തിരുവനന്തപുരം: ഗുരുതര സാമ്പത്തികപ്രതിസന്ധിയിലാണ് കേരളം. അതിനിടെ ധൂർത്തിന് തെളിവായി കേരളീയവും. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വികസന നേട്ടങ്ങൾ കേരളീയം ചർച്ചയാക്കുമെന്നാണ് വയ്പ്. ഇതിനിടെ കേരളത്തിലെ സാമ്പത്തിക സ്ഥിതി കൂടി വിശദീകരിക്കുമോ എന്നാണ് അറിയേണ്ടത്. കാണം വിറ്റും ഓണം ഉണ്ണണം എന്നതാണ് പഴമൊഴി. എന്നാൽ കാണം വിറ്റ് 'കേരളീയം' ആഘോഷിക്കുകായണ് സംസ്ഥാന സർക്കാർ. ഇനിയുള്ള മാസങ്ങളിൽ കടമെടുക്കാൻ പോലും കേരളത്തിന് കഴിയില്ല.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം കേന്ദ്രം ഇതുവരെ അനുവദിച്ച പരിധിയിൽനിന്നുള്ള കടമെല്ലാം എടുത്തുതീർത്തു. വായ്പയ്ക്ക് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുകയോ സംസ്ഥാനത്തിന് സ്വന്തമായി പണം കണ്ടെത്താനാവുകയോ ചെയ്തില്ലെങ്കിൽ ഈ സാമ്പത്തികവർഷം ഇനിയുള്ള മാസങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാവും. ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ കഴിയാത്ത സ്ഥിതി ഡിസംബറിലുണ്ടാകും. വിരമിച്ച ജീവനക്കാർക്കുള്ള പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനുമെല്ലാം മുടങ്ങും.

ഡിസംബർവരെ 21,852 കോടി രൂപയാണ് റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെ വായ്പയെടുക്കാൻ കേന്ദ്രം അനുവദിച്ചത്. കഴിഞ്ഞദിവസം 1000 കോടിരൂപയുടെ കടപ്പത്രങ്ങൾകൂടി പുറപ്പെടുവിച്ചതോടെ 21,800 കോടിരൂപയായി. ഇനി ശേഷിക്കുന്നത് 52 കോടി മാത്രം. ഡിസംബറിനുശേഷം ഇതുവരെയുള്ള കണക്കുകൾ വിലയിരുത്തിയാണ് ഇനി എത്ര വായ്പ അനുവദിക്കണമെന്ന് കേന്ദ്രം തീരുമാനിക്കുക. അതും വലിയ തുകയുണ്ടാകാൻ സാധ്യതയില്ല. അങ്ങനെ വന്നാൽ മാർച്ച് മാസം അവസാനിക്കുന്ന ഈ സമ്പാത്തിക വർഷത്തിൽ ഇനിയുള്ള മാസം കേരളത്തിന് ദുരിത പൂർണ്ണമാകും.

കിഫ്ബിക്കും ക്ഷേമപെൻഷൻ കമ്പനിക്കുമായി എടുത്ത വായ്പകൾ പൊതുകടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാനത്തിന് കടമെടുക്കാവുന്നതിന്റെ പരിധി കേന്ദ്രം വെട്ടിക്കുറച്ചത്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നുശതമാനമാണ് വായ്പയെടുക്കാവുന്നത്. ഒരു ശതമാനംകൂടി അധികം അനുവദിച്ചാൽ കേരളത്തിന് 4500 കോടി രൂപകൂടി എടുക്കാം. ഇത് അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഇതിന് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താനാണ് തീരുാനം.

ശമ്പളം കൊടുക്കാൻ പോലും കടപ്പത്രം ഇറക്കേണ്ടിവന്നത് പിണറായി സർക്കാരിന്റെ പിടിപ്പുകേടാണ്. കേരളത്തിന്റെ സാമ്പത്തികസ്ഥിതി പരിതാപകരമായിട്ടും ധൂർത്ത് കുറയ്ക്കാത്ത സർക്കാർ, വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയാണെന്നും വാദമുണ്ട്. കൃത്യമായ നികുതിവിഹിതവും വായ്പയെടുക്കാൻ അർഹമായ അനുവാദവും മറ്റെല്ലാ സഹായങ്ങളും യഥാസമയം കേന്ദ്രം കേരളത്തിന് നൽകുന്നില്ലെന്നാണ് സർക്കാർ വാദം. അതുകൊണ്ട് കേരളീയം ധൂർത്ത് മാറ്റി വച്ച് ധവള പത്രം സാമ്പത്തിക സ്ഥിതിയിൽ പുറത്തിറക്കേണ്ട സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ.

എന്നാൽ അതിന് സർക്കാർ തയ്യാറല്ല. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായിട്ടും ധൂർത്ത് കുറയ്ക്കാത്ത സർക്കാർ ജനങ്ങളെ മോഹന വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയാണ്. വെള്ളത്തിനും വെളിച്ചത്തിനും വില കൂട്ടിയിട്ടും വീടിന് ഉൾപ്പെടെ നികുതി കൂട്ടിയിട്ടും കരകയറാൻ പറ്റാത്ത വിധം കേരളം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനിടെയാണ് 'കേരളീയം' ധൂർത്തും.