ലണ്ടൻ: ലോകത്തിലെ ഏറ്റവും ധനികമായ രാജ്യങ്ങളിൽ പലതും ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങൾ കൂടിയാണെന്ന യാഥാർത്ഥ്യം ഉറപ്പിക്കുകയാണ് ഐ എം എഫ് പുറത്തുവിട്ട റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും സമ്പന്നവും ചെറുതുമായ സാൻ മാരിനോ, ലക്സംബർഗ്, സ്വിറ്റ്സർലാൻഡ്, സിംഗപൂർ തുടങ്ങിയ രാജ്യങ്ങൾക്ക് അനുകൂലമാകുന്നത് അവിടത്തെ അത്യാധുനികമായ സാമ്പത്തിക ഘടനയാണ്. കൂടെ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്ന തരത്തിലുള്ള നികുതി ഘടനയും, വൻ ബാങ്ക് നിക്ഷേപങ്ങളും ഇവയെ അതി സമ്പന്നരാക്കുന്നു.

അതേസമയം, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങൾക്ക് അനുഗ്രഹമാകുന്നത് അവിടങ്ങളിലെ വൻ ഹൈഡ്രോകാർബൺ നിക്ഷേപങ്ങളും മറ്റ് പ്രകൃതിവിഭവ സ്രോതസ്സുകളുമാണ്. കാസിനോകളും, വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള മറ്റ് ഉപാധികളും ചില രാജ്യങ്ങളെ സമ്പന്നമാക്കുന്നുണ്ട്. ഏഷ്യയിലെ ഏറ്റവും പ്രധാന ചൂതാട്ട കേന്ദ്രമായ മക്കാവു അത്തരത്തിൽ സമ്പന്നമായ രാജ്യമാണ്. ഏകദേശം മൂന്ന് വർഷത്തോളം നീണ്ടു നിന്ന, ഇടവിട്ടുള്ള ലോക്ക്ഡൗണുകളും കോവിഡ് യാത്രാ നിയന്ത്രണങ്ങളും മെക്കാവുവിനെ തളർത്തിയിട്ടില്ല.

എന്നാൽ, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം കൂടുതൽ വലുതായി കൊണ്ടിരിക്കുന്ന കാലത്ത് എങ്ങനെയാണ് ഒരു രാജ്യത്തെ സമ്പന്നമെന്നും മറ്റൊന്നിനെ ദരിദ്രമെന്നും പറയാൻ കഴിയുക? ഇതിനായി സാധാരണ സ്വീകരിക്കുന്നത് ജി ഡി പി (ആഭ്യന്തര മൊത്ത ഉദ്പാദനം) യുടെ കണക്കുകളാണ്. ഒരു രാജ്യത്ത് ഉദ്പാദിപ്പിക്കപ്പെട്ട ഉദ്പന്നങ്ങളുടെയും സേവനങ്ങളുടെയും മൊത്തംമൂല്യത്തെ ആ രാജ്യത്തിലെ മൊത്തം ജനസംഖ്യകൊണ്ട് ഹരിച്ച് കിട്ടുന്നതാണ് ഈ തുക.

അങ്ങനെ വരുമ്പോൾ ജനസംഖ്യ കുറവുള്ള ചെറിയ രാജ്യങ്ങൾ സ്വാഭാവികമായും മുൻപിൽ നിൽക്കും. എന്നാൽ, പ്രാദേശിക ഉദ്പന്നങ്ങളുടെയും സേവനങ്ങളുടെയും മൊത്തം വിലയും പണപ്പെരുപ്പവുമൊക്കെ കണക്കിലെടുത്താൽ മാത്രമെ കൂടുതൽ കൃത്യതയുള്ള ഒരു ചിത്രം ലഭിക്കു. അതിനാണ് പർച്ചേസ് പവർ പാരിറ്റി (പിപിപി) ഉപയോഗിക്കുന്നത്. ഇത് വ്യത്യസ്ത രാജ്യങ്ങൾ തമ്മിൽ കൂടുതൽ വ്യക്തതയ്യാർന്ന താരതമ്യത്തിന് വഴിയൊരുക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയാണ് ഇപ്പൊൾ ഐ എം എഫ് പുറത്ത് വിട്ടിരിക്കുന്നത്. ഇതനുസരിച്ച് പ്രതിശീർഷ വാങ്ങൽ ശേഷി തുല്യത (പി പി പി) ഏറ്റവും കുറവുള്ള പത്ത് രാജ്യങ്ങളിൽ ശരാശരി പി പി പി 1,380 ഡോളർ ആണെങ്കിൽ ഏറ്റവും സമ്പന്നമായ പത്ത് രാജ്യങ്ങളിൽ ഇത് ശരാശരി 1,05,000 ഡോളർ ആണ്. മാത്രമല്ല, ദരിദ്ര രാജ്യങ്ങളിൽ കഴിഞ്ഞ ഒക്ടോബർ മുതൽ പി പി പിയിൽ ഉണ്ടായ വർദ്ധനവ് 30 ശതമാനമാണെങ്കിൽ സമ്പന്ന രാജ്യങ്ങളിൽ ഇത് 5,000 ഡോളർ ആണെന്നും ഐ എം എഫ് റിപ്പോർട്ടിൽ പറയുന്നു.

ഇതനുസരിച്ച് ലോകത്തിലെ ഏറ്റവും അധികം സമ്പന്നമായ രാജ്യം അയർലൻഡ് ആണ്. 1,40,694 ഇന്റർനാഷണൽ ഡോളറാണ് (ശരാശരി പ്രതിശീർഷ പി പി പി) ആണ് ഇവിടെ. 1,31,580 ഇന്റർനാഷണൽ ഡോളറുമായി ലക്സംബർഗ് രണ്ടാമതും1,33,895 ഡോളറുമായി സിംഗപ്പൂർ മൂന്നാം സ്ഥാനത്തും എത്തിയപ്പോൾ യഥാക്രമം നാലും അഞ്ചും സഥാനത്തുള്ള ഖത്തറിന്റെയും മക്കാവുവിന്റെയും ഇന്റർനാഷണൽ ഡോളർ മൂല്യം 1,24,834 ഉം 89,558 ഉം ആണ്. സൗദി അറേബ്യയ്ക്കും നോർവേയ്ക്കും സ്വിറ്റ്സർലൻഡിനും പുറകിലായി ഒൻപതാം സ്ഥാനത്താണ് അമേരിക്ക.

ലിസ്റ്റിൽ, ശ്രീലങ്ക 108-ാം സ്ഥാനത്തും ഭൂട്ടാൻ 109-ാം സ്ഥാനത്തും എത്തിയപ്പോൾ ഇന്ത്യയുടെ സ്ഥാനം 130 ആണ്. 131-ാം സ്ഥാനത്ത് ബംഗ്ലാദേശും 141-ാം സ്ഥാനത്ത് പാക്കിസ്ഥാനും ഇടംപിടിച്ചിട്ടുണ്ട്.സൗത്ത് സുഡാൻ, അഫ്ഗാനിസ്ഥാൻ, ലെബനൻ,സിറിയ എന്നീ രാജ്യങ്ങളാണ് ഈ ലിസ്റ്റിലെ അവസാന സ്ഥാനങ്ങളിൽ ഉള്ളത്.