- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'2000 രൂപയുടെ നോട്ട് മാറാൻ പ്രത്യേക അപേക്ഷയോ സ്ലിപ്പോ വേണ്ട; തിരിച്ചറിയൽ രേഖയും ആവശ്യമില്ല; 20,000 രൂപ വരെയുള്ള 2,000 നോട്ടുകൾ ഒരേസമയം നിക്ഷേപിക്കുകയോ മാറ്റുകയോ ചെയ്യാം'; സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായ പ്രചരണങ്ങൾക്കിടെ വിശദീകരണവുമായി എസ്.ബി.ഐ
ന്യൂഡൽഹി: 2000 രൂപയുടെ നോട്ട് മാറിയെടുക്കാൻ പ്രത്യേകം ബാങ്ക് സ്ലിപ്പോ തിരിച്ചറിയൽ രേഖയോ ആവശ്യമില്ലെന്ന് എസ്.ബി.ഐ. 20,000 രൂപവരെ ഒറ്റത്തവണ മാറിയെടുക്കാന് തിരിച്ചറിയൽ രേഖകളും സമർപ്പിക്കേണ്ടതില്ലെന്നും എസ്.ബി.ഐ വ്യക്തമാക്കി.
2,000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഏതെങ്കിലും ഫോമോ സ്ലിപ്പോ ആവശ്യമുണ്ടോ എന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്ക് വിരാമമിട്ടാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) പുതിയ മാർഗനിർദ്ദേശം. എതെങ്കിലും തരത്തിലുള്ള അപേക്ഷയോ സ്ലിപ്പോ ഇല്ലാതെ 2000ത്തിന്റെ നോട്ടുകൾ മാറ്റി നൽകാമെന്ന് എസ്.ബി.ഐ ബ്രാഞ്ചുകൾക്ക് നൽകിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. ഇതിന് തിരിച്ചറിയൽ രേഖകളും ആവശ്യമില്ല.
20,000 രൂപ വരെയുള്ള 2,000 നോട്ടുകൾ ഒരേസമയം നിക്ഷേപിക്കുകയോ മാറ്റുകയോ ചെയ്യാം. നിരോധിച്ച നോട്ടുകൾ മാറുന്നതിന് ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്നതിനൊപ്പം ഒരു ഫോം പൂരിപ്പിച്ചു നൽകണമെന്ന് സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടക്കുന്നതിനിടെയാണ് ബാങ്കിന്റെ വിശദീകരണം.
2000 രൂപ നോട്ടുകൾ പിൻവലിക്കുമെന്നും സെപ്റ്റംബർ 30-നകം അവ മാറ്റാനോ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ കഴിയുമെന്നും റിസർവ് ബാങ്ക് വെള്ളിയാഴ്ച അറിയിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) 19 പ്രാദേശിക ഓഫീസുകളും മറ്റ് ബാങ്കുകളും 2,000 രൂപ മെയ് 23 മുതൽ എടുക്കാൻ തുടങ്ങും.
2000 രൂപ/യുടെ നോട്ടുകൾ പിൻവലിച്ച് ആർബിഐ കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. നിലവിൽ പ്രചാരത്തിലുള്ള നോട്ടുകൾ സപ്തംബർ മുപ്പതിനകം ബാങ്കുകളിൽ തിരികെ നല്കാനാണ് നിർദ്ദേശം.സാമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചരണങ്ങൾ വ്യാപകമായ പശ്ചാത്തലത്തിലാണ് എസ്‌ബിഐയുടെ വിശദീകരണം
2016ൽ അഞ്ഞൂറ് ആയിരം രൂപ നോട്ടുകൾ നിരോധിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രണ്ടായിരം രൂപ നോട്ടുകൾ അച്ചടിച്ചു തുടങ്ങിയത്. 500 രൂപാ നോട്ടിനു പകരം പുതിയ 500ന്റെ നോട്ടുകൾ പിന്നീട് പുറത്തിറക്കി. 500ന്റെ നോട്ടുകൾ ആവശ്യത്തിന് ലഭ്യമായതോടെ 2018ൽ 2000 രൂപ നോട്ട് അച്ചടിക്കുന്നത് നിർത്തിയിരുന്നു. രണ്ടായിരത്തിന്റെ നോട്ടുകൾ പൂർണ്ണമായും പിൻവലിക്കുന്നതായാണ് ആർബിഐ വാർത്താകുറിപ്പിലൂടെ അറിയിച്ചത്.
ഇപ്പോൾ കൈവശമുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ തല്ക്കാലം മൂല്യമുണ്ടാകും. ഇത് കൈമാറ്റം ചെയ്യുന്നതിനും തടസ്സമില്ല. എന്നാൽ നോട്ടുകൾ 2023 സെപ്റ്റംബർ 30നകം ബാങ്കുകളിൽ മാറ്റിയെടുക്കണം. ഇതിനായി മെയ് 23 മുതൽ സൗകര്യമൊരുക്കും. 2000 രൂപയുടെ പരമാവധി 10 നോട്ടുകൾ വരെ ഒരേസമയം ഏതു ബാങ്കിൽനിന്നും മാറ്റിയെടുക്കാമെന്നാണ് അറിയിപ്പ്. 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ ഉള്ള സംവിധാനമാണ് ക്രമീകരിക്കുക.
പഴയ നോട്ടുകൾ പിൻവലിക്കുന്ന ക്ലീൻ നോട്ട് നയത്തിന്റെ ഭാഗമാണിതെന്ന് ആർബിഐ വിശദീകരിച്ചു ആകെ മൂന്നു ലക്ഷത്തി അറുപത്തി രണ്ടായിരം കോടിയുടെ നോട്ടുകളാണ് നിലവിൽ ജനങ്ങളുടെ പക്കലുള്ളത്. ഇത് പത്തു ശതമാനം മാത്രമാണെന്നിരിക്കെ ജനങ്ങളെ ബാധിക്കില്ല എന്നാണ് റിസർവ് ബാങ്ക് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ