കൊച്ചി: ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണ വില കുറഞ്ഞിട്ടും രാജ്യത്ത് അതിന്റെ പ്രതിഫലനമില്ല. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിവ ബാരലിന് 73 ഡോളർ വരെയായി താഴ്ന്നു. എന്നിട്ടും രാജ്യത്ത് ഡോളറിന് 110 രൂപയായതിന് സമാനമായ വിലയാണുള്ളത്. പ്രാദേശിക വിപണിയിൽ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ലാത്തത് വിവാദമാകുന്നുണ്ട്. ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ ക്രൂഡ് വില.

ആഗോള എണ്ണവില ഇടിഞ്ഞാൽ അത് പ്രാദേശിക ഇന്ധനവിലയിൽ പ്രതിഫലിക്കേണ്ടതാണ്. ഇതിനാണ് വില നിർണ്ണയ അധികാരം എണ്ണ കമ്പനികൾക്ക് നൽകിയത്. എന്നാൽ ആഗോള വില ഉയരുമ്പോൾ ഉയർത്തുന്നവർ കുറയുമ്പോൾ മിണ്ടാതിരിക്കും. ഇന്ത്യയിലേക്ക് റഷ്യയിൽ നിന്നും എണ്ണ വരുന്നുണ്ട്. വളരെ വില കുറച്ചാണ് നൽകുന്നത്. മുപ്പ്ത് ശതമാനത്തോളം കുറവുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് റഷ്യയിൽ നിന്നും 50 ഡോളറിന് അടുത്താണ് എണ്ണ കിട്ടുന്നത്. അതുകൊണ്ട് തന്നെ പ്രാദേശിക വിലയിൽ വലിയ മാറ്റമുണ്ടാകേണ്ടതാണ്.

നേട്ടം ലഭിക്കണമെന്നില്ലെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. നിലവിലെ വിലയിടിവിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വില കുറയ്ക്കാനുള്ള സാധ്യത കുറവാണ്. മാത്രമല്ല, അസംസ്‌കൃത എണ്ണവില ഇതേ നിലയിൽ തുടർന്നാലും ചില്ലറ വിൽപ്പന വിലയിൽ ആനുപാതികമായ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് മുൻകാലങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, കേരളത്തിൽ അടുത്ത മാസം മുതൽ ഇന്ധനവില വർധിക്കും. സംസ്ഥാന ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച അധിക സെസ് വരുന്നതോടെ പെട്രോൾ, ഡീസൽ വില ലിറ്ററിന് രണ്ട് രൂപയാണ് കൂടുക. റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കഴിഞ്ഞ വർഷം മാർച്ചിൽ ബാരലിന് 139 ഡോളർ എത്തിയിരുന്നു. ഈ ഘട്ടത്തിലാണ് എണ്ണവില രാജ്യത്ത് ലിറ്ററിന് നൂറു രൂപയും കടന്നു പോയത്. പെട്രോൾ-ഡീസൽ വിലയിൽ പകുതിയിൽ അധികവും നികുതിയാണ്.

ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിട്ടും നഷ്ടം നികത്താനെന്ന പേരിൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറായിട്ടില്ല. വിപണിയിൽ അസ്ഥിരത തുടരുകയാണെന്നും വില കുറയ്ക്കുന്നത് ലാഭക്ഷമതയെ ബാധിക്കുമെന്നുമായിരുന്നു കമ്പനികളുടെ വാദം. ഇതിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ 2022 മേയിൽ കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചു.

ഇത് ഇന്ധന വിലയിൽ ജനത്തിന് പകുതി ആശ്വാസമായി. കഴിഞ്ഞ ഒൻപത് മാസത്തോളമായി രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുകയാണ്. ഇതിന് കാരണം ആഗോള വില ഇടിയുന്നതുകൊണ്ടു മാത്രമാണ്. അതുകൊണ്ട് തന്നെ വലിയ ലാഭമാണ് എണ്ണ കമ്പനികൾക്ക് ഉണ്ടാകുന്നതും. ഇന്ത്യക്ക് ആവശ്യമുള്ള 85 ശതമാനം എണ്ണയും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ ആഗോള വിപണിയിലെ വിലയിലുണ്ടാകുന്ന മാറ്റം വേഗത്തിൽ ഇന്ത്യയിലും പ്രകടമാകേണ്ടതാണ്.

എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നികുതിയാണ് വില ഉയർത്തുന്നത്. കോവിഡ് കാലത്തു മാത്രം കേന്ദ്രസർക്കാർ നികുതികൾ വർധിപ്പിച്ചത് പെട്രോളിന് 68 ശതമാനവും ഡീസലിന് 100 ശതമാനത്തിലേറെയുമാണ്. ഇന്ത്യ വൻതോതിൽ എണ്ണ വാങ്ങുന്നത് ഇറാഖ്, സൗദി, റഷ്യ എന്നീ രാജ്യങ്ങളിൽനിന്നാണ്. യുദ്ധസാഹചര്യത്തിൽ റഷ്യ വിലകുറച്ച് എണ്ണ നൽകുന്നതിനാൽ ഇന്ത്യ വലിയ തോതിൽ അവിടെനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.