ഇന്ത്യയുടെ സ്ഥിതി ഭേദപ്പെട്ടതായിരിക്കുമെന്നും 2022ൽ ഇന്ത്യയുടെ വളർച്ചാ അനുമാനം 6.8% ആയിരിക്കുമെന്നും ഐഎംഎഫ് നേരത്തെ വിലയിരുത്തിയിരുന്നു.

നാണ്യപ്പെരുപ്പം പാവപ്പെട്ടവരെ ബാധിക്കാതെ നോക്കാൻ ഇന്ത്യയിൽ സർക്കാർ മികച്ച രീതിയിൽ ഇടപെടുന്നുണ്ട്. എണ്ണ വില ഉയരുന്നത് അടക്കമുള്ള ബാഹ്യവെല്ലുവിളികളാണ് ഇന്ത്യയെ വലയ്ക്കുന്നതെന്നാണ് വിലയിരുത്തൽ. രാജ്യത്തെ നാണ്യപ്പെരുപ്പം വരുതിയിലാക്കാൻ ആർബിഐ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന് ഐഎംഎഫ് ഡപ്യൂട്ടി ഡിവിഷൻ ചീഫ് ഗാർസ്യ പാസ്‌കൽ ഒക്ടോബറിൽ പറഞ്ഞിരുന്നു. 2022 അവസാനത്തോടെ ഇന്ത്യയുടെ കടബാധ്യതാ അനുപാതം മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 85 ശതമാനം ആയിരിക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. മറ്റ് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഇതു വളരെ കൂടുതലാണെങ്കിലും എളുപ്പത്തിൽ മറികടക്കാവുന്നതേയുള്ളുവെന്ന് ഐഎംഎഫ് വിശദീകരിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ഐഎംഎഫ് പുറത്തിറക്കിയ വേൾഡ് എക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ടിലും ആഗോള സാമ്പത്തിക മാന്ദ്യം പ്രവചിച്ചിരുന്നു. ആഗോള സമ്പദ്വ്യവസ്ഥയുടെ പ്രധാന ചക്രങ്ങളായ യുഎസ്, യൂറോപ്യൻ യൂണിയൻ, ചൈന എന്നിവിടങ്ങളിലെ സമ്പദ്രംഗം ഒരേ സമയം ചുരുങ്ങുന്നത് ലോകത്തെ വെല്ലുവിളിയിലാക്കും. പകുതിയോളം രാജ്യങ്ങളിലും സാമ്പത്തിക അരക്ഷിതാവസ്ഥ ഉടലെടുത്തിട്ടുണ്ട്. ചൈന സീറോ-കോവിഡ് നയം ഒഴിവാക്കുകയും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്ന പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുകയും ചെയ്തു. എന്നാൽ കോവിഡ് കേസുകൾ വർധിക്കുന്നത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. വരും മാസങ്ങൾ ചൈനയെ സംബന്ധിച്ചിടത്തോളം കഠിനമായിരിക്കും.

അതേസമയം യുഎസ് സമ്പദ് വ്യവസ്ഥ ഇതിൽ നിന്നുമെല്ലാം വേറിട്ടുനിൽക്കുകയാണ്. തൊഴിൽ വിപണി വളരെ ശക്തമായി തുടരുകയാണ്. ഡിസംബറിൽ രണ്ട് ലക്ഷത്തോളം അധികജോലികൾ സൃഷ്ടിക്കാൻ യുഎസിന് കഴിഞ്ഞു. 3.7 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. 1960ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാൽ ഇത് സമ്പദ്രംഗത്തിന്റെ ഇടിവിനെ എത്രത്തോളം തടയുമെന്നതിലും ഉറപ്പില്ല. ഉക്രെയ്‌നിലെ സംഘർഷം, പണപ്പെരുപ്പ സമ്മർദ്ദം എന്നിവ യുഎസ് ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് ഉയർത്തുന്നതിന് കാരണമായി. ഇതോടെ 2023ലെ ആഗോള സാമ്പത്തിക വളർച്ചാ പ്രവചനം ഒക്ടോബറിൽ ഐഎംഎഫ് വെട്ടിക്കുറച്ചിരുന്നു.

ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയിൽ സമ്പദ്വ്യവസ്ഥ ആശങ്ക ഉയർത്തുന്നതായി ചൈന തന്നെ പറയുന്നു. ചൈനയിലെ പ്രമുഖ പട്ടണങ്ങൾ വീണ്ടും ലോക്ഡൗണിലേക്ക് പോയത് സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിച്ചതായാണ് കണക്കാക്കപ്പെടുന്നത്. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) ഇടിവ് സംഭവിക്കുക, തൊഴിലില്ലായ്മ വർദ്ധിക്കുക, ഉപഭോക്തൃ ചെലവിലെ ഇടിവ് എന്നിവ മാന്ദ്യത്തിന്റെ സൂചനയാണ്. (ഒരു നിശ്ചിത കാലയളവിൽ ഒരു രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ ഫിനിഷ്ഡ് ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തം വിപണി മൂല്യത്തെയാണ് ജിഡിപി).

തുടർച്ചയായി രണ്ട് പാദത്തിൽ ജിഡിപി കുറഞ്ഞാൽ സാമ്പത്തിക വിദഗ്ദ്ധർ അതിനെ സാമ്പത്തിക മാന്ദ്യമെന്ന് പറയും. ഉപഭോക്താക്കൾക്ക് പണം ചെലവാക്കാനുള്ള മടി. നിക്ഷേപത്തിൽ ഉണ്ടാകുന്ന ഇടിവ്, പലിശ നിരക്കിലെ വർദ്ധനവ് എല്ലാം തന്നെ ഇത് സൂചിപ്പിക്കുന്നു. പലിശ നിരക്ക് ഉയർന്നാൽ കടം എടുക്കുന്നതിനുള്ള ചെലവ് വർദ്ധിക്കും, ഇത് കടത്തിന് മേൽ കൂടുതൽ പലിശ നൽകാൻ കാരണം ആകും. ഇതോടെ ആളുകൾ സാനങ്ങൾ വാങ്ങുന്നത് കുറയ്ക്കും, ചെലവാക്കാൻ ആളുകളുടെ കൈയിൽ പണം ഇല്ലാതെ വരും, ബിസിനസുകൾക്ക് വരുമാനവും കുറയുംയ

ഈ കാരണത്താൽ തന്നെ സാമ്പത്തിക മാന്ദ്യം നടക്കുമ്പോൾ പല ബിസിനസുകളും നിലനിൽക്കാൻ പാട് പെടും. ആളുകൾക്ക് അവരുടെ ജോലി നഷ്ടമായേക്കാം. പുതിയ ജോലി ലഭിക്കുക കഠിനമാകും. സമാശ്വാസ പാക്കേജുകൾ നൽകി സർക്കാരിന് ജനങ്ങളെ പിന്തുണയ്‌ക്കേണ്ടി വരും. മറ്റു എല്ലാ രാജ്യങ്ങളെ പോലെ ഇന്ത്യയുടെ 2021ൽ കൊവിഡിനെ തുടർന്ന് സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. 2023ൽ പണപ്പെരുപ്പം നടയാൻ പലിശ നിരക്ക് ഉയർത്തുന്നത്, വ്യാപാരത്തിലെ പ്രശ്‌നങ്ങൾ, ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങൾ എന്നിവ മാന്ദ്യത്തിന് കാരണമായേക്കാം.

മാന്ദ്യസമയത്ത് കമ്പനികൾ ലാഭകരമായി നിലനിൽക്കാൻ കഷ്ടപ്പെടുന്നതിനാൽ തന്നെ നിക്ഷേപകർ ഓഹരികൾ വിറ്റ് തങ്ങളുടെ പണം പിൻവലിക്കും. ഇക്കാരണത്താൽ തന്നെ ഓഹരി വില ഇടിയുക പതിവാണ്. ഇത്തരം സന്ദർഭങ്ങളിൽ നല്ല കമ്പനികളുടെ ഓഹരികൾ വളരെ കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് വാങ്ങാൻ അവസരം ലഭിക്കും.