മുംബൈ: സ്മാര്‍ട്ട്ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, സ്മാര്‍ട്ട് ടിവികള്‍ തുടങ്ങി നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന മിക്ക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെയും വില 2026-ല്‍ കുത്തനെ വര്‍ദ്ധിച്ചേക്കും. കമ്പ്യൂട്ടര്‍ ഭാഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ റാമിന്റെ വിലയില്‍ ഒക്ടോബര്‍ 2025-ന് ശേഷം ഉണ്ടായ ഇരട്ടിയിലധികം വര്‍ദ്ധനവാണ് ഇതിന് പ്രധാന കാരണം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലുണ്ടായ വമ്പിച്ച വളര്‍ച്ചയാണ് ഈ പ്രതിസന്ധിക്ക് പിന്നിലെ പ്രധാന ഘടകം. ലോകമെമ്പാടുമുള്ള വലിയ ഡാറ്റാ സെന്ററുകള്‍ക്ക് അക പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതില്‍ റാം ആവശ്യമായി വരുന്നു. ഇതോടെ വിപണിയില്‍ റാമിന് വന്‍ ഡിമാന്‍ഡ് ഉണ്ടാവുകയും എന്നാല്‍ ഉല്‍പ്പാദനം അതിനനുസരിച്ച് ഇല്ലാതാവുകയും ചെയ്തു. ഇതിന്റെ ഫലമായി മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ അഞ്ഞൂറ് ശതമാനം വരെ ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കുന്നത്.

കമ്പ്യൂട്ടര്‍ നിര്‍മ്മാണ മേഖലയിലുള്ളവര്‍ പറയുന്നത് അനുസരിച്ച്, ഒരു സാധാരണ ലാപ്‌ടോപ്പിന്റെ നിര്‍മ്മാണ ചിലവില്‍ മാത്രം 4,000 രൂപയോളം വര്‍ദ്ധനവുണ്ടാകും. സ്മാര്‍ട്ട്ഫോണുകള്‍ക്ക് കുറഞ്ഞത് 2,500 രൂപയെങ്കിലും അധികമായി നല്‍കേണ്ടി വരും. മുന്‍പ് ഒരു കമ്പ്യൂട്ടറിന്റെ ആകെ ചിലവിന്റെ 20 ശതമാനമായിരുന്നു റാമിനായി മാറ്റി വെച്ചിരുന്നത് എങ്കില്‍ ഇന്നത് 40 ശതമാനത്തോളമായി ഉയര്‍ന്നു. ഈ അധിക ചിലവ് നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കളില്‍ നിന്ന് തന്നെ ഈടാക്കും.

2026 മുതല്‍ 2027 വരെ ഈ വിലവര്‍ദ്ധനവ് തുടരാനാണ് സാധ്യത. ഇതുകാരണം പുതിയ ഫോണോ ലാപ്‌ടോപ്പോ വാങ്ങുന്നവര്‍ ഒന്നുകില്‍ വലിയ തുക നല്‍കേണ്ടി വരും, അല്ലെങ്കില്‍ കുറഞ്ഞ പ്രകടനക്ഷമതയുള്ള ഉപകരണങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. കയ്യിലുള്ള പഴയ ഉപകരണങ്ങള്‍ തന്നെ കൂടുതല്‍ കാലം ഉപയോഗിക്കുന്ന അവസ്ഥയും വരും.