- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൂഡ് ഓയിൽ വിലയിൽ ഒറ്റ ദിവസത്തിനിടെ ആറ് ശതമാനത്തിന്റെ വർദ്ധന; ഇറാനും ഹിസ്ബുള്ളയും പരസ്യമായി യുദ്ധത്തിന് ഇറങ്ങിയാൽ എണ്ണ പ്രതിസന്ധി കൂടും; പണപ്പെരുപ്പം കൂടാനുള്ള സാഹചര്യമൊരുക്കി പശ്ചിമേഷ്യൻ സംഘർഷം; പ്രതിസന്ധി തീരേണ്ടത് അടിയന്തര അനിവാര്യത
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള പ്രതിസന്ധി രൂക്ഷമാക്കുമെന്ന് മുന്നറിയിപ്പ്. ഇസ്രയേൽ-ഹമാസ് യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയിൽ പ്രകടമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീതാ ഗോപിനാഥ് രംഗത്തു വന്നു. മലയാളിയായ ഗീതാ ഗോപിനാഥ് എണ്ണവില ഉയർന്നാലുണ്ടാകുന്ന പ്രതിസന്ധികളേയും ചൂണ്ടിക്കാട്ടുന്നുണ്ട്.
സംഘർഷം മറ്റു മേഖലകളെ കൂടി ബാധിക്കുന്ന സാഹചര്യമുണ്ടായാൽ എണ്ണവില ഉയർന്നേക്കാം. അങ്ങനെ സംഭവിച്ചാൽ അത് പണപ്പെരുപ്പം രൂക്ഷമാക്കിയേക്കുമെന്നും ഇത് ആഗോള ജി.ഡി.പി.യെ ബാധിച്ചേക്കുമെന്നും ഗീതാ ഗോപിനാഥ് എൻ.ഡി.ടിവിക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഗീതാ ഗോപിനാഥ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് ഇത് വലിയ വെല്ലുവിളിയായി മാറുമെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ.
എണ്ണവിലയിൽ 10 ശതമാനം വർദ്ധനയുണ്ടായാൽ അത് ആഗോള ജി.ഡി.പി.യിൽ 0.15 ശതമാനത്തിന്റെ കുറവിനു കാരണമാകുകയും പണപ്പെരുപ്പം 0.4 ശതമാനമെങ്കിലും വർദ്ധിക്കുകയും ചെയ്യും. പണപ്പെരുപ്പം കുറയ്ക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങൾക്ക് ഇത് കൂടുതൽ വെല്ലുവിളിയുയർത്തും, ഗീതാ ഗോപിനാഥ് പറയുന്നു. യുദ്ധം കുടിയേറ്റ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കുമെന്നും വിനോദസഞ്ചാര മേഖലയെ തകർത്തേക്കുമെന്നും ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു.
പണപ്പെരുപ്പം ഉയരുന്നത് വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളെ പ്രതിസന്ധിയിലാക്കാനും ഇടയുണ്ട്. ഇപ്പോഴത്തെ സംഭവവികാസങ്ങൾ ഐ.എം.എഫ്. സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഗീതാ ഗോപിനാഥ കൂട്ടിച്ചേർത്തു. പശ്ചിമേഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയും വർദ്ധിക്കുന്നുവെന്നതാണ് വസ്തുത. ഇന്നലെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളർ കടന്നു. വിലയിൽ ഒറ്റ ദിവസത്തിനിടെ ആറ് ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്.
ഇന്നലെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 90.84 ഡോളറിലെത്തി. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന ഏറ്റവും വലിയ വില വർദ്ധനയാണിത്. വ്യോമാക്രമണത്തിന് ശേഷം ഗസ്സയിലേക്ക് ഇസ്രയേൽ സൈന്യം പ്രവേശിച്ചതോടെ യുദ്ധം വ്യാപിക്കുമെന്ന ആശങ്ക പരന്നതാണ് ക്രൂഡ് വില വർദ്ധനയിലേയ്ക്ക് നയിച്ചത്.ഹമാസ് - ഇസ്രയേൽ സംഘർഷം ഉണ്ടായ ഉടൻ കാര്യമായ വർദ്ധന ക്രൂഡ് വിലയിൽ ഉണ്ടായിരുന്നില്ല. ഇറാൻ പങ്കാളിയാവുകയും യുദ്ധം വ്യാപിക്കുകയും ചരക്ക് കടത്ത് ബാധിക്കപ്പെടുകയും ചെയ്താൽ മാത്രമേ എണ്ണ വില വർദ്ധിക്കൂ എന്നതായിരുന്നു വിദഗ്ദ്ധരുടെ വിലയിരുത്തൽ.
യുദ്ധം തുടരുകയാണെങ്കിൽ വൈകാതെ ക്രൂഡ് വില ബാരലിന് 100 ഡോളർ കടക്കുമെന്ന് ഇറാൻ ഓയിൽ മന്ത്രി ജവാദ് ഓജി പറഞ്ഞു. ഇറാൻ വിദേശകാര്യമന്ത്രി ലെബനീസ് സായുധഗ്രൂപ്പായ ഹിസ്ബുള്ളയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഹിസ്ബുള്ളയും ഇസ്രയേലിനെതിരെയുള്ള പോരാട്ടത്തിൽ പങ്കെടുക്കുന്നതിനാൽ യുദ്ധം വ്യാപിക്കുന്നതിനുള്ള സൂചനകൾ വന്നതോടെയാണ് എണ്ണ വിപണിയിൽ ആശങ്ക ഉണ്ടായിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ