- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
21,600 ജീവനക്കാരുമായി ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഏജന്റ്; ലോകത്തിന്റെ എല്ലാ കോണുകളിലും വ്യാപിച്ചു കിടക്കുന്ന ഉപഭോക്താക്കൾ; ബുക്കിങ് ഡോട്ട് കോം ഉപയോഗിക്കുമ്പോൾ സംഭവിക്കാവുന്ന പിഴവുകളും പ്രതിവിധികളും
1996-ൽ ഒരു ഡച്ച് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുടെ കുഞ്ഞു ബുദ്ധിയിലുദിച്ച്, ഒരു ചെറിയ സംരംഭമായി ആരംഭിച്ച ബുക്കിങ് ഡോട്ട് കോം ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാവൽ ഏജൻസിയായി മാറിയിരിക്കുകയാണ്. 21,600 പേർക്ക് തൊഴിൽ നൽകുന്ന ഇവരുടെ ബുക്കുകളിൽ ഉള്ളത് ഇരുപത് ലക്ഷത്തോളം വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. വാർഷിക വരുമാനം ശതകോടികളുമായി ഇന്ന് ഇതൊരു വലിയ ബിസിനസ്സ് സ്ഥാപനമായി മാറിയിരിക്കുകയാണ്.
എന്നാൽ, ആകാവുന്നതിലും വലുതാകുന്നത് ഗുണം ചെയ്യുമോ എന്ന ചോദ്യം ഇപ്പോൾ ഉയർന്നു തുടങ്ങിയിരിക്കുന്നു. അമേരിക്കയിൽ കമ്പനിക്കെതിരെ ചില മുറുമുറുപ്പുകൾ ഉയർന്നിട്ടുണ്ട്. ടെക്സാസ് അഥോറിറ്റികൾ, വഞ്ചനാപരമായ ബിസിനസ്സ് പെരുമാറ്റങ്ങൾക്ക് ബുക്കിങ് ഡോട്ട് കോമിനെതിരെ നടപടികൾക്ക് ഒരുങ്ങുകയുമാണ്. പ്രാദേശിക നികുതികൾ, മറ്റു ഫീസുകൾ എന്നിവ ഇവർ പരാമർശിക്കുന്നില്ല എന്നതാണ് വഞ്ചനയായി കണക്കാക്കിയിരിക്കുന്നത്.
ബുക്കിങ് ഡോട്ട് കോം പല രാജ്യങ്ങളിലും വ്യത്യസ്ത രീതിയിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ സമാനമായ കാര്യങ്ങൾ ബ്രിട്ടനിൽ സംഭവിക്കണമെന്നില്ല. എന്നിരുന്നാലും ചില പ്രശ്നങ്ങൾ ഉപഭോക്താക്കൾ പൊതുവായി ഇവിടെയും ഉന്നയിക്കുന്നുണ്ട്. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും കബളിപ്പിക്കുന്ന രീതിയിലുള്ള ചില വിൽപന തന്ത്രങ്ങളും ഇവിടെയും പരാതികൾക്ക് ഇടയാകുന്നുണ്ട്.
അടുത്തിടെ യൂറോപ്യൻ കമ്മീഷൻ, വിലയുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തണമെന്ന് കമ്പനിയോട് ആവശ്യപ്പെടാനും ഇതായിരുന്നു കാരണം. യു കെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അഥോറിറ്റിയും , ഹോട്ടലുകൾ ബുക്കിങ് ഡോട്ട് കോമിന് കമ്മീഷൻ നൽകുന്നതിനാൽ അമിത ചാർജ്ജ് ഈടാക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ബുക്കിങ് ഡോട്ട് കോം ഉപയോഗിക്കുമ്പോൾ സംഭവിക്കാവുന്ന ചില പിഴവുകൾ ഒഴിവാക്കാൻ ചില പോംവഴികളുണ്ട്.
''ടോപ് പിക്ക്സ്'' എന്നതിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നവയിൽ ആദ്യ ഹോട്ടലുകൾ, ബുക്കിങ് ഡോട്ട് കോം ആയി വ്യാപാര താത്പര്യങ്ങൾ ഉള്ളവയായിരിക്കും എന്നത് ഓർക്കുക. അതുകൊണ്ടു തന്നെ സെർച്ച് ചെയ്യുമ്പോൾ റെക്കമെൻഡഡ് എന്ന മാനദണ്ഡം ഒഴിവാക്കി, പ്രോപ്പർട്ടി റേറ്റിങ് (ഉയർന്നതിൽ നിന്ന് താഴ്ന്നതിലേക്ക്) എന്ന മാനദണ്ഡം ഉപയോഗിച്ച് സെർച്ച് ചെയ്യാൻ ശ്രമിക്കുക. അതുപോലെ വ്യാജ റീവ്യുകൾ തിരിച്ചറിയാനും ശ്രമിക്കണം. ചിലയിടങ്ങളിൽ വളരെ നല്ലത് എന്ന വാക്ക് ഒന്നിലേറെ ഉപയോഗിച്ച റീവ്യുകൾ ഒന്നിലധികം കാണാൻ കഴിയും. ഇതെല്ലാം സംശയമുണർത്തുന്ന റീവ്യുകളുടെ കൂട്ടത്തിൽ പെടുത്തുക.
ബുക്കിങ് ഡോട്ട് കോം ഹോട്ടലുകളുടെയും മറ്റും നിരക്കുകൾ തരുമെങ്കിലും, അത് സേവന ദാതാവുമായി ക്രോസ്സ് ചെക്ക് ചെയ്യുക. നേരിട്ട് സേവന ദാതാവുമായി ബന്ധപ്പെട്ടാൽ സേവനങ്ങൾ കുറഞ്ഞ ചെലവിൽ ലഭിക്കാൻ സാധ്യതയുണ്ട്. അതുപോലെ ചിലപ്പോൾ, സൗജന്യ പ്രാതൽ പോലുള്ള ചില ഓഫറുകളും ലഭിച്ചേക്കാം. അതോടൊപ്പം തന്നെ ഇതിൽ ഒന്നിൽ മാത്രം ശ്രമിക്കാതെ ഹോട്ടൽ ഡോട്ട് കോം, എക്സ്പെഡിയ ഡോട്ട് കോം തുടങ്ങിയ സേർച്ച് എഞ്ചിനുകളിലും തിരയുക.
ഇടക്കിടെ, ഈ വിലയ്ക്ക് ഒന്ന് മാത്രമെ അവശേഷിച്ചിട്ടുള്ളു എന്ന പോപ് അപ് ഉയർന്ന് വരികയാണെങ്കിൽ പരിഭ്രമിക്കരുത്. അത് സൂചിപ്പിക്കുന്നത് നിങ്ങൾ ബുക്ക് ചെയ്യുന്ന സമയത്ത് ആ നിരക്കിൽ ഒരു മുറി മാത്രമെ ലഭ്യമുള്ളു എന്നതായിരിക്കാം. അതുപോലെ, മോശമാണെന്ന് അഭിപ്രായമുള്ള റീവ്യുകൾ ശ്രദ്ധിക്കാൻ മറക്കാതിരിക്കുക. അവ ഒരുപക്ഷെ യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാകണമെന്നില്ല പക്ഷെ അതിൽ നിന്നും നിങ്ങൾക്ക് ചില വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കും.
മറുനാടന് മലയാളി ബ്യൂറോ