ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ ജഗ്വാർ ലാൻഡ് റോവർ, 1948-ൽ സ്ഥാപിതമായതു മുതൽ ഒപ്പമുള്ള ലാൻഡ് റോവർ എന്ന ഐതിഹാസിക നാമം ഉപേക്ഷിക്കാൻ തീരുമാനിച്ചു. പുതിയ വാഹനങ്ങൾ എല്ലാം തന്നെ സ്റ്റാൻഡ് എലോൺ നെയിംപ്ലേറ്റുകളുമായിട്ടാകും വിപണിയിൽ ഇറക്കുക. അതായത് റേഞ്ച് റോവർ, ഡിഫെൻഡർ, ഡിസ്‌കവറി തുടങ്ങിയവയ്ക്ക് 75 വർഷത്തെ പാരമ്പര്യമുള്ള ലാൻഡ് റോവർ എന്ന ബ്രാൻഡിങ് നഷ്ടമാകും എന്ന് ചുരുക്കം. ഇന്ത്യൻ അഭിമാനമായ ടാറ്റ് എറ്റെടുത്ത് ലാഭത്തിലാക്കിയ കാർ കമ്പനിയാണ് ഇത്.

ഇനി മുതൽ ലാൻഡ് റോവർ എന്ന പേര് എല്ലാത്തിനും ഉപരിയായി വിശ്വാസ്യതയുടെ പര്യായമായി തുടരും. പ്രശസ്തമായ പച്ച അണ്ഡാകൃതിയിലുള്ള ബാഡ്ജ് ഗ്രില്ലിൽ ഉണ്ടാകുമെങ്കിലും, റീടെയിൽ ഡീലർമാരുടെ മുൻപിൽ പേര് പ്രാധാന്യമർഹിക്കുന്ന രീതിയിൽ പ്രദർശിപ്പിക്കില്ല. അതിനു പകരമായി ഒരു കറുത്ത ദീർഘചതുരാകൃതിയിലുള്ള ആർച്ചിൽ, ഓരോ മോഡലിന്റെയും പേരായിരിക്കും സൂചിപ്പിക്കുക.

ഇനി മുതൽ കമ്പനി അറിയപ്പെടുക ജെ എൽ ആർ എന്ന പേരിലായിരിക്കും എന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഇതായിരിക്കും ഇനി മുതൽ കമ്പനിയുടെ കോർപ്പറേറ്റ് ഐഡന്റിറ്റി. പരമ്പരാഗതമായ പച്ച ലാൻഡ് റൊവർ ബാഡ്ജ് ഉപേക്ഷിക്കുകയില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്., എന്നാൽ, അതിന് ഇനി മുതൽ പ്രാധാന്യം നൽകി പ്രദർശിപ്പിക്കുകയില്ല എന്ന് മാത്രം. വിശ്വാസ്യതയുടെ ചിഹ്നം എന്ന നിലയിൽ അതിനെ ഉപയോഗിക്കും.

തങ്ങളുടെ സാങ്കേതിക വിദ്യയുടെയും പ്രവർത്തന മികവിന്റെയും ആധികാരികതയുടെ തെളിവായി ലാൻഡ് റോവർ എന്ന പേര് ഇനിയും കൂടെയുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി. പുനഃസംഘടനയുടെ ഭാഗമായി ജെ എൽ ആർ അടുത്ത അഞ്ചു വർഷത്തിൽ 15 ബില്യൺ പൗണ്ടിന്റെ നിക്ഷേപം നടത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ടെക്നോളജി എന്നിവയുടെ വികാസത്തിനായിരിക്കും ഊന്നൽ നൽകുക. 2025 ഓടെ ജഗ്വാർ ഒരു ഓൾ ഇലക്ട്രിക് പ്രീമിയം കാർ എന്ന രീതിയിൽ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അതിന്റെ ഭാഗമായി മേഴ്സിസൈഡിലെ പ്ലാന്റ് ഇലക്ട്രിക് വാഹനങ്ങളുടെ മാത്രം നിർമ്മാണത്തിനായി മാറ്റിവയ്ക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

അതുപോലെ നിലവിൽ പെട്രോൾ, ഡീസൽ എഞ്ചിനുകൾ നിർമ്മിക്കുന്ന വോൾവർഹാംപ്റ്റൺ എഞ്ചിൻ മാനുഫാക്ച്ചറിങ് സെന്റർ ഇനിമുതൽ ഇലക്ട്രിക് പ്രൊപ്പല്ഷൻ മാനുഫാക്ച്ചറിങ് സെന്റർ എന്നറിയപ്പെടും. പുതിയ ഇടത്തരം എസ് യു വികൾ പൂർണ്ണമായും ഇലക്ട്രിസിറ്റി ഉപയോഗിച്ച് ഓടുന്നവയായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.