- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം ഈ വർഷം സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോൾ ഏറ്റവും മോശമാകുന്നത് ബ്രിട്ടന്റെ അവസ്ഥ; വളർച്ച നിരക്ക് കുത്തനെ ഇടിയും; റഷ്യൻ-യുക്രെയിൻ യുദ്ധം അവസാനമില്ലാതെ തുടർന്ന് പോകുന്നത് യൂറോപ്പിന്റെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമ്പോൾ
നോസ്റ്റർഡാമസ് മുതൽ ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞന്മാർ വരെ പ്രവാചിച്ചിരിക്കുന്നത് 2023-ൽ ലോകം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമെന്നാണ്. അഗോള തലത്തിൽ തന്നെ ഉണ്ടാകുന്ന ഊർജ്ജ പ്രതിസന്ധിയായിരിക്കും ഇതിന് കാരണമായി വർത്തിക്കുക. ഈ തകർച്ചയിൽ ഏറ്റവുമധികം ദുരിതങ്ങൾ നേരിടേണ്ടി വരുന്നത് ബ്രിട്ടീഷ് സാമ്പത്തിക വ്യവസ്ഥയായിരിക്കുമെന്ന് ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോഓപറേഷൻ ആൻഡ് ഡെവലപ്മെന്റ് പറയുന്നു.
വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7 ലെ മറ്റേതൊരു രാജ്യത്തേക്കാൾ അധികം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുക ബ്രിട്ടൻ തന്നെയായിരിക്കും. അമേരിക്കയിലും യൂറോ സോണിലും വളർച്ച താരതമ്യേന ദുർബലമായിരിക്കും. എന്നാൽ, ബ്രിട്ടനൊപ്പം അതീവ ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിക്കാൻ പോകുന്ന മറ്റൊരു പ്രധാനപ്പെട്ട രാജ്യം ജർമ്മനി ആയിരിക്കും. അതേസമയം, ഇപ്പോൾ വളർന്നു കൊണ്ടിരിക്കുന്ന ചില രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ കാരണം ലോക സാമ്പത്തിക വ്യവസ്ഥക്ക് അടുത്തവർഷം 2.2 ശതമാനം വളർച്ച കൈവരിക്കാൻ കഴിയുമെന്നും റിപ്പോർട്ടിലുണ്ട്.
റഷ്യൻ-യുക്രെയിൻ യുദ്ധം അവസാനമില്ലാതെ തുടർന്ന് പോകുന്നത് യൂറോപ്പിന്റെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജി 7 രാജ്യങ്ങളിലെല്ലാം തന്നെ വളർച്ച കുറവാണെങ്കിലും ബ്രിട്ടനും ജർമ്മനിയും മാത്രമായിരിക്കും തകർച്ചയുടെ വക്കിലെത്തുക എന്നും ഒ ഇ സി ഡി പ്രവചിക്കുന്നു. 2023-ൽ ബ്രിട്ടീഷ് സംബദ്വ്യവസ്ഥ 0.4 ശതമാനം ചുരുങ്ങും എന്നാണ് ഇവർ പറയുന്നത്. അതിനു ശേഷം 2024-ൽ 0.2 ശതമാനത്തിന്റെ ചെറിയൊരു വളർച്ച രേഖപ്പെടുത്തും.
അതേസമയം, ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റീസ് കഴിഞ്ഞയാഴ്‌ച്ച പ്രവചിച്ചത് 2023-ൽ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ 1.4 ശതമാനം ചുരുങ്ങും എന്നായിരുന്നു. 2024-ൽ 1.3 ശതമാനത്തിന്റെ വളർച്ചയും അവർ പ്രവചിച്ചിട്ടുണ്ട്. ഇത് ബ്രിട്ടനിലെ ജീവിത നിലവാരം കുത്തനെ ഇടിയാൻ കാരണമാകുമെന്നും അവർ പറയുന്നു. ബ്രിട്ടീഷ് സമ്പദ്ഘടനയുടെ താഴോട്ടുള്ള പോക്ക് രണ്ടു വർഷം വരെ നീണ്ടു നിന്നേക്കാം എന്ന് കഴിഞ്ഞമാസം ബാങ്ക് ഓഫ് ഇംഗ്ലണ്ടും പറഞ്ഞിരുന്നു.
വെറും 2 പൗണ്ടിന് ആയിരത്തോളം റൂട്ടുകളിൽ ബസ്സ് യാത്ര
മാർച്ച് അവസാനം വരെ സിംഗിൾ ബസ് നിരക്കുകൾക്ക് പരിധി ഏർപ്പെടുത്താനുള്ള സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായി പുതിയ 60 മില്യൺ പൗണ്ടിന്റെ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ഇതുവഴി ഇപ്പോൾ ഇംഗ്ലണ്ടിലെ ആയിരത്തിലധികം ബസ്സ് റൂട്ടുകളിൽ നിങ്ങൾക്ക് 2 പൗണ്ട് നിരക്കിൽ യാത്ര ചെയ്യാൻ കഴിയും. 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ പദ്ധതി 2023 മാർച്ച് 31 വാരെ നിലവിലുണ്ടാകും.
ഇതനുസരിച്ച്, ലണ്ടനു വെളിയിൽ സർവ്വീസ് നടത്തുന്ന 130 ബസ്സ് ഓപ്പറേറ്റർമാർ 4,600 റൂട്ടുകളിൽ, സിംഗിൾ യാത്രയ്ക്ക് 2 പൗണ്ടിലധികം ഈടാക്കുകയില്ല. സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് വലിയൊരു അനുഗ്രഹമായി മാറുന്ന ഈ പദ്ധതി, കുടുംബങ്ങൾക്കും മറ്റുള്ളവർക്കും എല്ലാം പ്രയോജന പ്രദമാണെന്ന് മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി തുറിച്ചു നോക്കുന്ന ഈ സാഹചര്യത്തിൽ അല്പം പണം മിച്ചം പിടിക്കാനും സഹായിക്കും.
നിലവിൽ ലണ്ടന് പുറത്ത് 3 പൗണ്ടാണ് ഈടാക്കുന്നത്. അതായത്, ഇപ്പോൾ യാത്ര ചെയ്യുക വഴി നിങ്ങൾക്ക് ടിക്കറ്റ് നിരക്കിന്റെ മൂന്നിലൊന്ന് ലാഭിക്കാൻ കഴിയും. ചില വിദൂര പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ സിംഗിൾ യാത്രയുടെ നിരക്ക് 5 പൗണ്ട് വരെ ഉണ്ട്. ഇത്തരം ഇടങ്ങളിൽ നിങ്ങൾക്ക് കൂടുതൽ പണം ലാഭിക്കാൻ കഴിയും.
മറുനാടന് മലയാളി ബ്യൂറോ