തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തികനയങ്ങൾക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം. ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതിനൽകി. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച ഫയലിൽ ഒപ്പിട്ടത്. മുതിർന്ന അഭിഭാഷകൻ കബിൽ സിബലിനെ ചുമതലപ്പെടുത്താനാണ് ആലോചന.

കേന്ദ്രം സംസ്ഥാനത്തിന്റെ വായ്പപ്പരിധി വെട്ടിക്കുറച്ചതും കടം സംബന്ധിച്ച നിർവചനങ്ങളിൽ മാറ്റംവരുത്തി മറ്റ് ഏജൻസികൾ എടുക്കുന്ന വായ്പയും ട്രഷറി നിക്ഷേപങ്ങളും സർക്കാരിന്റെ കടമയായി കണക്കാക്കുന്നതുമാണ് കേരളത്തിന്റെ പ്രതിസന്ധിക്ക് കാരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. ഈ സാഹചര്യത്തിലാണ് നീക്കം. കേന്ദ്രത്തിൽ നിന്നും അടിയന്തര സഹായവും കിട്ടണം. അല്ലെങ്കിൽ ഓണം പ്രതിസന്ധിയിലാകും. ഡൽഹിയിലെ കേരള സർക്കാർ പ്രതിനിധി കെ വി തോമസ് ഇത് ഏകോപിപ്പിക്കും.

സർക്കാരിന്റെ സാമ്പത്തികപ്രയാസം ക്ഷേമപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. സർക്കാരിന് ഏറെ പ്രശംസ നേടിക്കൊടുത്ത സാമൂഹിക ഇടപെടലുകൾക്ക് പ്രയാസം നേരിടുംവിധമാണ് വിവിധമേഖലകളിലെ കടക്കെണി. ഭക്ഷ്യം, കൃഷി, ആരോഗ്യം, സാമൂഹികസുരക്ഷ, വിദ്യാഭ്യാസം എന്നിവയ്‌ക്കൊപ്പം സർക്കാർജീവനക്കാരുടെ ആനുകൂല്യങ്ങളും നൽകാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് കേരളം കടക്കുന്നത്. ഓണച്ചെലവ് നേരിടാൻ 8000 കോടി വേണമെന്നാണ് വിലയിരുത്തൽ.

അതിഗുരുതര ധനപ്രതിസന്ധിയിലേക്കു സർക്കാർ നീങ്ങിയതിനാൽ കെഎസ്ആർടിസിക്കോ മറ്റു സ്ഥാപനങ്ങൾക്കോ തൽക്കാലം പണം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. സപ്ലൈകോയ്ക്കു മാത്രമാണ് ഈയാഴ്ച പണം നൽകാൻ ആലോചിക്കുന്നത്. ഇത് എത്രയാണെന്നു തീരുമാനിച്ചിട്ടില്ല. ഇന്നലെ റിസർവ് ബാങ്ക് വഴി കടപ്പത്രമിറക്കി 1,000 കോടി രൂപ കൂടി കടമെടുത്തതോടെ ഡിസംബർ വരെ കടമെടുക്കാൻ ബാക്കിയുള്ള തുക 2,890 കോടിയായി കുറഞ്ഞു. കടമെടുത്ത 1,000കോടിക്കു പുറമെ വീണ്ടും കടമെടുത്താലേ അടുത്ത മാസം ആദ്യം ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ സാധിക്കൂ.

സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ ഒരു ശതമാനം കൂടി കടമെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുവദിക്കാൻ ഇടയില്ല. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തിന്റെ ധനസ്ഥിതി മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കാനാണു സാധ്യത. അടുത്ത മന്ത്രിസഭാ യോഗത്തിലാകും ഓണച്ചെലവുകൾ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുക. ഈ സാഹചര്യത്തിലാണ് കേന്ദ്ര നയങ്ങൾ കേരളം സുപ്രീംകോടതിയിൽ ചോദ്യംചെയ്യുന്നത്. കേന്ദ്രത്തിന് ബാധകമാകാത്ത നയങ്ങൾ സംസ്ഥാനത്തെ അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് വാദം. കേരളത്തിന്റെ വായ്പപ്പരിധി കൂട്ടാൻ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയെ അറിയിച്ചിരുന്നു.

നിയമനടപടിയുടെ സാധ്യതയെപ്പറ്റി മുൻ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും നിയമോപദേശം സർക്കാർ തേടിയിരുന്നു. അനുകൂലമായ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അനുമതി നൽകിയത്. തുടർനടപടികൾക്ക് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിനെയും ധനവകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിനെയും ചുമതലപ്പെടുത്തി.

ഓണച്ചെലവിന് മുൻഗണന നൽകുന്നതിനാൽ സർക്കാർ ജീവനക്കാരുടെ മുടങ്ങിയ ഡി.എ. ഭാഗികമായിപ്പോലും അടുത്തെങ്ങും കിട്ടാനിടയില്ല. ഡി.എ.യുടെ അഞ്ചു ഗഡുക്കളാണ് കുടിശ്ശിക. ഓണക്കാലത്ത് ശമ്പളവും പെൻഷനും ഉൾപ്പെടെ എണ്ണായിരം കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ക്ഷേമപെൻഷന്റെ രണ്ടുഗഡുക്കളാണ് സാധാരണ ഉത്സവകാലങ്ങളിൽ നൽകുന്നത്. എന്നാൽ, ഇത്തവണ ഒരു മാസത്തെ പെൻഷനേ നൽകാനാവൂ എന്ന സ്ഥിതിയാണ്.

അതിനിടെ സർക്കാർ സ്ഥാപനങ്ങളും ആശുപത്രികളും അടക്കം ജിഎസ്ടി റിട്ടേൺ കൃത്യമായി സമർപ്പിക്കുന്നോ എന്നു പരിശോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സർക്കാർ സ്ഥാപനങ്ങൾ റിട്ടേൺ സമർപ്പിക്കുന്നത് കൃത്യമല്ലാത്തതിനാൽ വർഷം 10,000 കോടിയോളം രൂപ നികുതിയായി ലഭിക്കുന്നില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു നടപടി. ജിഎസ്ടി വകുപ്പിന്റെ ഇടപെടൽ കാരണം വി എസ്എസ്സി, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങൾ മുഖേന 300 കോടിയോളം രൂപ നികുതിയായി ലഭിച്ചെന്നു സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കി.

ഇതും നികുതിവെട്ടിപ്പുമടക്കം കഴിഞ്ഞ 3 മാസം കൊണ്ട് 1,000 കോടി രൂപയാണു സർക്കാരിനു ലഭിച്ചത്. ഈ സ്ഥാനത്ത് കഴിഞ്ഞ വർഷം ആകെ കിട്ടിയത് 40 കോടി രൂപ മാത്രമാണ്.