മുംബൈ: ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ ഗുജറാത്തിലെ ജാംനഗര്‍ റിഫൈനറിയിലേക്ക് റഷ്യന്‍ ക്രൂഡ് ഓയിലുമായി നാല് ടാങ്കറുകള്‍ അടുത്ത ആഴ്ച എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് ഈ നീക്കം. ഇന്ത്യന്‍ ഇന്ധന നയം എന്താണെന്ന് ഇപ്പോഴും ആര്‍ക്കും അറിയില്ല.

ട്രേഡ് അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ജനുവരി ആദ്യവാരം ഈ കപ്പലുകള്‍ ഇന്ത്യയിലെത്തും. റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ റിലയന്‍സ് വലിയ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും ഇത് അവസാനിപ്പിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 2025 മാര്‍ച്ചില്‍ റിലയന്‍സ് റഷ്യയില്‍ നിന്ന് പ്രതിദിനം 7.83 ലക്ഷം ബാരല്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഡിസംബറായപ്പോഴേക്കും ഇത് പ്രതിദിനം 93,000 ബാരലായി കുത്തനെ കുറഞ്ഞു.

ജാംനഗറിലേക്ക് എത്തുന്ന നാല് ടാങ്കറുകളില്‍ മൂന്നെണ്ണം വിവിധ രാജ്യങ്ങള്‍ കരിമ്പട്ടികയില്‍പ്പെടുത്തിയവയാണ്. 'കാര്‍ത്ത', 'വൊക്കി', 'നേവ' എന്നീ കപ്പലുകള്‍ക്ക് മേല്‍ ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.മോസ്‌കോയെ സാമ്പത്തികമായി തളയ്ക്കാന്‍ റഷ്യന്‍ എണ്ണ ഒഴിവാക്കണമെന്ന് അമേരിക്ക ഇന്ത്യയോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് ഒക്ടോബര്‍ മുതല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി പുനഃപരിശോധിക്കുമെന്ന് റിലയന്‍സ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് പുതിയ കപ്പല്‍ വരവ് റിപ്പോര്‍ട്ട്.

എന്നിരുന്നാലും, ജനുവരിയില്‍ റഷ്യന്‍ എണ്ണ എത്തിക്കുന്നതിനായി കരാറുകളൊന്നും നിലവിലില്ലെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബ്ലൂംബെര്‍ഗിനോട് പ്രതികരിച്ചത്. എന്നാല്‍ കപ്പലുകളുടെ സഞ്ചാരപാത നിരീക്ഷിക്കുന്ന ഏജന്‍സികള്‍ ഈ ടാങ്കറുകള്‍ അടുത്ത ആഴ്ച തന്നെ തീരമണയുമെന്ന് ഉറപ്പിച്ചു പറയുന്നു. സിയറ ലിയോണ്‍, കൊമോറോസ് എന്നീ രാജ്യങ്ങളുടെ പതാകകളുമായാണ് ഈ ടാങ്കറുകള്‍ സഞ്ചരിക്കുന്നത്. എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ റഷ്യയെ പൂര്‍ണ്ണമായും കൈവിടില്ലെന്നാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

റഷ്യന്‍ എണ്ണയ്ക്ക് ഇന്ത്യയ്ക്ക് വന്‍ വിലക്കിഴിവ്; ഉപരോധങ്ങള്‍ക്കിടയിലും നേട്ടം കൊയ്യാന്‍ ഇന്ത്യന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഉപരോധം ശക്തമാകുന്നതിനിടെ ഇന്ത്യന്‍ കമ്പനികളെ പിടിച്ചുനിര്‍ത്താന്‍ അസംസ്‌കൃത എണ്ണവിലയില്‍ വന്‍ ഡിസ്‌കൗണ്ടുമായി റഷ്യ സജീവ നീക്കങ്ങളിലാണ്. ഒക്ടോബറില്‍ റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലുകോയിലിനും യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഡിസ്‌കൗണ്ട് ഇരട്ടിയായി വര്‍ധിപ്പിച്ചത്. നിലവില്‍ ഒരു ബാരല്‍ എണ്ണയ്ക്ക് എട്ട് ഡോളര്‍ വരെയാണ് ഇന്ത്യയ്ക്ക് ലഭിക്കുന്ന ഇളവ്.

ഒക്ടോബറില്‍ ഉപരോധം പ്രഖ്യാപിച്ച സമയത്ത് ബാരലിന് രണ്ട് മുതല്‍ നാല് ഡോളര്‍ വരെയായിരുന്നു ഡിസ്‌കൗണ്ട്. എന്നാല്‍ നവംബറില്‍ ഇത് 6.6 ഡോളറായും, നിലവില്‍ എട്ട് ഡോളറായും ഉയര്‍ന്നു. ഡിസ്‌കൗണ്ട് വര്‍ധിച്ചെങ്കിലും ഡിസംബറിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. നവംബറില്‍ പ്രതിദിനം 1.8 ദശലക്ഷം ബാരല്‍ ഇറക്കുമതി ചെയ്ത സ്ഥാനത്ത് ഡിസംബറില്‍ അത് 1.2 ദശലക്ഷം ബാരലായി കുറഞ്ഞുവെന്ന് കെപ്ലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ടെങ്കിലും റഷ്യ നല്‍കുന്ന അത്രയും കുറഞ്ഞ വിലയില്‍ വിതരണം ചെയ്യാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ തന്നെ വരും മാസങ്ങളില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വീണ്ടും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. 2022-ല്‍ യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ഘട്ടത്തില്‍ ബാരലിന് 30 ഡോളര്‍ വരെ ഡിസ്‌കൗണ്ട് നല്‍കിയാണ് റഷ്യ ഇന്ത്യയെയും ചൈനയെയും ആകര്‍ഷിച്ചിരുന്നത്.