- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഹരി വിപണിയിൽ അദാനി നേരിടുന്നത് സമാനതകളില്ലാത്ത തിരിച്ചടി; വിപണി തുറന്നപ്പോൾ ഇടിഞ്ഞത് 17 ശതമാനം ഓഹരി വില; വിഴിഞ്ഞം തുറമുഖത്തെ പോലും പ്രതിസന്ധിയിലാക്കുന്ന ഇടിവ്; ഹിൻഡെൻബർഗിന്റെ വെളിപ്പെടുത്തലിനെ കൃത്യമായി പ്രതിരോധിക്കാൻ കഴിയാത്തത് തിരിച്ചടിയുടെ ആക്കം കൂട്ടി
മുംബൈ: ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി നേരിടുന്നതിനിടെ ഇന്ന് ഓഹരി വ്യാപാരത്തിന് നഷ്ടത്തോടെ തുടക്കം. തുടക്കത്തിൽ സെൻസെക്‌സ് 338 പോയന്റ് ഇടിഞ്ഞു. നിഫ്റ്റി 50 65 പോയന്റാണ് രേഖപ്പെടുത്തിയത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കന്പനികളുടെ ഓഹരി വിലയും കുത്തനെ താഴേക്ക് പതിച്ചു. 17 ശതമാനമാണ് അദാനി ഓഹരികളിൽ വന്ന ഇടിവ്. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും വൻ നഷ്ടത്തിലാണ്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിപണി ഇന്ന് വ്യാപാരം പുനരാരംഭിച്ചത്.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്ത എല്ലാ കമ്ബനികളുടെയും ഓഹരി മൂല്യം ഇടിഞ്ഞിരുന്നു. അദാനി ഗ്രൂപ്പിന്റെ തുടർ ഓഹരി സമാഹരണം ഇന്ന് മുതൽ തുടങ്ങുകയാണ്. ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി നേരിടുന്നതിനിടെയാണ് ഈ ഓഹരി സമാഹരണം. രാജ്യത്തെ ഏറ്റവും വലിയ തുടർ ഓഹരി സമാഹരണമാണിത്. കടം തിരിച്ചടവിനും മറ്റു ചെലവ്ക്കുമായി ഇരുപതിനായിരം കോടി രൂപയാണ് ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ ചൊവ്വാഴ്ച വരെയാണ് നിക്ഷേപകർക്ക് അപേക്ഷിക്കാനുള്ള സമയം.
അതിനിടെ തങ്ങളുടെ കമ്പനികളുടെ ഓഹരികൾക്ക് ഒറ്റ ദിവസം 85,000 കോടി രൂപയുടെ മൂല്യം നഷ്ടപ്പെടാൻ കാരണമായ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച റിപ്പോർട്ട് പുറത്തുവിട്ട ഹിൻഡെൻബർഗ് റിസർച്ചിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. കമ്ബനിയുടെ കടസ്ഥിതിയും ഭരണ പ്രശ്‌നങ്ങളും വിളിച്ചറിയിക്കുന്ന റിപ്പോർട്ട് അമേരിക്കൻ നിക്ഷേപക ഗവേഷണ ഏജൻസിയായ ഹിൻഡെൻബർഗ് റിസർച്ച് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇതിനെ കൃത്യമായി പ്രതിരോധിക്കാൻ അദാനിക്ക് കഴിഞ്ഞതുമില്ല. കേസ് കൊടുക്കുമെന്ന് പറയാൻ മാത്രമാണ് കഴിഞ്ഞത്.
അതുകൊണ്ടാണ് ഹിൻഡെൻബർഗിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് അദാനി ഓഹരികൾ രണ്ടാം ദിവസവും സമ്മർദത്തിലാകുന്നത്. അദാനി ഓഹരികളുടെ ഉയർന്ന മൂല്യം ആശങ്കാജനകമാണ്. അതുകൊണ്ടുതന്നെ ഇനിയും ഇടിവ് പ്രതീക്ഷിക്കാം. അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, എസ്‌ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനം, സ്വകാര്യ ബാങ്ക് സൂചികകളാണ് പ്രധാനമായും നഷ്ടത്തിൽ. ഓട്ടോ സൂചികയിൽ രണ്ടുശതമാനത്തോളം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ഫാർമ, റിയാൽറ്റി, മീഡിയ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ