- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂയോര്‍ക്കിനും ലണ്ടനും ശേഷം ലോകത്തില്‍ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത് ഇന്ത്യയുടെ മുംബൈയില്‍. ശത കോടീശ്വരന്മാരുടെ എണ്ണത്തില്‍ ബെയ്ജിംഗിനെ മറികടന്ന് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം; ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് 21 ശതമാനം
മുംബൈ: സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പ് നടത്തുന്ന ഇന്ത്യയില്‍, ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായത് 21 ശതമാനത്തിന്റെ വര്‍ദ്ധനവ് എന്ന് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ തലസ്ഥാനം എന്ന നിലയിലേക്ക് മുംബൈ നഗരം ഉയരുകയും ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മുംബൈയില്‍ 92 ശതകോടീശ്വരന്മാരാണുള്ളത്. 91 ശതകോടീശ്വരന്മാര്‍ ഉള്ള ചൈനയുടെ ബെയ്ജിംഗിനെ പിന്തള്ളി മുംബൈ ഇക്കാര്യത്തില്‍ ലോകത്തിലെ മൂന്നാമത്തെ നഗരമാവുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം മുംബൈ നഗരത്തില്‍ പുതിയതായി 26 ശതകോടീശ്വരന്മാര്‍ ഉണ്ടായപ്പോള്‍ ബെയ്ജിംഗിന് 18 ശതകോടീശ്വരന്മാരെ നഷ്ടപ്പെടുകയായിരുന്നു. 119 ശതകോടീശ്വരന്മാരുമായി ന്യൂയോര്‍ക്ക് ഏറ്റവുമധികം അതിസമ്പന്നര്‍ താമസിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍, 97 ശതകോടീശ്വരന്മാര്‍ താമസിക്കുന്ന ലണ്ടന്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. വെറും അഞ്ച് കോടീശ്വരന്മാരുടെ വ്യത്യാസത്തില്‍ മൂന്നാമത് എത്തിയ ഇന്ത്യ ഏത് നിമിഷവും രണ്ടാം സ്ഥാനത്ത് എത്തുമെന്ന നിലയിലാണ് ഇപ്പോള്‍.
ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ രണ്ടാമതുള്ളത് 68 ശതകോടീശ്വരന്മാര്‍ ഉള്ള തലസ്ഥാനം തന്നെയാണ്. ഇന്ത്യന്‍ സിലിക്കോണ്‍ വാലി എന്നറിയപ്പെടുന്ന ബംഗലൂരു 27 ശതകോടീശ്വരന്മാരുമായി മൂന്നാം സ്ഥാനത്തുമുണ്ട്. ഇന്ത്യന്‍ ശതകോടീശ്വരന്മാരില്‍ അഗ്രഗണ്യന്‍ മുകേഷ് അമ്പാനി തന്നെ. 92 ബില്യന്‍ പൗണ്ടിന്റെ ആസ്തിയാണ് മുകേഷ് അമ്പാനിക്കുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനും എന്ന നിലയില്‍ 82 ബില്യന്‍ പൗണ്ട് വരുമാനമുള്ള വ്യവസായങ്ങളെയാണ് അദ്ദേഹം നിയന്ത്രിക്കുന്നത്.
ബ്രിട്ടനില്‍ സാമ്പത്തിക മാന്ദ്യം അധികം വൈകാതെ എത്തുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയാണെങ്കില്‍, ലോകത്തിലെ ഏറ്റവും വേഗതയിലുള്ള വളര്‍ച്ച രേഖപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ, അധികം വൈകാതെ ലണ്ടനെ പിന്തള്ളി, മുംബൈ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് എത്തും എന്നത് ഉറപ്പാണ്.