ന്യൂഡൽഹി: 2023 അവസാന പാദത്തിൽ (മൂന്ന് മാസ കാലയളവ്) 8.4 ശതമാനം വളർച്ച രേഖപ്പെടുത്തി, ലോകത്തിലെ ഏറ്റവും വേഗതയിൽ വളരുന്ന രാജ്യം എന്ന പദവി ഇന്ത്യ നിലനിർത്തി. തൊട്ട് മുൻപത്തെ വർഷം ഇതേ കാലയളവിൽ ഉണ്ടായതിനേക്കാൾ 8.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വർഷത്തിലാണ് ഈ വാർത്ത പുറത്തു വരുന്നത് എന്നത് അതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയുടെ ശക്തിയും സ്ഥിരതയുമാണ് ഇത് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

അടുത്ത ഏതാനും വർഷങ്ങൾക്കകം തന്നെ ജപ്പാനെയും ജർമ്മനിയെയും മറികടന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സമ്പദ് ശക്തിയായി മാറുമെന്നാണ് വിവിധ സാമ്പത്തിക ശാസ്ത്രജ്ഞർ പ്രവചിച്ചിരിക്കുന്നത്. ഇപ്പോൾ, പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട പ്രകടനം കാഴ്‌ച്ചവയ്ക്കാൻ കഴിഞ്ഞത് രാജ്യത്തിലെ ഉത്പാദന മേഖലയുടെ മികച്ച പ്രകടനം കൊണ്ടാണ് എന്ന് ബ്വി ബി സി റിപ്പോർട്ട് ചെയ്യുന്നു. ഈ കാലയളവിൽ ഈ മേഖലയിൽ ഉണ്ടായത് 11.6 ശതമാനത്തിന്റെ വളർച്ചയാണ്.

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉദ്പാദനത്തിന്റെ ( ജി ഡി പി) മൂന്നിൽ രണ്ട് ഭാഗം വരുന്ന സ്വകാര്യ ഉപഭോഗവും 3.5 ശതമാനം വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, ഉള്ളി പോലുള്ള ഭക്ഷണ പദാർത്ഥങ്ങളുടെ വിലയിൽ ഉണ്ടായ വർദ്ധനവ് ആളുകളുടെ വാങ്ങൽ ശേഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു. തുടർന്ന് ഭക്ഷ്യവില പണപ്പെരുപ്പം തടയാൻ സർക്കാർ ചില നടപടികൾ കൈക്കൊണ്ടിരുന്നു. അത് ഫലവത്തായി എന്നാണ് ഈ അവസാന പാദത്തിലെ കണക്കുകൾ കാണിക്കുന്നത്.

അതിനു പുറമെ അടുത്ത കാലത്ത് അടിസ്ഥാന സൗകര്യ വികസനം പോലുള്ള മേഖലകളിൽ സർക്കാർ ചെലവഴിക്കുന്ന തുക മോദി സർക്കാർ വർദ്ധിപ്പിച്ചിരുന്നു. അതുപോലെ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഡ്രോണുകൾ, സെമി കണ്ടക്ടറുകൾ എന്നിവയുടെ നിർമ്മാണ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ചില ഇൻസെന്റീവുകളും പ്രഖ്യാപിച്ചിരുന്നു. ഇത് അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയെ മറ്റ് രാജ്യങ്ങൾക്ക് ഒപ്പം മത്സരിക്കുന്നതിന് പ്രാപ്തയാക്കും.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച 15.2 ബില്യൻ ഡോളർ ചെലവ് വരുന്ന മൂന്ന് സെമി കണ്ടക്ടർ നിർമ്മാണ ശാലകൾ ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, 3.7 ട്രില്യൻ സമ്പദ്ഘടനയുടെ 15 ശതമാനത്തോളം പങ്കു വഹിക്കുന്ന കാർഷിക മേഖല ആവശ്യത്തിന് മഴ ലഭിക്കാത്തതിനാൽ ദുരിതത്തിൽ തുടരുകയാണ്.

ഈ വർഷം, അതായത് 2024 ൽ ഇന്ത്യയുടെ വളർച്ച 6.5 ശതമാനമായിരിക്കും എന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) പ്രവചിക്കുന്നത്. ഇതേകാലയളവിൽ ചൈന കൈവരിക്കുന്ന വളർച്ച 4.6 ശതമാനമായിരിക്കും. പ്രോപ്പർട്ടി വിപണി പ്രതിസന്ധിയിലായതിനെ തുടർന്ന് ചൈനീസ് സമ്പദ്ഘടന വൻ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്.

വലിയ തോതിൽ തന്നെ യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കുമ്പോൾ എല്ലാത്തിനും വിലക്കുറയുന്ന പണചുരുക്കം എന്ന പ്രതിഭാസത്തെയും ചൈന അഭിമുഖീകരിക്കുകയാണ്.