ബ്രെക്‌സിറ്റിന്റെ മറ്റൊരു നേട്ടം കൂടി ബ്രിട്ടനിൽ ദൃശ്യമാവുകയാണ്. ബ്രാൻഡ് ഫിനാൻസിന്റെ 2024 ഗ്ലോബൽ സോഫ്റ്റ് പവർ ഇൻഡക്‌സ് പ്രകാരം യു കെ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ശക്തമായ രാജ്യമായിരിക്കുന്നു. 2023 മുതൽ സ്‌കോർ വർദ്ധിപ്പിച്ചാണ് അമേരിക്കയുടെ തൊട്ടുപുറകിലായുള്ള രണ്ടാം സ്ഥാനത്ത് ബ്രിട്ടൻ വീണ്ടും എത്തിയിരിക്കുന്നത്. 2020- യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടതിനു ശേഷം (ബ്രെക്‌സിറ്റ്) ഈ ലിസ്റ്റിൽ ഉയർന്ന റാങ്കിലുള്ള പല രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിച്ചതാണ് ബ്രിട്ടന്റെ സ്‌കോർ വർദ്ധിക്കാൻ കാരണമായി കണക്കാക്കുന്നത്.

2022- ൽ ലിസ് ട്രസ്സിനു കീഴിൽ ഉണ്ടായ താത്ക്കാലികമായ അസ്ഥിരത, രാജ്യത്തിന്റെ ശക്തി കുറയുന്നതിന് ഇടയാക്കിയതായി സൂചികക്ക് രൂപം നൽകിയവർ പറയുന്നു. 2024 - ൽ ഈ സൂചിക ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന സ്‌കോറായ 78.8 നേടിയാണ് അമേരിക്ക ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 74.8 ആയിരുന്നു. അക്രമ മാർഗ്ഗങ്ങളിലൂടെ അല്ലാതെ തങ്ങളുടെ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള രാജ്യങ്ങളുടെ കഴിവിന്റെ അടിസ്ഥാനത്തിലാണ് ഈ സൂചിക രൂപീകരിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ ലക്ഷ്യം കൈവരിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഈ പട്ടികയിൽ ഈ വർഷം, ജപ്പാനേയും ജർമ്മനിയേയും മറികടന്ന് ചൈന മൂന്നാം സ്ഥാനത്ത് എത്തി. ജപ്പാൻ നാലാം സ്ഥാനത്തും ജർമ്മനി അഞ്ചാം സ്ഥാനത്തുമാണ്. ആദ്യ പത്തിൽ ഉൾപ്പെടുന്ന ഫ്രാൻസ്, കാനഡ, സ്വിറ്റ്‌സർലാൻഡ്, ഇറ്റലി, യു എ ഇ എന്നിവ, തങ്ങളുടെ 2023- ലെ സ്ഥാനത്ത് തന്നെ തുടരുകയാണ്. അതേസമയം, യുദ്ധങ്ങൾ കാരണം ഇസ്രയേലിന്റെയും റഷ്യയുടെയും സ്‌കോറുകളിൽ ഇടിവുണ്ടായിട്ടുണ്ട്.

ഡൊണാൾഡ് ട്രംപിന്റെ ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ സംഘർഷാത്മകമായ രാഷ്ട്രീയം അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാന നാളുകളിൽ അമേരിക്കയുടെ മൃദു ശക്തി ഏറെ ചോർന്ന് പോകാൻ ഇടയാക്കിയതായി ബ്രാൻഡ് ഫിനാൻസ് സി ഇ ഒ ഡേവിഡ് ഹെയ്ഗ് പറഞ്ഞു. അതുവഴി, 2021 - അമേരിക്കയ്ക്ക് ഒന്നാം സ്ഥാനം താത്ക്കാലികമായി നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ, ബൈഡൻ ഭരണത്തിനു കീഴിൽ, ആ പരിക്കുകളിൽ നിന്നൊക്കെ രക്ഷപ്പെട്ട് സ്‌കോർ വലിയ നിലയിൽ ഉയർത്താൻ അമേരിക്കയ്ക്ക് ആയി.

2024 നവംബറിൽ നടക്കാൻ ഇരിക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഈ ദിശയിലുള്ള രാജ്യത്തിന്റെ മുന്നോട്ട് പോക്കിൽ വഴിത്തിരിവുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത രാജ്യങ്ങളെ കുറിച്ചുള്ള ലോകാഭിപ്രായത്തിന് ഏറെ വ്യത്യാസങ്ങൾ ഉണ്ട് എന്നതാണ് തങ്ങളുടെ ഗവേഷണത്തിൽ മനസ്സിലായതെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്വതന്ത്രവും സുതാര്യവുമായ മാധ്യമ പ്രവർത്തനവും ആശയവിനിമയവും പലയിടങ്ങളിലും സാധ്യമല്ലാത്തതിനാൽ, പല മുൻവിധികളും ഇത്തരത്തിലുള്ള ആശയരൂപീകരണത്തിന് കാരണമായിട്ടുണ്ട്.

വിവരങ്ങൾ ലഭ്യമല്ലാതാവുകയും, തെറ്റായ വിവരങ്ങൾ ലഭിക്കുന്നതുമാണ് ലോക സമാധാനത്തിന് ഏറ്റവും വലിയ വെല്ലുവിളി എന്ന് ദി വേൾഡ് എക്കണോമിക് ഫോറവും അഭിപ്രായപ്പെട്ടിരുന്നു.