- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ശതമാനം വായ്പാപരിധി ഈ വർഷം വർധിപ്പിച്ചാൽ അടുത്ത വർഷം കടമെടുപ്പു പരിധിയിൽ ഈ തുക കുറവു വരുത്തുന്നതിൽ എതിർപ്പില്ല; ഓണക്കാലത്തുകൊടുക്കുന്നതെല്ലാം നികുതിയായി കിട്ടുമെന്ന് പ്രതീക്ഷ; കേന്ദ്രം കനിഞ്ഞില്ലെങ്കിൽ സഹകരണ വായ്പയെ ആശ്രയിക്കും; നല്ലൊണമുണ്ണാൻ തന്ത്രങ്ങളുമായി പിണറായി സർക്കാർ
തിരുവനന്തപുരം: വീണ്ടും കടമെടുക്കും. ഓണം ആഘോഷിക്കാൻ ഇത് അനിവാര്യതയാണ്. ആവശ്യത്തിന് പണം കടമെടുക്കാനാണ് നീക്കം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ഓണത്തിനു ജനങ്ങളിലേക്കു പണം എത്തിച്ചുകൊണ്ടു നികുതി ഇനത്തിൽ ഉൾപ്പെടെ വരുമാനം കൊയ്യാനുള്ള മാർഗം തേടുകയാണു സർക്കാർ. കേന്ദ്രം സഹായിച്ചില്ലെങ്കിൽ സഹകരണ ബാങ്കുകളിൽ നിന്നുൾപ്പെടെ പണം കടമെടുക്കും. സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും പെൻഷനും നൽകാൻ മാത്രം 5300 കോടിയോളം രൂപ വേണം. കഴിഞ്ഞ മാസത്തെ ജിഎസ്ടി വരുമാനം പൂർണമായി പിരിച്ചെടുക്കാനും നീക്കം നടത്തും.
ഈ മാസം ശമ്പളവും കൃത്യമായി കൊടുക്കും. ഓണം മാസ അവസാനമാണ്. അതുകൊണ്ട് ഈ മാസം 25ന് അടുത്ത മാസത്തെ ശമ്പളവും കൊടുക്കണം. ഈ പതിവും മാറ്റില്ല. ഓണച്ചെലവിനു 10,000 മുതൽ 15,000 കോടി രൂപ വരെ വേണം. ഖജനാവ് കാലിയായതിനാൽ കടമെടുത്തു വിപണിയിൽ പണമിറക്കും. നികുതി ഇനത്തിൽ കുറേ തിരിച്ചു കിട്ടും. സർക്കാർ ജീവനക്കാർക്ക് ബോണസും കൊടുക്കും. എന്നാൽ അഡ്വാൻസ് കൊടുക്കുന്നതിൽ തീരുമാനമായിട്ടില്ല.
വായ്പാപരിധിയിൽ ഒരു ശതമാനം വർധന വരുത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ്.ഒരു ശതമാനം വായ്പാപരിധി ഈ വർഷം താൽക്കാലികമായി വർധിപ്പിച്ചാൽ, അടുത്ത വർഷത്തെ കടമെടുപ്പു പരിധിയിൽ ഈ തുക കുറവു വരുത്താമെന്നാണു കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചിരിക്കുന്ന വ്യവസ്ഥ. അങ്ങനെ ഫലത്തിൽ കേരളത്തിന് കേന്ദ്രം അനുവദിച്ച തുകയിലും പരാതിയില്ലെന്ന് പറയുകയാണ് കേരളം. ഒരു ശതമാനം കൂടുതലായി അനുവദിച്ചാലും ഈ വർഷം പിടിച്ചു നിൽക്കുക അസാധ്യമാണ്. ഓണം കിറ്റും പ്രതിസന്ധിയിലാണ്.
ആവശ്യത്തിനു പണം കണ്ടെത്തിയാൽ ഭക്ഷ്യ കിറ്റിനും സപ്ലൈകോയുടെ വിപണി ഇടപെടലിനുമായി 750 കോടി നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഭക്ഷ്യ കിറ്റ് ആർക്കൊക്കെ നൽകണമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. ക്ഷേമ പെൻഷനുകളും ഓണത്തിനു മുൻപു വിതരണം ചെയ്യും. സാമ്പത്തികവർഷത്തിന്റെ ആദ്യനാലു മാസങ്ങളിൽ 16,000 കോടിയാണ് സർക്കാരിന് എടുക്കേണ്ടിവന്നത്. ജൂലായിൽ മാത്രം 7500 കോടിയുടെ കടപ്പത്രങ്ങൾ പുറപ്പെടുവിക്കേണ്ടിവന്നു.
ഗുരുതര സാമ്പത്തികപ്രതിസന്ധി മൂലം ഇക്കുറി സർക്കാർ ജീവനക്കാരുടെ ഓണം അഡ്വാൻസ് തുക ഒഴിവാക്കാനോ വെട്ടിക്കുറയ്ക്കാനോ ധനവകുപ്പ് ആലോചിക്കുന്നുവെന്നതാണ് വസ്തുത. 15,000 കോടിയുടെ അധിക സഹായം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്കു ധനമന്ത്രി കെ.എൻ.ബാലഗോപാൽ കത്തു നൽകിയിട്ടുണ്ട്. ഇതിൽ അനുകൂല തീരുമാനമുണ്ടായാൽ പോലും പ്രതിസന്ധി മറികടക്കാൻ കഴിയില്ല. ശമ്പളത്തിന് 3400 കോടിയും പെൻഷന് 2100 കോടിയും ക്ഷേമ പെൻഷന് (2 മാസം) 1700 കോടിയും വേണം. ഇതിനൊപ്പം ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവയ്ക്ക് 600 കോടിയും വേണം. കെഎസ്ആർടിസിക്ക് 70 കോടി നൽകണം. അങ്ങനെ ആകെ 7870 കോടിയാണ് സർക്കാരിന് വേണ്ടത്.
കേന്ദ്ര സർക്കാർ കനിഞ്ഞാൽ പോലും ഈ തുക കണ്ടെത്തുക അസാധ്യമാണ്. ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കേരളം കടക്കണം. ഇതെല്ലാം മനസ്സിലാക്കിയാണ് അഡ്വാൻസ് നൽകൽ വേണ്ടെന്ന് വയ്ക്കുന്നത്. സംസ്ഥാനത്തിനകത്തുനിന്ന് ആവശ്യത്തിന് വരുമാനമുണ്ടായാലേ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകൂ. അല്ലാത്ത പക്ഷം കേന്ദ്രം കൂടുതൽ വായ്പ അനുവദിക്കണം.
മറുനാടന് മലയാളി ബ്യൂറോ