നിയുള്ളത് ഇന്ത്യയുടെ കാലമാണെന്ന് ഇതിനു മുൻപ് തന്നെ പല സാമ്പത്തിക വിദഗ്ധരും സ്ഥാപനങ്ങളും പ്രവചിച്ചു കഴിഞ്ഞതാണ്. അതിനെ ഒന്നുകൂടി അരക്കിട്ടുറപ്പിച്ചുകൊണ്ട് 2027 ആകുമ്പോഴേക്കും ഇന്ത്യ 5 ട്രില്യൺ ഡോളർ ആസ്തിയുള്ള, വിപണി വിനിമയ നിരക്കിനെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ശക്തിയായി മാറുമെന്നും റിസർവ്വ് ബാങ്ക് ഡെപ്യുട്ടി ഗവർണർ മൈക്കൽ ഡി പാട്ര പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച നാഷണൽ ബാങ്ക് ഓഫ് കംബോഡിയ സംഘടിപ്പിച്ച പതിനാറാമത് സീസെൻ- ബി ഐ എസ് ഉന്നത തല സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് പതിറ്റാണ്ടുകൾക്കുള്ളിൽ, ആഗോള സമ്പദ്വ്യവസ്ഥയുടെ കേന്ദ്രം ഏഷ്യയിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. ഐ എം എഫിന്റെ ഏഷ്യാ പസഫിക് മേഖലയുടെ റീജിയണൽ എക്കണോമിക് ഔട്ട്ലുക്ക് സൂചിപ്പിക്കുന്നത് 2023- ലെ മൊത്തം ആഗോള വളർച്ചയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗം സംഭാവന ചെയ്തത് ഈ മേഖലയായിരുന്നു എന്നാണ്. അതുപോലെ 2023- ലും 2024 ലും ആഗോള ഉദ്പാദന വളർച്ചയുടെ ആറിൽ ഒന്ന് ഇന്ത്യയുടെ സംഭാവനയായിരിക്കുമെന്നും ഈ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

വിപണി വിനിമയ നിരക്കിന്റെ അടിസ്ഥാനത്തിൽ, നിലവിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്ത് സാമ്പത്തിക ശക്തിയും, വാങ്ങൽ ശേഷി സാമാന്തരികതയുടെ (പർച്ചേസ് പവർ പാരിറ്റി) അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. 2027 ഓളെ ഇന്ത്യൻ സമ്പദ്ഘടനയുടെ ആസ്തി മൂല്യം 5 ട്രില്യൺ ഡോളറിൽ എത്തുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

2018മുതൽ ഇന്ത്യൻ ജനസംഖ്യാ ഘടനയിൽ വന്ന മാറ്റങ്ങളാണ് ഈ നേട്ടത്തിനുള്ള ഒരു പ്രധാന കാരണമായി അദ്ദേഹം പറയുന്നത്. ഈ മാറ്റം 2040 കൾ വരെ തുടരാനാണ് സാധ്യത. ഇന്ന് ലോകത്ത് ഏറ്റവും അധികം ജനസംഖ്യയുള്ള ഇന്ത്യയുടെ ശരാശരി പ്രായം 28 വയസ്സ് മാത്രമാണ്. അതായത് യുവത്വം തുളുമ്പുന്ന ഇന്ത്യയാണ് ഇന്നുള്ളത്. നേട്ടങ്ങൾക്ക് മറ്റൊരു പ്രധാന കാരണം സാമ്പത്തിക മേഖലയുടെ വളർച്ച കൈവരിച്ച വേഗതയും ഉന്നത നിലവാരവുമാണ്.