- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഹരി നിക്ഷേപകർക്ക് നഷ്ടമായത് 10.73 ലക്ഷം കോടി; ഉടമയുടെ ആസ്തിയും തകർന്നടിയുന്നു; ആരോപണങ്ങളിൽ സെബിയും അന്വേഷണത്തിന് തയ്യാറായേക്കും; ഇന്ത്യയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിടുമോ അദാനിക്കെതിരായ ആരോപണങ്ങൾ; വിഴിഞ്ഞവും വിമാനത്താവളവും വരെ പ്രതിസന്ധിയിലാകാൻ സാധ്യത; ഹിൻഡൻബർഗിൽ ചർച്ച തുടരുമ്പോൾ
ന്യൂഡൽഹി: ഇന്ത്യയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിടുമോ അദാനിക്കെതിരായ ആരോപണങ്ങൾ. യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ ഓഹരിവിപണിയെ പിടിച്ചുലയ്ക്കുകയാണ്. കഴിഞ്ഞ 2 വ്യാപാരദിനങ്ങളിലായി രാജ്യത്തെ ഓഹരിനിക്ഷേപകർക്ക് 10.73 ലക്ഷം കോടി രൂപ നഷ്ടമായി. ഇന്ത്യൻ ഓഹരി വിപണിക്ക് രാജ്യാന്തര തലത്തിൽ വലിയ താൽപ്പര്യമാണുള്ളത്. ഈ താൽപ്പര്യമാണ് തകരുന്നത്. ഇത് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിയെ തന്നെ പിടിച്ചുലയ്ക്കും. ചൈനയിൽ മാന്ദ്യം സഭവിക്കുമ്പോഴാണ് ഇന്ത്യയയേും സ്തംഭനാവസ്ഥയിൽ ആക്കാൻ പോകുന്ന സാമ്പത്തിക വിവാദം ഉണ്ടാകുന്നത്.
ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) സൂചികയായ സെൻസെക്‌സ് ബുധനാഴ്ചയും ഇന്നലെയുമായി 1647 പോയിന്റ് ഇടിഞ്ഞ് 59,330.90 പോയിന്റിലെത്തി. ഇന്നലെ മാത്രം 874 പോയിന്റ് ഇടിവ്. വ്യാപാരത്തിനിടെ 1000 പോയിന്റിലേറെ നഷ്ടമുണ്ടായെങ്കിലും പിന്നീടു നില മെച്ചപ്പെടുത്തി. നാഷനൽ സ്റ്റോക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) സൂചിക നിഫ്റ്റി 3 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയായ 17,604.35 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച് കാട്ടുന്ന കരുത്താണ് ഇന്ത്യയ്ക്ക് ആശ്വാസം. എങ്കിലും അദാനിയുടെ തിരിച്ചു വരവ് അത്യന്താപേക്ഷിതമാണ്. അതിന് കാരണം അദാനി എടുത്തിട്ടുള്ള ലോണുകളാണ്. എസ് ബി ഐയും എൽ ഐ സിയും അടക്കമുള്ള പൊതു മേഖലാ ധനകാര്യ സ്ഥാപനങ്ങൾ ശത കോടികളാണ് വായ്പ നൽകിയിട്ടുള്ളത്. അദാനിയുടെ മൂല്യം ഇടിഞ്ഞാൽ വായ്പ തിരിച്ചടിവ് പ്രതിസന്ധിയിലാകും. അത് എസ് ബി ഐയെ പോലും തളർത്തും. ഇത് രാജ്യത്തിന് താങ്ങാനാവുന്നതല്ല.
അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ ഇന്നലെ ആരംഭിച്ച അനുബന്ധ ഓഹരി ഇഷ്യുവിനെയും (എഫ്പിഒ) വിവാദം ബാധിച്ചു. ആദ്യദിവസം 1% അപേക്ഷകളാണു ലഭിച്ചത്. ഈമാസം 31 വരെയുള്ള എഫ്പിഒയിലൂടെ വിപണിയിൽനിന്ന് 20,000 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം. ഇത് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ പോലും പ്രതിസന്ധിയിലാക്കും. ഓഹരി വിപണിയിൽ അദാനി തകർന്നടിഞ്ഞാൽ അത് ഇന്ത്യൻ സാമ്പത്തിക നിലയെ പോലും തകർക്കും. അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങളിലെ അദാനിയുടെ വിപണിയിലെ പ്രകടനം നിർണ്ണായകമാണ്.
അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തിൽ 2 ദിവസത്തിനിടയിലെ നഷ്ടം 4.17 ലക്ഷം കോടി രൂപയുടേതാണ്. ഇന്നലെ മാത്രം അദാനി ടോട്ടൽ ഗ്യാസിന്റെയും അദാനി ഗ്രീൻ എനർജിയുടെയും ഓഹരിവില 20% വീതവും അദാനി ട്രാൻസ്മിഷന്റേത് 19.99 ശതമാനവും ഇടിഞ്ഞു. അദാനി എന്റർപ്രൈസസിന്റെ ഇടിവ് 18.52%. അദാനി പവർ, അദാനി വിൽമർ എന്നിവയുടെ ഓഹരി വിലകൾ കൂടുതൽ ഇടിവു തടയുന്ന 5% 'ലോവർ സർക്കീറ്റി'ലെത്തി. അദാനിയുടെ ആസ്തിയും കുറയുന്നു. ഇതെല്ലാം വായപ് തിരിച്ചടവിനെ ബാധിക്കും. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തേയും തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനേയും പോലും പ്രതിസന്ധിയിലാക്കും. ഇത് രണ്ടും അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് നടക്കുന്നത്.
ഫോബ്‌സ് പട്ടികയിൽ ലോകത്തെ സമ്പന്നരിൽ മൂന്നാം സ്ഥാനത്തായിരുന്ന അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ആസ്തിമൂല്യം 9660 കോടി ഡോളറായി (ഏകദേശം 7.87 ലക്ഷം കോടി രൂപ) കുറഞ്ഞു. എൽഐസിക്ക് അദാനി ഗ്രൂപ്പിലുള്ള നിക്ഷേപത്തിന്റെ മൂല്യം 81,268 കോടി രൂപയിൽനിന്ന് 62,621 കോടിയായി. ബാങ്കിങ് ഓഹരികളും ഇടിയുന്നത് അദാനി ഗ്രൂപ്പിന്റെ കടബാധ്യതകളെക്കുറിച്ച് ഹിൻഡൻബർഗ് റിപ്പോർട്ടിലുള്ള പരാമർശം കാരണമാണെന്നു കരുതുന്നു. കേന്ദ്ര ബജറ്റിനു മുന്നോടിയായി വിദേശനിക്ഷേപകർ പുലർത്തുന്ന ജാഗ്രതയും വിപണിയെ ബാധിച്ചിരിക്കാമെന്നു വിലയിരുത്തലുണ്ട്. ഇന്ത്യൻ വിപണികൾക്ക് തിരിച്ചു വരാൻ എത്ര കാലമെടുക്കുമെന്നതും നിർണ്ണായകമാണ്.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിന്റെ പല ഇടപാടുകളെക്കുറിച്ചും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണം ആരംഭിച്ചേക്കുമെന്നു സൂചനയുണ്ട്. അദാനി കമ്പനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ച തുകയിലാണ് ഓഹരിവ്യാപാരമെന്നാണ് ഹിൻഡൻബർഗിന്റെ ആരോപണം. 12,000 കോടി ഡോളർ വിപണിമൂല്യമുള്ള ഗ്രൂപ്പ് 10,000 കോടിയിലേറെ നേടിയത് ഇത്തരത്തിലാണെന്നും 2 വർഷത്തെ അന്വേഷണത്തിലൂടെ തയാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ടിനു പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹിൻഡൻബർഗിനെതിരെ ഇന്ത്യൻ, യുഎസ് നിയമങ്ങൾ പ്രകാരമുള്ള നപടികൾ പരിഗണിക്കുകയാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. റിപ്പോർട്ട് ദുരുദ്ദേശ്യപരവും വസ്തുതാവിരുദ്ധവുമാണെന്നും ആവർത്തിച്ചു. സ്വന്തം റിപ്പോർട്ടിൽ ഉറച്ചുനിൽക്കുകയാണെന്ന് ഹിൻഡൻബർഗ് പ്രതികരിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ