- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ടിത്തീരുവ തുടരുന്നെങ്കിലും സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ വര്‍ധന; അമേരിക്കയിലേക്കുള്ള ചരക്ക് കയറ്റുമതിയില്‍ ഒറ്റ മാസം രേഖപ്പെടുത്തിയത് 14.5 ശതമാനം കൂടുതല്‍; ഗ്യാസ് ഇറക്കുമതിയും നിര്‍ണ്ണായകം; മോദിയും ട്രംപും വ്യാപാരത്തില്‍ കൂടുതല്‍ അടുക്കുമ്പോള്‍
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാരം കൂടുതല്‍ ശക്തമാകുന്നുവോ? യുഎസിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതിയില്‍ ഒക്ടോബറില്‍ 14.5% വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. അഞ്ച് മാസത്തിനിടെ ആദ്യമായാണ് ഈ മേഖലയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ ഉയര്‍ന്ന താരിഫുകള്‍ ഇപ്പോഴും നിലവിലുണ്ടായിട്ടും ഈ മുന്നേറ്റം സാധ്യമായത് ശ്രദ്ധേയമാണ്.
ഓഗസ്റ്റ് 27-ന് റഷ്യന്‍ എണ്ണ വാങ്ങുന്നതിന് 25% പിഴയുള്‍പ്പെടെ 50% യുഎസ് താരിഫുകള്‍ ഏര്‍പ്പെടുത്തിയതിന് ശേഷം സെപ്റ്റംബറില്‍ കയറ്റുമതി കുത്തനെ കുറഞ്ഞിരുന്നു. എന്നാല്‍, ഇന്ത്യന്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ യുഎസില്‍ നിന്ന് കൂടുതല്‍ വാര്‍ഷിക ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് ഇറക്കുമതി ചെയ്യാന്‍ സമ്മതിച്ചതും, ട്രംപ് പല കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും താരിഫ് ഇളവ് നല്‍കിയതുമാണ് ഈ മെച്ചപ്പെട്ട പ്രകടനത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും, പ്രധാന വശങ്ങള്‍ അന്തിമഘട്ടത്തിലെത്തിയെന്നും ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
യുഎസിലേക്കുള്ള കയറ്റുമതിയില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍, ഒക്ടോബറില്‍ ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതി 11.8% കുറഞ്ഞു. പ്രധാനപ്പെട്ട 20 വിപണികളില്‍ 15 എണ്ണത്തിലും ഉഭയകക്ഷി വ്യാപാരത്തില്‍ ഇടിവുണ്ടായി. താരിഫ് ഇളവുള്ള സ്മാര്‍ട്ട്ഫോണുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍. ഈ കണക്കിനിടെയിലും മെയ് മുതല്‍ ഒക്ടോബര്‍ വരെ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 28.4% ഇടിഞ്ഞുവെന്നാണ് കണക്കുകള്‍, പ്രതിമാസം 2.5 ബില്യണ്‍ ഡോളറിലധികം കയറ്റുമതി മൂല്യം നഷ്ടമായിട്ടുണ്ട്.
ഇരട്ടിത്തീരുവ തുടരുന്നെങ്കിലും സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ വര്‍ധന ചില സന്ദേശങ്ങളാണ് നല്‍കുന്നത്. സെപ്റ്റംബറില്‍ 546 കോടി ഡോളറിന്റെ ചരക്കാണ് കയറ്റിയയച്ചതെങ്കില്‍ ഒക്ടോബറില്‍ ഇത് 630 കോടി ഡോളറായി ഉയര്‍ന്നു. ഏകദേശം 15 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്. സെപ്റ്റംബറിനെ അപേക്ഷിച്ച് വര്‍ധനയുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ കയറ്റുമതിയില്‍ 8.6 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. സ്മാര്‍ട്‌ഫോണുകള്‍, ഫാര്‍മ ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലെ കുതിപ്പാകാം ഒക്ടോബറിലെ മെച്ചപ്പെട്ട കണക്കില്‍ പ്രതിഫലിച്ചതെന്നാണ് സൂചന. അധിക തീരുവ ബാധകമാകാതിരുന്ന ജൂലൈയില്‍ 801 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. അതിനു ശേഷം ഓഗസ്റ്റ് മുതല്‍ കനത്ത ഇടിവാണ് നേരിട്ടത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞതോതിലുള്ള കയറ്റുമതിയായിരുന്നു സെപ്റ്റംബറിലേത്.
ഓഗസ്റ്റ് ഏഴിനു ചുമത്തിയ 25% 'പകരം തീരുവ'യാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഓഗസ്റ്റ് 27ന് ഇരട്ടിയാക്കിയത്. ഇരട്ടിത്തീരുവ ഭാഗികമായി ചുമത്തപ്പെട്ട ഓഗസ്റ്റില്‍ 686 കോടി ഡോളറായിരുന്നു യുഎസിലേക്കുള്ള ചരക്കുകയറ്റുമതി. ഈ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ ഒഴികെയുള്ള മാസങ്ങളില്‍ 790 കോടി ഡോളറില്‍ കുറയാത്ത കയറ്റുമതി യുഎസിലേക്കു നടന്നിരുന്നു. ഇന്ത്യയുഎസ് വ്യാപാരക്കരാറിന്റെ ആദ്യഘട്ടം യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നുവെന്ന് കേന്ദ്ര വാണിജ്യകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി (തുക കോടി ഡോളറില്‍)
ഒക്ടോബര്‍: 630
സെപ്റ്റംബര്‍: 546
ഓഗസ്റ്റ്: 686
ജൂലൈ: 801
ജൂണ്‍: 829
മേയ്: 883
ഏപ്രില്‍: 841
മാര്‍ച്ച്: 1,014
ഫെബ്രുവരി: 791
ജനുവരി: 844
മാസങ്ങളായുള്ള അനിശ്ചിതത്വത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങളില്‍ അയവ് വന്നിട്ടുണ്ട്. തിങ്കളാഴ്ച, ഇന്ത്യയുടെ വാര്‍ഷിക എല്‍പിജി ആവശ്യകതയുടെ 10% യുഎസില്‍ നിന്ന് ഉറപ്പാക്കാന്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ ചരിത്രപരമായ ഒരു വലിയ കരാറില്‍ ഏര്‍പ്പെട്ടതായി ഇന്ത്യ അറിയിച്ചു. ഈ തീരുമാനത്തെ 'ചരിത്രപരമായ വികസനം' എന്നാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയതും അതിവേഗം വളരുന്നതുമായ എല്‍പിജി വിപണി ഇപ്പോള്‍ അമേരിക്കയ്ക്കായി തുറന്നുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നത് കുറച്ച് യുഎസ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വാങ്ങാന്‍ ട്രംപ് ഭരണകൂടം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ പുതിയ കരാറുകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.




