ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പെട്രോൾ, ഡീസൽ വില വരുംദിവസങ്ങളിൽ കുറയുമെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം പെട്രോളിനും ഡീസലിനും ലിറ്ററിന് നാലു രൂപ മുതൽ പത്തു രൂപ വരെ കേന്ദ്രം കുറച്ചേക്കുമെന്നാണ് വിവരം. പെട്രോളിന്റെ അടിസ്ഥാന വിലയിൽ ഇത്രയും കുറവുണ്ടായാൽ നികുതിയിൽ അടക്കം അത് പ്രതിഫലിച്ച് വലിയ കുറവുണ്ടാകും. അതിനിടെ നികുതി ഉൾപ്പെടെ 10 രൂപ കുറയുന്ന തരത്തിലാകും തിരീമാനം എന്നാണ് സൂചന. അതിനിടെ വില കുറഞ്ഞാൽ അത് സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ കുറവുണ്ടാകും. അതുകൊണ്ട് തന്നെ വില കുറച്ചാലും സംസ്ഥാന നികുതി ഉയർത്തി പ്രതിസന്ധിയെ നേരിടാനാണ് സംസ്ഥാന സർക്കാർ നീക്കം.

അതു സംഭവിച്ചാൽ കേരളത്തിൽ പത്ത് രൂപയുടെ കുറവ് പെട്രോളിനും ഡീസലിനും ഉണ്ടാകില്ല. നികുതി നഷ്ടം കുറയ്ക്കാൻ സംസ്ഥാനം ഇടപെടൽ നടത്തിയാൽ ഏഴു രൂപയോളം മാത്രമേ കേരളത്തിൽ കുറയൂവെന്നും സൂചനയാണ്. ഏതായാലും കേന്ദ്ര സർക്കാർ നീക്കങ്ങളെ നിരീക്ഷിക്കുകയാണ് സംസ്ഥാന ധനവകുപ്പ്. വരുമാന നഷ്ടം ഉണ്ടാകുന്നതിനെ ഒരിക്കലും കേരളം അംഗീകരിക്കില്ലെന്നാണ് പുറത്തു വരുന്ന സൂചന. വില കുറയ്ക്കുന്നതിനെക്കുറിച്ച് സർക്കാർ എണ്ണക്കമ്പനികളുമായി ചർച്ച നടത്തിവരികയാണെന്നാണ് . 2022 മെയ് മാസത്തിന് ശേഷം പെട്രോൾ, ഡീസൽ വില കുറച്ചിട്ടില്ല. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലയിൽ കുറവുണ്ട്. ഇത് കണക്കിലെടുത്താണ് ഇന്ധനവില കുറയ്ക്കാൻ നീക്കം നടത്തുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാജ്യത്ത് പെട്രോൾ വിലയിൽ കുറവ് ഉണ്ടാകുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധികൾ കാരണം ക്രൂഡ് ഓയിൽ വില ഉയർന്ന് നിന്ന സാഹചര്യത്തിൽ വില കുറയ്ക്കാൻ സാധിച്ചിരുന്നില്ല. നിലവിൽ ഇത് സംബന്ധിച്ച ചർച്ചകൾ കേന്ദ്ര മന്ത്രിസഭാ തലത്തിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും പെട്രോളിനും ഡീസലിനും ലിറ്ററിന് 8 രൂപ മുതൽ 10 രൂപ വരെ വെട്ടിക്കുറയ്ക്കാനുള്ള നിർദ്ദേശം പെട്രോളിയം മന്ത്രാലയം തയ്യാറാക്കിയതായി വൃത്തങ്ങൾ അറിയിച്ചു.

പെട്രോൾ, ഡീസൽ എക്സൈസ് നികുതിയിൽ ഇളവ് പ്രഖ്യാപിക്കാനാണ് സാധ്യത എന്നാണ് വിലയിരുത്തൽ. എന്നാൽ, കേന്ദ്രസർക്കാരിന് വരുമാനനഷ്ടം ഉണ്ടാകാതിരിക്കുന്നത് ഉന്നമിട്ട് പെട്രോൾ, ഡീസൽ വിപണിവിലയിൽ കുറവ് വരുത്താൻ എണ്ണക്കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെടാനും സാധ്യതയുണ്ട്. അതായത്, വിലയിളവ് നൽകുന്നത് എണ്ണക്കമ്പനികളുടെ മാത്രം ബാധ്യതയായി മാറും. അങ്ങനെ വന്നാലും കേരളത്തിന്റെ നികുതിയെ അത് ബാധിക്കും. ഈ സാഹചര്യത്തിൽ നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ കേരളം നികുതിയോ സെസോ ഏർപ്പെടുത്താൻ സാധ്യത ഏറെയാണ്.

ഇറക്കുമതി ചെയ്ത അസംസ്‌കൃത എണ്ണയുടെ വാങ്ങൽ വിലയിലെ കുത്തനെയുള്ള ഇടിവാണ് വൻതോതിൽ കുറയ്ക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയത്. ഇസ്രയേൽ-ഗസ്സ സംഘർഷ സമയത്ത് ക്രൂഡ് ഓയിൽ വില ബാരലിന് 95 ഡോളറിന് മുകളിലേക്ക് ഉയർന്നിരുന്നു. നിലവിൽ 79 ഡോളറാണ് വില. ചെങ്കടലിൽ രൂപപ്പെട്ട പ്രതിസന്ധിയാണ് ഇടക്ക് ക്രൂഡ് വില വീണ്ടും വർധിപ്പിച്ചത്. 2023-24 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-മാർച്ച്) അസംസ്‌കൃത എണ്ണയുടെ വില ബാരലിന് ശരാശരി 77.14 ഡോളറായിരുന്നു .

2022 ഏപ്രിലിലാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ., എച്ച്.പി.സി.എൽ എന്നിവ അവസാനമായി പെട്രോൾ, ഡീസൽ വില പരിഷ്‌കരിച്ചത്. തുടർന്ന് ആ വർഷം മേയിൽ കേന്ദ്രസർക്കാർ ഇന്ധന എക്സൈസ് നികുതിയും കുറച്ചു. തുടർന്ന് ഈ വർഷം ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്നവിധം സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ലിറ്ററിന് രണ്ടുരൂപ ഇന്ധനസെസ് ഏർപ്പെടുത്തിയിരുന്നു. അതായത് കേരളത്തിൽ രണ്ടുരൂപ ഉയർന്നു. അന്നുമുതൽ കേരളത്തിൽ വില പെട്രോൾ ലിറ്ററിന് 109.73 രൂപയും ഡീസലിന് 98.53 രൂപയുമാണ് (തിരുവനന്തപുരം).

നഷ്ടം മറികടന്ന് ലാഭത്തിലേറിയെന്നത് മാത്രമല്ല ഇന്ധനവില കുറയ്ക്കാൻ അനുകൂലമായിട്ടുള്ളത്. 2022-23 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതിച്ചെലവ് 11,340 കോടി ഡോളറായിരുന്നെങ്കിൽ നടപ്പുവർഷത്തെ സമാനകാലത്ത് ഇത് 8,710 കോടി ഡോളർ മാത്രമാണ്. റഷ്യയിൽ നിന്ന് ബാരലിന് 30 ഡോളർ വരെ ഡിസ്‌കൗണ്ട് നടപ്പുവർഷം ലഭിച്ചിരുന്നു. ഇപ്പോഴത് ബാരലിന് 5-6 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. എങ്കിലും, ക്രൂഡോയിൽ വിപണിവില 80 ഡോളറിൽ താഴെയാണെന്നതിനാൽ ഈ കുറഞ്ഞ ഡിസ്‌കൗണ്ട് പോലും എണ്ണക്കമ്പനികൾക്ക് നേട്ടമാണെന്നാണ് വിലയിരുത്തലുകൾ.

നേരത്തേ, കഴിഞ്ഞ ഓഗസ്റ്റിൽ കേന്ദ്രസർക്കാർ വീട്ടാവശ്യത്തിനുള്ള എൽ.പി.ജി (14.2 കിലോഗ്രാം) വില സിലിണ്ടറിന് 200 രൂപ കുറച്ചിരുന്നു. ഇതുവഴി എണ്ണക്കമ്പനികൾക്കുണ്ടാകുമെന്ന വരുമാനനഷ്ടം കേന്ദ്രം വീട്ടിയേക്കുമെന്ന് കരുതപ്പെട്ടെങ്കിലും അങ്ങനെയൊരു ആലോചനയില്ലെന്ന് കേന്ദ്രം പറഞ്ഞിരുന്നു. സമാന നടപടി പെട്രോൾ, ഡീസൽ കുറയ്ക്കുന്നതിലും കേന്ദ്രമെടുത്തേക്കാം.