- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ ടാരിഫ് യുദ്ധത്തെ ചെറുക്കാന്‍ ആപ്പിള്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത് 15 ലക്ഷം ഐഫോണുകള്‍; ചരക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്ത് ഉത്പന്നം അമേരിക്കയില്‍ എത്തിച്ചത് ട്രംപിന്റെ ടാരിഫ് പ്രഖ്യാപനം വരുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്
ചെന്നൈ: ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനം വരുന്നതിന് തൊട്ട് മുന്‍പായി പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ അവരുടെ ചെന്നൈ യൂണിറ്റില്‍നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തത് 600 ടണ്ണോളം ഭാരം വരുന്ന 15 ലക്ഷം മൊബൈല്‍ ഫോണുകള്‍. ചാര്‍ട്ടര്‍ ചെയ്ത ആറ് ചരക്ക് വിമാനങ്ങളിലായാണ് ഫോണുകള്‍ അമേരിക്കയില്‍ എത്തിച്ചത്. തങ്ങളുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായ അമേരിക്കയില്‍, പുതിയ താരിഫ് നിലവില്‍ വരുന്നതിന് മുന്‍പായി പരമാവധി സ്റ്റോക്കുകള്‍ എത്തിച്ച് ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കാതിരിക്കാനാണ് കമ്പനി ഇത്തരമൊരു നടപടിയെടുത്തത്.
ആപ്പിള്‍ അവരുടെ ഫോണ്‍ നിര്‍മ്മാണത്തിനായി ചൈനയെ വലിയൊരു പരിധി വരെ ആശയിക്കുന്നതിനാല്‍ ഐഫോണുകളുടെ വിലകുതിച്ചുയര്‍ന്നേക്കാമെന്ന് വിപണിയെ സസൂക്ഷ്മം നിരീക്ഷിക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് മേല്‍ 125 ശതമാനം തീരുവ ചുമത്തിയോടെയാണിത്. അതേസമയം ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 26 ശതമാനം മാാത്രമാണ് തീരുവ. എന്നാല്‍, അതുതന്നെ ഇപ്പോള്‍ 90 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ചിട്ടുമുണ്ട്. ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് മേലുള്ള തീരുവയാണ് മരവിപ്പിച്ചിരിക്കുന്നത്.
താരിഫ് ഒഴിവാക്കുന്നതിനായിട്ടായിരുന്നു ആപ്പിള്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് 15 ലക്ഷം ഐഫോണുകള്‍ അമേരിക്കയിലേക്ക് അയച്ചതെന്ന് റോയിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അവസാനത്തെ വിമാനവും താരിഫ് നിലവില്‍ വരുന്നതിന് മുന്‍പായി അമേരിക്കയില്‍ എത്തുമെന്ന് ഉറപ്പാക്കുന്നതിനായി, ആപ്പിള്‍, ചെന്നൈ വിമാനത്താവള അധികൃതരുമായി ചര്‍ച്ചകള്‍ നടത്തി 30 മണിക്കൂര്‍ സമയമാവശ്യമായത് 6 മണിക്കൂറായി കുറച്ചുവെന്നും റോയിറ്റേഴ്സ് പറയുന്നു.
നൂറ് ടണ്ണോളം കപ്പാസിറ്റിയുള്ള ആറ് കാര്‍ഗോ ജെറ്റുകളാണ് മാര്‍ച്ച് മുതല്‍ അമേരിക്കയിലേക്ക് പറന്നത്. അതില്‍ ഏറ്റവും അവസാനത്തെ വിമാനം എത്തിയത് ഈയാഴ്ച താരിഫ് നിലവില്‍ വരാന്‍ ഇരുന്നതിന് തൊട്ടു മുന്‍പായാണ് എന്ന് ചില സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്ക് ചെയ്ത ഒരു ഐഫോണ്‍ 14 ന്റെയും അതിന്റെ ചാര്‍ജ്ജിംഗ് കേബിളിന്റെയും കൂടി ഭാരം ഏകദേശം 350 ഗ്രാം വരും. പാക്കെജിംഗില്‍ വരുന്ന ഭാരം കുറച്ചു കഴിഞ്ഞാല്‍, 600 ടണ്‍ കാര്‍ഗോ എന്നു പറഞ്ഞാല്‍ 15 ലക്ഷം ഐഫോണുകള്‍ വരുമെന്ന് റോയിറ്റര്‍ പറയുന്നു.
ഒരു വര്‍ഷം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 220 മില്യന്‍ ഐഫോണുകളാണ് ആപ്പിള്‍ വില്‍ക്കുന്നത്. അമേരിക്കയിലേക്ക് വരുന്ന മൊത്തം ഐഫോണുകളുടെ അഞ്ചിലൊന്ന് ഇപ്പോള്‍ ഇന്ത്യയില്‍ നിന്നാണെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കിയുള്ളത് ചൈനയില്‍ നിന്നും. ഈ പശ്ചാത്തലത്തില്‍ വേണം ചൈനയില്‍നിന്നുള്ള ഐഫോണുകള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന 54 ശതമാനം തീരുവ 125 ശതമാനമാക്കി വര്‍ദ്ധിപ്പിച്ച ട്രംപിന്റെ നടപടിയെ വിലയിരുത്തേണ്ടത്. അതായത് 1,599 ഡോളര്‍ വിലയുണ്ടായിരുന്ന ഐഫോണ്‍ 16 പ്രോ മാക്സിന്റെ വില 2,300 പൗണ്ടായി വര്‍ദ്ധിക്കും എന്നര്‍ത്ഥം.
ഈ സാഹചര്യത്തിലാണ് ആപ്പിള്‍ അവരുടെ ഇന്ത്യയിലെ ഉത്പാദനം 20 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. കൂടുതല്‍ ജീവനക്കാരെ നിയമിച്ചും താത്ക്കാലികമായി ഞായറാഴ്ച ഉള്‍പ്പടെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചുമാണ് അവര്‍ ഈ ലക്ഷ്യം കൈവരിച്ചത് എന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നൈയിലെ ഫോക്സോണ്‍ ഫാക്റ്ററി ഇപ്പോഴും ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഏറ്റവും പുതിയ ഐഫോണ്‍ 15, 16 മോഡലുകള്‍ ഉള്‍പ്പടെ 20 മില്യന്‍ ഫോണുകളായിരുന്നു കഴിഞ്ഞ വര്‍ഷം ഇവിടെ ഉത്പാദിപ്പിച്ചത്. ടാരിഫ് നയത്തിന്റെ വെളിച്ചത്തില്‍ ഇപ്പോള്‍ ഇന്ത്യയിലുള്ള മൂന്ന് കമ്പനികള്‍ക്ക് പുറമെ രണ്ട് പുതിയ നിര്‍മ്മാണ യൂണിറ്റുകള്‍ കൂടി ഇന്ത്യയില്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍.