- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എലന്‍ മസ്‌ക്കിന്റെ ട്രംപ് പ്രേമത്തോട് പ്രതികരിച്ച് യൂറോപ്യന്‍ ജനത; എല്ലാ രാജ്യങ്ങളിലും ടെസ്ല വില്‍പ്പന കുത്തനെ ഇടിഞ്ഞു; കണക്ക് പുറത്ത് വന്നതോടെ ഒറ്റയടിക്ക് ടെസ്ലയുടെ മൂല്യം ഇടിഞ്ഞത് 100 ബില്യണ്‍ ഡോളര്‍
ലണ്ടന്‍: രാഷ്ട്രീയത്തില്‍ സജീവമായതോടെ ബിസിനസില്‍ ഇപ്പോള്‍ തിരിച്ചടി നേരിടുന്ന അവസ്ഥയിലാണ് ലോകകോടീശ്വരനായ ഇലോണ്‍ മസ്‌ക്. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും മസ്‌ക്കിന്റെ വാഹനക്കമ്പനിയായ ടെസ്ലയ്ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. മസ്‌ക്കിന്റെ ട്രംപ് പ്രേമത്തോട് ശക്തമായ രീതിയില്‍ തന്നെ പ്രതികരിക്കുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്.
ഈ കണക്കുകള്‍ പുറത്തു വന്നതോടെ ടെസ്ലയുടെ മൂല്യം ഒറ്റയടിക്ക് 100 ബില്യണ്‍ ഡോളറാണ് ഇടിഞ്ഞത്. അമേരിക്കയിലെ ഇലക്ട്രിക്ക് വാഹന വിപണിയില്‍ ടെസ്ലയുടെ ഓഹരികള്‍ ഇന്നലെ ഒമ്പത് ശതമാനം വരെ ഇടിഞ്ഞു. തുടര്‍ന്ന് അത് 8.1 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ മാസം യൂറോപ്പില്‍ ടെസ്ലയുടെ 9945 വാഹനങ്ങള്‍ മാത്രമാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനം കുറവാണ് ഇത്.
യൂറോപ്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. ബ്രിട്ടനിലും ടെസ്ല കാറുകളുടെ വില്‍പ്പന വന്‍ തോതില്‍ കുറയുകയാണ്. അതേ സമയം ചൈനീസ് ഇലക്ട്രിക്് വാഹന നിര്‍മ്മാണ കമ്പനിയായ ബി.വൈ.ഡിയുടെ വാഹനങ്ങള്‍ രാജ്യത്ത് കൂടുതലായി വിറ്റുപോകുകയും ചെയ്തു. ഫ്രാന്‍സില്‍ ടെസ്ല വാഹനങ്ങളുടെ വില്‍പ്പനയില്‍ 63 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജര്‍മ്മനിയിലും 2021 ന് ശേഷം ഇതാദ്യമായി ടെസ്ലയുടെ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കുറവാണ്. നേരത്തേ ഒരു ഘട്ടത്തില്‍ ടെസ്ലയുടെ ഓഹരികളുടെ വില 10 ശതമാനം വരെ ഇടിഞ്ഞ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അമേരിക്കയില്‍ ട്രംപിന്റെ വിജയത്തെ തുടര്‍ന്ന് ഉയര്‍ന്ന ടെസ്ല ഓഹരികളുടെ വില പിന്നീട് കുറയുകയായിരുന്നു. ചൈനീസ് ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ കമ്പനിയായ ബി.വൈ.ഡിയുടെ വാഹനങ്ങള്‍ക്ക് ടെസ്ലയേക്കാള്‍ വില കുറവാണ് എന്നതും മസ്‌ക്കിന് പ്രതികൂലമായി മാറി.
മസ്‌ക്കിന്റെ രാഷ്ട്രീയ ഇടപെടലുകളും ഇതില്‍ വലിയൊരു ഘടകമായി മാറിയതായിട്ടാണ് സൂചന. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമറിനെ ജയിലില്‍ അടയ്ക്കണമെന്ന് മസക് പരസ്യ പ്രസ്താവന നടത്തിയതും ടെസ്ലക്ക് വിനയായി മാറി. യുക്രൈനിനോടുള്ള ട്രംപിന്റെ നിലപാടുകള്‍ക്ക് പിന്നില്‍ മസ്‌ക്കാണെന്ന പ്രചാരണവും ടെസ്ലക്ക് തിരിച്ചടിയാകുകയാണ്.