തിരുവനന്തപുരം: കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഓണാഘോഷത്തിന്റെ താളം തെറ്റിക്കുന്നതാകും പ്രതിസന്ധി. 8,000 കോടി രൂപയാണ് സർക്കാരിന് ഓണച്ചെലവുകൾക്കായി വേണ്ടത്. ഇതിൽ കടമെടുപ്പു വഴി സമാഹരിക്കാൻ ഉദ്ദേശിക്കുന്നത് 3,000 കോടി രൂപ മാത്രം. ബാക്കി തുകയിൽ അനിശ്ചിതത്വമാണ്. എങ്ങനെ കിട്ടുമെന്ന് അറിയില്ല. കഴിഞ്ഞ തവണ ജീവനക്കാർക്ക് ഓണത്തിന് നൽകിയ 20,000 രൂപ അഡ്വാൻസ് ഒഴിവാക്കണമെന്ന ശുപാർശയാണ് ധനവകുപ്പിനു മുന്നിലുള്ളത്. ഇക്കാര്യത്തിലും രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം വരും.

3000 കോടി ഈ മാസം 15ന് റിസർവ് ബാങ്ക് വഴി കടമെടുക്കാനാണ് ആലോചന. ബാക്കി തുക സർക്കാരിന്റെ നികുതി വരുമാനത്തിൽ നിന്നും നികുതി ഇതര വരുമാനത്തിൽ നിന്നും കണ്ടെത്താമെന്നാണു പ്രതീക്ഷയെങ്കിലും അതുകൊണ്ടു തികയില്ലെന്ന് ധനവകുപ്പു വൃത്തങ്ങൾ തന്നെ പറയുന്നു. കഴിഞ്ഞ വർഷത്തെപ്പോലെ എല്ലാ ആനുകൂല്യങ്ങളും നൽകാൻ കഴിയാത്ത സ്ഥിതി വരും. 2 മാസത്തെ ക്ഷേമ പെൻഷനും വിതരണം ചെയ്തു തുടങ്ങണം. അതിനു മാത്രം വേണം 1700 കോടി രൂപ.

സഹകരണ ബാങ്കിൽനിന്നും ബവ്‌റിജസ് കോർപറേഷനിൽ നിന്നും പണം സമാഹരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ, ഇവ കടമെടുപ്പു പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തുമെന്ന ആശങ്കയുണ്ട്. അങ്ങനെ വന്നാൽ അതുകൊണ്ട് ഗുണമില്ലാത്ത സാഹചര്യം വരും. കടമെടുപ്പ് പരിധി കുറയും. അങ്ങനെ വന്നാൽ ബാക്കി മാസങ്ങളിൽ പെടാപാടുപെടും. വായ്പാ പരിധി കൂട്ടണമെന്ന ആവശ്യത്തിൽ കേന്ദ്രം നിലപാടും എടുത്തിട്ടില്ല. ഇതെല്ലാം കേരളത്തെ വലയ്ക്കുന്നുണ്ട്. ഓണക്കച്ചവടം പൊടിപൊടിച്ചാൽ മാത്രമേ സർക്കാരിനും വരുമാനം കൂടുകയുള്ളൂ. അതിനായി ജനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി വിപണി സജീവമാക്കുകയാണ് സർക്കാർ ലക്ഷ്യം.

കഴിഞ്ഞ പിണറായി സർക്കാർ ഓണവേളകളിൽ 15000കോടി മുതൽ 20000കോടിയോളം രൂപവരെ ചെലവഴിച്ചിരുന്നു. ക്ഷേമപെൻഷനും ബോണസിനും ഉത്സവ അഡ്വാൻസിനും പുറമേ, വിപണി ഇടപെടലിനും വേണ്ടിയാണ് ഇത്രയും ചെലവഴിച്ചിരുന്നത്. കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ വായ്പ നിയന്ത്രിക്കുകയും ബഡ്ജറ്റിതര വായ്പകളും പൊതുവായ്പാ പരിധിയിൽ പെടുത്തുകയും ചെയ്തതോടെ സാമ്പത്തിക സ്ഥിതി ഞെരുക്കത്തിലായി. കേന്ദ്ര ഗ്രാന്റുകളും നികുതിവിഹിതവും വെട്ടിക്കുറയ്ക്കുകയും ജി.എസ്.ടി.നഷ്ടപരിഹാരം നിറുത്തുകയും ചെയ്തതോടെ പണം കണ്ടെത്താൻ വഴിയില്ലാത്ത സ്ഥിതിയിലായി. ജി.എസ്.ടി.വന്നതോടെ നികുതികൂട്ടിയും മറ്റും സ്വന്തമായി വരുമാനം വർദ്ധിപ്പിക്കാനുള്ള വഴിയും അടഞ്ഞിരുന്നു. ഈ വർഷം ഡിസംബർ വരെ 15390കോടിയുടെ വായ്പയെടുക്കാനാണ് അനുമതിയുള്ളത്. 14500കോടി ഇതിനകം എടുത്തുകഴിഞ്ഞു.

കേന്ദ്രത്തിനോട് ജി.ഡി.പിയുടെ ഒരുശതമാനം അധികം വായ്പയെടുക്കാൻ താൽക്കാലിക അനുമതിയോ, അടിയന്തിരമായി ഹസ്വകാല സാമ്പത്തിക പാക്കേജോ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.സംസ്ഥാനത്തുനിന്നുള്ള എംപിമാർ ധനമന്ത്രി നിർമ്മലാസീതാരാമന്റെ ഓഫീസിൽ നേരിട്ട് ബന്ധപ്പെട്ട് സമ്മർദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. വായ്പാപരിധിയിൽ ഒരു ശതമാനം വർധന വരുത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം മുമ്പോട്ട് പോയിരുന്നത്. ഒരു ശതമാനം വായ്പാപരിധി ഈ വർഷം താൽക്കാലികമായി വർധിപ്പിച്ചാൽ, അടുത്ത വർഷത്തെ കടമെടുപ്പു പരിധിയിൽ ഈ തുക കുറവു വരുത്താമെന്നാണു കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചിരിക്കുന്ന വ്യവസ്ഥ. അങ്ങനെ ഫലത്തിൽ കേരളത്തിന് കേന്ദ്രം അനുവദിച്ച തുകയിലും പരാതിയില്ലെന്ന് പറയുകയാണ് കേരളം. ഒരു ശതമാനം കൂടുതലായി അനുവദിച്ചാലും ഈ വർഷം പിടിച്ചു നിൽക്കുക അസാധ്യമാണ്. പക്ഷേ അതും കേന്ദ്രം അംഗീകരിക്കുന്നില്ല.

സാമ്പത്തികവർഷത്തിന്റെ ആദ്യനാലു മാസങ്ങളിൽ 16,000 കോടിയാണ് സർക്കാരിന് എടുക്കേണ്ടിവന്നത്. ജൂലായിൽ മാത്രം 7500 കോടിയുടെ കടപ്പത്രങ്ങൾ പുറപ്പെടുവിക്കേണ്ടിവന്നു. 15,000 കോടിയുടെ അധിക സഹായം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്കു ധനമന്ത്രി കെ.എൻ.ബാലഗോപാൽ കത്തു നൽകിയിരുന്നു. അതും വെറുതെയായി. ഇതിൽ അനുകൂല തീരുമാനമുണ്ടായാൽ പോലും പ്രതിസന്ധി മറികടക്കാൻ കഴിയില്ല. ശമ്പളത്തിന് 3400 കോടിയും പെൻഷന് 2100 കോടിയും ക്ഷേമ പെൻഷന് (2 മാസം) 1700 കോടിയും വേണം. ഇതിനൊപ്പം ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവയ്ക്ക് 600 കോടിയും വേണം. കെഎസ്ആർടിസിക്ക് 70 കോടി നൽകണം. അങ്ങനെ ആകെ 7870 കോടിയാണ് സർക്കാരിന് വേണ്ടത്.

കേന്ദ്ര സർക്കാർ കനിഞ്ഞാൽ പോലും ഈ തുക കണ്ടെത്തുക അസാധ്യമാണ്. ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കേരളം കടക്കണം. ഇതെല്ലാം മനസ്സിലാക്കിയാണ് അഡ്വാൻസ് നൽകൽ വേണ്ടെന്ന് വയ്ക്കുന്നത്. സംസ്ഥാനത്തിനകത്തുനിന്ന് ആവശ്യത്തിന് വരുമാനമുണ്ടായാലേ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകൂ. അല്ലാത്ത പക്ഷം കേന്ദ്രം കൂടുതൽ വായ്പ അനുവദിക്കണം.