തിരുവനന്തപുരം: പുതുവർഷത്തിൽ സംസ്ഥാന സർക്കാരിന്റെ ആദ്യ കടമെടുപ്പ് 2,603 കോടി രൂപ. അടുത്ത മാസം മൂന്നിനാണ് ഇതിനായുള്ള ലേലം റിസർവ് ബാങ്ക് ആസ്ഥാനത്തു നടക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് ഇത്.

രണ്ടുദിവസം മുമ്പ് 1500 കോടി രൂപ കടമെടുത്തതിന് പിന്നാലെയാണിത്. ഒരാഴ്ചക്കിടെയുള്ള കടമെടുപ്പ് 4103 കോടിയാകും. ഈ മാസത്തെ ശമ്പള-പെൻഷൻ വിതരണവും സുഗമമാക്കാനും പദ്ധതി വിനിയോഗം മെച്ചപ്പെടുത്താനുമാണ് കടമെടുപ്പ്. കേന്ദ്ര സർക്കാർ അനുവദിച്ച കടമെടുപ്പ് പരിധിയിലേക്ക് ഏറക്കുറെ കേരളം എത്തിക്കഴിഞ്ഞു. സാമ്പത്തികവർഷം അവസാനിക്കാൻ മൂന്നുമാസം കൂടി ബാക്കിനിൽക്കെ കൂടുതൽ കടമെടുക്കലിന് കേരളം അനുമതിതേടും.

വികസന പ്രവർത്തനങ്ങൾക്കായെന്ന പേരിലാണു കടമെടുപ്പെങ്കിലും ശമ്പളവും പെൻഷനും കൊടുക്കാനാണ് പണം ചെലവിടുക. കേരളത്തിന് ഈ സാമ്പത്തിക വർഷം കടമെടുക്കാൻ 2,000 കോടി രൂപയാണ് ബാക്കിയുണ്ടായിരുന്നത്. 2,603 കോടി രൂപയുടെ കടപ്പത്ര വിൽപന ജനുവരി മൂന്നിന് മുംബൈ റിസർവ് ബാങ്കിൽ നടക്കും. തൊട്ടടുത്ത ദിവസം പണം സർക്കാറിന് ലഭിക്കും. ഡിസംബർ 28നാണ് 1500 കോടി രൂപ കടമെടുത്തത്. ശമ്പള-പെൻഷൻ വിതരണം വരുംദിവസങ്ങളിലാണ് ശക്തിപ്പെടുക. വാർഷിക പദ്ധതി വിനിയോഗം ഇപ്പോഴും ഇഴയുകയാണ്. പണത്തിന്റെ കുറവാണ് കാരണം.

കേരളത്തിന് ഈ സാമ്പത്തികവർഷം കടമെടുക്കാൻ 2000 കോടി രൂപയാണ് ബാക്കിയുണ്ടായിരുന്നത്. വൈദ്യുതി മേഖലയിലെ മെച്ചപ്പെട്ട പ്രകടനം കണക്കിലെടുത്ത് 4060 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർക്കാർ രണ്ടാഴ്ച മുമ്പ് അനുമതി നൽകിയതോടെ കടമെടുപ്പു പരിധി 6060 കോടിയായി വർധിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും കടമെടുക്കാൻ കഴിയുന്നത്. ഏതായാലും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന കടന്നു പോകുന്നത്. കിഫ്ബി അടക്കമുള്ള സംവിധാനങ്ങൾ കടമെടുത്താണ് എല്ലാം ചെയ്യുന്നത്. ഫെബ്രുവരിയിലും മാർച്ചിലും കടമെടുത്ത് മാത്രമേ സർക്കാരിന് മുമ്പോട്ട് പോകാൻ കഴിയൂ.

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണത്തിന് സർക്കാർ തയ്യാറെടുക്കുകയാണ്. അതിനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. ജനുവരി 23ന് വീണ്ടും നിയമസഭ ചേരാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഡിസംബർ സമ്മേളനത്തിന്റെ തുടർച്ചയായാകും സമ്മേളനം. 24നോ 25നോ ബജറ്റ് അവതരിപ്പിച്ചേക്കും. പൊതുചർച്ചക്ക് ശേഷം ഫെബ്രുവരി അവസാനത്തോടെ വീണ്ടും ചേർന്ന് ബജറ്റ് പാസാക്കാനാണ് ആലോചിക്കുന്നത്. വരുമാന വർധനക്ക് കടുത്ത നടപടികൾ കൈക്കൊള്ളേണ്ടിവരും.

കോവിഡ് കാലത്തെ തകർച്ചയിൽനിന്ന് സ്ഥിതി മെച്ചപ്പെട്ടെങ്കിലും വരുമാനത്തിൽ വലിയ വർധനയില്ല. ജി.എസ്.ടിയിൽനിന്ന് പ്രതീക്ഷിച്ചതൊന്നും ഇനിയും കിട്ടിയിട്ടില്ല.