ന്യൂഡൽഹി : കേന്ദ്ര ബജറ്റ് ഇന്നു രാവിലെ 11നു ലോക്‌സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റായിരിക്കും ഇത്. അതുകൊണ്ട് തന്നെ ജനകീയ ബജറ്റാണ് ഏവരും പ്രതീക്ഷിക്കുന്നത്. നികുതിയിൽ അടക്കം ഇളവുകൾ ഏവരും പ്രതീക്ഷിക്കുന്നുണ്ട്. ഇത്തവണയും 'പേപ്പർലെസ്' ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്; അച്ചടിച്ച കോപ്പി ഉണ്ടാകില്ല. പാർലമെന്റ് അംഗങ്ങൾക്ക് ആപ്പിൽ ബജറ്റ് ലഭ്യമാക്കും.

ആഗോള സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ ഇന്ത്യയുടെ ബജറ്റ് ഉറ്റുനോക്കുകയാണെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോടു പറഞ്ഞു. ബജറ്റ് സാധാരണക്കാരന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും സഫലമാക്കുമെന്ന സൂചനയും അദ്ദേഹം നൽകി. ഇതും ജനകീയ ബജറ്റിന്റെ സൂചനയാണെന്ന് വിലയിരുത്തുന്നു. തുടർച്ചയായ അഞ്ചാംവട്ടമാണു നിർമല ബജറ്റ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തേതിനു സമാനമായി കടലാസ് രഹിതരൂപത്തിലായിരിക്കും ഇത്തവണയും ബജറ്റ് അവതരണം. തെരഞ്ഞെടുപ്പു വർഷമായതിനാൽ അടുത്തവർഷം ഇടക്കാലബജറ്റാകും അവതരിപ്പിക്കുന്നത്.

ജനപ്രിയ പദ്ധതികൾ പ്രതീക്ഷിക്കുന്ന ബജറ്റിൽ വരുമാനം വർധിപ്പിക്കാനുള്ള വഴി കണ്ടെത്തുകയാകും ധനമന്ത്രിയുടെ വെല്ലുവിളി. വൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത കാണുന്നില്ലെങ്കിലും കുറേയൊക്കെ ജനപ്രിയമായ പദ്ധതികൾ അവതരിപ്പിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദമുണ്ട്. എന്നാൽ ഇതിനൊക്കെയുള്ള വരുമാനം കണ്ടെത്താലാകും പ്രയാസം. ആദായ നികുതിയിൽ ഇളവ് വേണമെന്ന മുറവിളി മധ്യവർഗത്തിൽ നിന്നടക്കം വരുന്നത് സർക്കാരിന് കണ്ടില്ലെന്ന് നടക്കാനാകില്ല. അതിനാൽ നികുതി വർധനവ് ഒഴികെയുള്ള മറ്റ് മാർഗങ്ങളിലാണ് സർക്കാർ ശ്രദ്ധയൂന്നുന്നത്.

സ്വകാര്യവത്കരണത്തിലൂടെ വരുമാനം വർധിപ്പിക്കാനുള്ള കൂടുതൽ ശ്രമം ഇത്തവണയും ഉണ്ടാകും. പൊതുമേഖല കന്പനികൾ വിറ്റ് 65,000 കോടി നേടാനുള്ള ശ്രമിച്ചിരുന്നുവെങ്കിലും ഇത് വരെ അതിന്റെ പകുതിയെ സാധ്യമായിട്ടുള്ളു. എങ്കിലും അടുത്തവർഷം 75,000-80,000 കോടിയെങ്കിലും സമാഹരിക്കാൻ സർക്കാർ ശ്രമിച്ചേക്കും. നികുതി വരുമാനം അടുത്ത വർഷം കുറയാനുള്ള സാധ്യതയുണ്ടെന്നതും കണക്കിലെടുത്തും പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നതിൽ സർക്കാർ കൂടുതൽ നടപടി സ്വീകരിച്ചേക്കും.

12 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നതിലൂടെ 8000 കോടിയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. വ്യോമയാനമേഖലയിലുള്ള പൊതുആസ്തികൾ വിറ്റഴിച്ച് 20,000 കോടിയും കണ്ടെത്താനുള്ള നീക്കവും ഉണ്ടായേക്കും. ഡ്രോൺ വ്യവസായ നയം പോലുള്ളവ വഴി 250 കോടിയെങ്കിലും ചെറുകിട പദ്ധതിയിലൂടെ സമാഹരിക്കാൻ ശ്രമിച്ചേക്കും. യുപിഐ ഇടപാടുകൾക്ക് ട്രാൻസാക്ഷൻ ഫീസ് ഏർപ്പെടുത്തുന്നത് ചർച്ചയിലുണ്ടെങ്കിലും ഇത്തവണ സാധ്യതയില്ലെന്നാണ് ചില സാന്പത്തിക വിദ്ഗ്ധർ അഭിപ്രായപ്പെടുന്നത്.

രാജ്യം നടപ്പ് സാമ്പത്തിക വർഷം ഏഴ് ശതമാനം വളർച്ച നേടുമെന്നാണ് സാമ്പത്തിക സർവെ. 2023-24 സാമ്പത്തിക വർഷത്തിൽ ജിഡിപി 6-6.8 ശതമാനമായിരിക്കുമെന്നും സർവെയിൽ പറയുന്നു. ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവെ പാർലമെന്റിൽ വെച്ചു. 2021-22 വർഷത്തിൽ 8.7 ശതമാനമായിരുന്നു വളർച്ച. ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരും. ആഗോള സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങൾ ആശ്രയിച്ച് അടുത്ത സാമ്പത്തിക വർഷം യഥാർഥ ജിഡിപി 6-6.8ശതമാനത്തിലൊതുങ്ങുമെന്നാണ് സർവെയിലെ വിലയിരുത്തൽ.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഹ്രസ്വ-ദീർഘകാല മുന്നേറ്റത്തിൽ ശുഭാപ്തിവിശ്വാസം പ്രകടമാക്കുന്നതാണ് സർവെ. ഉപഭോഗത്തിലെ വർധന, മൂലധന ചെലവിലെ മുന്നേറ്റം എന്നിവ എടുത്തുപറയുന്നുണ്ട്. പ്രതിരോധ കുത്തിവെയ്പ് വ്യാപകമായി നടത്താനായത് രാജ്യത്തിന് നേട്ടമായി. ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ, സിനിമാ തിയേറ്ററുകൾ എന്നിവിടങ്ങളിൽ ജനം തിരിച്ചെത്തിയത് സമ്പദ്ഘടനയെ ഉത്തേജിപ്പിച്ചു. ഇതെല്ലാം കേന്ദ്ര ബജറ്റിന് കരുത്താകുമെന്നാണ് പ്രതീക്ഷ.