- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം റിപ്പോർട്ട് ചെയ്ത് സൗദി കമ്പനി; എണ്ണ കമ്പനിയായ ആരാംകോ കഴിഞ്ഞ വർഷം നേടിയത് 132 ലക്ഷം കോടി രൂപ ലാഭം; യുക്രെയിൻ- റഷ്യ യുദ്ധം ലോകത്തെ കരയിച്ചപ്പോൾ സൗദി ലാഭം കൊയ്തത് ഇങ്ങനെ
ഉർവശീ ശാപം ചിലർക്കെങ്കിലും ഉപകാരമാകുന്നത് ഇങ്ങനെയാണ്. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യൻ - യുക്രെയിൻ യുദ്ധം ലോകത്തെ കണ്ണീരിലാഴ്‌ത്തിയപ്പോൾ അതുമൂലമുണ്ടായ എണ്ണവില വർദ്ധനവ് സൗദി എണ്ണക്കമ്പനിയായ ആരാംകോയ്ക്ക് അനുഗ്രഹമാവുകയായിരുന്നു. ചരിത്രത്തിൽ തന്നെ പബ്ലിക്ക് ആയി ലിസ്റ്റ് ചെയ്യപ്പെട്ട ഒരു കമ്പനി നേടിയതിൽ ഏറ്റവും വലിയ ലാഭമാണ് കഴിഞ്ഞ വർഷം ആരാംകോ നേടിയത്, 132 ലക്ഷം കോടി രൂപ.
യുദ്ധത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കെതിരെ പ്രഖ്യാപിച്ച ഉപരോധം റഷ്യയുടെ എണ്ണവ്യാപാരത്തെയും പ്രതികൂലമായി ബാധിച്ചു. റഷ്യയിൽ നിന്നും എണ്ണയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്നതിന് പരിധി നിശ്ചയിക്കപ്പെട്ടപ്പോൾ പാശ്ചാത്യ രാജ്യങ്ങൾക്ക് ഏതാണ്ട് പൂർണ്ണമായി തന്നെ സൗദി അറേബ്യയെ ആശ്രയിക്കേണ്ടതായി വന്നു. ഇതാണ് ആരാംകോയ്ക്ക് അനുഗ്രഹമായത്.
ലോകമാകമാനം തന്നെ ജീവിത ചെലവുകൾ വർദ്ധിക്കാൻ ഇടയാക്കിയത് കഴിഞ്ഞവർഷം കുതിച്ചുയർന്ന എണ്ണവിലയായിരുന്നു. ചരക്ക് ഗതാഗതത്തിനും ഊർജ്ജോപയോഗത്തിനും ചെലവേറിയപ്പോൾ, ഉപഭോക്താക്കൾക്ക് ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാത്തിനും അമിത വില നൽകേണ്ടതായി വന്നു. അതിനൊപ്പം ലോകവ്യാപകമായി തന്നെ വന്നെത്തിയ പണപ്പെരുപ്പം സാഹചര്യങ്ങൾ കൂടുതൽ ദുഷ്‌കരമാക്കി.
അതേസമയം, എണ്ണവില വർദ്ധിച്ചത് അമേരിക്കയും സൗദി ഭരണകൂടവുമായുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്. ആരാംകോയിൽ 95 ശതമാനം ഓഹരി കൈയാളുന്നത് സൗദി ഭരണകൂടമാണ്. എണ്ണ നയവുമായി സൗദി നടത്തിയ ചില ഇടപെടലുകൾക്ക് പ്രത്യാഘാതം ഉണ്ടായേക്കുമെന്ന് കഴിഞ്ഞ ദിവസം ജോ ബൈഡൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. കഴിഞ്ഞ വർഷം ആരാംകോയുടെ ലാഭത്തിൽ 46.5 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം ബ്രിട്ടന്റെ ഷെൽ കമ്പനി 3.19 ലക്ഷം കോടി രൂപ ലാഭം നേടിയപ്പോൾ ബി പി നേടിയത് 2.27 ലക്ഷം കോടിയുടെ ലാഭമായിരുന്നു. അമേരിക്കയിലെ എക്സോൺ മോബിൽ 4.50 ലക്ഷം കോടി രൂപയുടെ ലാഭം നേടി. 2018-ൽ ആരാംകോ നേടിയ 98 ലക്ഷം കോടിയുടെ ലാഭമായിരുന്നു അതുവരെ ലോകത്ത് ഏതെങ്കിലും ഒരു പബ്ലിക് ലിസ്റ്റഡ് കമ്പനി ഉണ്ടാക്കിയ ഏറ്റവും ഉയർന്ന ലാഭം. ആ റെക്കാർഡാണ് ഇപ്പോൾ അവർ തന്നെ തകർത്തിരിക്കുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ