ലണ്ടന്‍:: ബിറ്റ്‌കോയിന്‍ വില തകര്‍ന്നടിഞ്ഞതോടെ ആഗോള ക്രിപ്റ്റോ വിപണി ആശങ്കയില്‍. ഒക്ടോബര്‍ 6-ന് $126,000-ല്‍ (ഏകദേശം 94,000 പൗണ്ട്) അധികമായിരുന്ന ബിറ്റ്‌കോയിന്‍ ഇപ്പോള്‍ $95,000-ന് (ഏകദേശം 72,000 പൗണ്ട്) അടുത്താണ് വ്യാപാരം ചെയ്യുന്നത്. നിലവില്‍ വിലയില്‍ വലിയ മാറ്റങ്ങളില്ലാതെ നില്‍ക്കുന്ന ഈ സാഹചര്യം, ഡിജിറ്റല്‍ കറന്‍സിയുടെ ഭാവി സാധ്യതകളെക്കുറിച്ച് നിക്ഷേപകരില്‍ ആശങ്കയും അനിശ്ചിതത്വവും സൃഷ്ടിച്ചിട്ടുണ്ട്. നിലവിലെ വിലയിടിവ് ഒരു തകര്‍ച്ചയുടെ സൂചനയാണോ അതോ വാങ്ങാനുള്ള അവസരമാണോ എന്ന കാര്യത്തില്‍ ക്രിപ്‌റ്റോ വിദഗ്ദ്ധര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളാണുള്ളത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ക്രിപ്റ്റോകറന്‍സികള്‍ കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. മൂന്ന് വര്‍ഷം മുമ്പ് $15,000-ല്‍ താഴെ മാത്രം വിലയുണ്ടായിരുന്ന ബിറ്റ്‌കോയിന്‍, ഒരു വര്‍ഷം മുമ്പ് $100,000 മറികടന്നിരുന്നു. ആറ് ആഴ്ച മുമ്പ് റെക്കോര്‍ഡ് ഉയര്‍ന്ന നിരക്കിലെത്തിയിട്ടും, നിലവില്‍ വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ബിറ്റ്‌കോയിന്‍. സമീപകാലത്തെ ഈ ഇടിവ് പരിഭ്രാന്തരാകേണ്ട സാഹചര്യമല്ലെങ്കിലും, ക്രിപ്‌റ്റോ നിക്ഷേപങ്ങളിലെ ഭാഗ്യം എത്രവേഗം അപ്രത്യക്ഷമാകാമെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു.

ബെസ്റ്റ് സെല്ലിംഗ് പുസ്തകമായ 'ദി ക്രിപ്റ്റോ ട്രേഡര്‍' രചയിതാവ് ഗ്ലെന്‍ ഗുഡ്മാന്‍, ബിറ്റ്‌കോയിന്റെ തിളക്കം നഷ്ടപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ടു. 'നമ്മള്‍ ഇപ്പോള്‍ ഒരു നോ മാന്‍സ് ലാന്‍ഡിലാണ്. ഞാന്‍ വാങ്ങുന്നില്ല, എന്നാല്‍ വില്‍ക്കാനുള്ള സമയമാണോ എന്ന് നിരീക്ഷിക്കും,' ഗുഡ്മാന്‍ പറഞ്ഞു. വിപണിയില്‍ കൃത്യമായ സമയത്ത് വാങ്ങാനോ വില്‍ക്കാനോ ശ്രമിക്കുന്നത് കത്തികൊണ്ട് കളിക്കുന്നതിന് തുല്യമാണെന്നും അത് 'രക്തം പുരണ്ട കൈകളില്‍' കലാശിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഐജി മാര്‍ക്കറ്റ്‌സിലെ ക്രിപ്റ്റോകറന്‍സി അനലിസ്റ്റ് ക്രിസ് ബ്യൂചാംപ് പറയുന്നത്, ബിറ്റ്‌കോയിന്‍ സ്റ്റോക്ക് ബബിളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന ഭയമാണ് ഇപ്പോള്‍ ഓരോ ഉയര്‍ച്ചയ്ക്ക് ശേഷവും വിലയിടിവിന് കാരണമാകുന്നതെന്നാണ്.

ഈ വിലയിടിവ് ഒരു താല്‍ക്കാലിക തിരുത്തല്‍ മാത്രമാണോ അതോ ക്രിപ്റ്റോ വിപണിയുടെ വലിയ തകര്‍ച്ചയുടെ തുടക്കമാണോ എന്ന് വ്യക്തമല്ലാത്തതിനാല്‍, നിലവില്‍ നിക്ഷേപകര്‍ക്ക് മുന്നിലുള്ളത് അനിശ്ചിതത്വമാണെന്നതാണ് വസ്തുത.