- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണത്തിനും തിരിച്ചറിയൽ കോഡ് വരുന്നെന്ന് കേട്ടപാടേ പഴയ സ്വർണം എന്തുചെയ്യുമെന്ന വേവലാതി വേണ്ട; ഏപ്രിൽ ഒന്ന് മുതൽ എച്ച് യു ഐ ഡി നിലവിൽ വരുമ്പോൾ പഴയ സ്വർണം വിൽക്കാനും നല്ല വില കിട്ടാനും സാധാരണക്കാർക്ക് തടസ്സമില്ല; ഹാൾമാർക്കിൽ ആറക്കം വരുമ്പോൾ സ്വർണത്തിന് പരിശുദ്ധി കൂടുമോ?
കൊച്ചി: എല്ലാറ്റിനും തിരിച്ചറിയൽ കാർഡ് വേണ്ട കാലമാണ്. സ്വർണത്തിനും വേണ്ടേ? വേണം. സ്വർണാഭരണങ്ങൾക്ക് ഇനി തിരിച്ചറിയൽ കോഡ് നിർബന്ധമാണ്. നിലവിലുള്ള ഹാൾമാർക്കിന് പകരമാണ് പുതിയ ഹാൾമാർക്ക് യൂണീക് ഐഡന്റിഫിക്കേഷൻ (എച്ച്യുഐഡി) എന്ന തിരിച്ചറിയൽ കോഡ് നിർബന്ധമാക്കുന്നത്.
എപ്രിൽ ഒന്നുമുതൽ, സ്വർണാഭരണങ്ങളുടെ വിൽപ്പനയ്ക്ക് ആറക്കങ്ങളുള്ള എച്ച് യു ഐ ഡി കോഡ് നിർബന്ധമാക്കും. അതായത് ഈ ആറക്ക കോഡ് ഇല്ലാത്ത ആഭരണങ്ങളുടെ വിൽപ്പന അനുവദിക്കില്ല എന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ജനങ്ങളുടെ കൈവശമുള്ള പഴയ സ്വർണം എന്തു ചെയ്യും?
തിരിച്ചറിയൽ കോഡ് എന്ന കേട്ടപാടേ, പഴയ സ്വർണം എല്ലാം എന്തുചെയ്യും എന്നോർത്ത് ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ല. സ്വർണ വ്യാപാരികൾക്കാണ് തിരിച്ചറിയൽ കോഡ് ബാധകമാക്കുക. ഉപഭോക്താക്കൾക്ക് പഴയ സ്വർണം ഉപയോഗിക്കുന്നതിനോ, വിൽക്കുന്നതിനോ തടസ്സമില്ല. പഴയ സ്വർണം തിരിച്ചെടുക്കുമ്പോൾ വിലയിൽ വ്യത്യാസം വരുമെന്ന ആശങ്കയ്ക്കും വകയില്ല. സ്വർണത്തിന്റെ പരിശുദ്ധിയുടെ ഗ്രേഡ് ആണ് പരിഗണിക്കുന്നതുകൊണ്ട് കാരറ്റ് അനുസരിച്ചുള്ള മൂല്യം ഉപഭോക്താവിന് ലഭിക്കും.
എന്താണ് നേട്ടം?
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാർഡേർഡ്‌സിന്റെ (ബിഐഎസ്) ലോഗോ, കാരറ്റ്, ആറക്ക എച്ച്യുഐഡി കോഡ് എന്നിവ മാത്രമേ ഏപ്രിൽ ഒന്ന് മുതൽ വിൽക്കുന്ന ആഭരണങ്ങളിൽ പാടുള്ളു. നിലവിൽ ആഭരണങ്ങളിൽ ബിഐഎസ് ലോഗോ, കാരറ്റ്, ഹാൾമാർക്ക് സെന്റർ വിവരം, ജൂവലറി വിവരം എന്നിവയാണ് ഉൾപ്പെടുത്തുന്നത്. നിലവിൽ, നാലക്ക ഹാൾമാർക്കിങ് മുദ്രവച്ചിട്ടുള്ള പുതിയ ആഭരണങ്ങൾ വിൽക്കാൻ വ്യാപാരികൾ അത് ഒഴിവാക്കി എച്ച്യുഐഡി പതിപ്പിക്കേണ്ടിവരും.
സ്വർണാഭരണ വില്പനരംഗം സുതാര്യമാക്കാനും സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനും ആറക്ക എച്ച്യുഐഡി കോഡ് സഹായിക്കുമെന്ന് സ്വർണ വ്യാപാര രംഗത്തെ പ്രമുഖർ പറയുന്നു. എച്ച്.യു.ഐ.ഡി. നിർബന്ധമാക്കുന്നതോടെ ആഭരണവില്പനയിലെ എല്ലാ ഇടപാടുകളും കണ്ടെത്താനും തിരിച്ചറിയാനും കഴിയും.
നികുതി വെട്ടിപ്പ് തടയാം
നികുതി വെട്ടിപ്പ് തടയുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ് ഇതെന്ന് മലബാർ ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ എംപി. അഹമ്മദ് പറഞ്ഞു. സർക്കാറിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തുന്നതിന് വ്യാജ എച്ച്.യു.ഐ.ഡി ചില കേന്ദ്രങ്ങൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പഴയ തീയതി വെച്ച് ഹാൾമാർക്കിങ് രേഖപ്പെടുത്തി എച്ച്.യു.ഐ.ഡി നിബന്ധനയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമവും നടക്കുന്നു. അതു കണക്കിലെടുത്ത് ബന്ധപ്പെട്ട കേന്ദ്രസർക്കാർ ഏജൻസികൾ പരിശോധന കർശനമാക്കണം. സംസ്ഥാന സർക്കാർ ഇവേ ബിൽ ഏർപ്പെടുത്താൻ തയാറാകണമെന്നും എംപി. അഹമ്മദ് ആവശ്യപ്പെട്ടു.
നിയമം കർശനമോ?
നിലവിൽ, നാലക്ക ഹാൾമാർക്കിങ് മുദ്രവച്ച ആഭരണങ്ങൾ മാറ്റാൻ ജൂവലറി ഉടമകൾക്ക് രണ്ടുവർഷത്തോളം സമയം നൽകിയതാണെന്ന് ബ്യോറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് ഡിജി പ്രമോദ് കുമാർ തിവാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയമം കർശനമായി നടപ്പാക്കാൻ തന്നെയാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. രണ്ട് ഗ്രാമിൽ കൂടുതൽ തൂക്കമുള്ള ആഭരണങ്ങൾക്കാണ് എച്ച്യുഐഡി കോഡ് നിർബന്ധമാക്കുന്നത്. 40 ലക്ഷം രൂപയിൽ താഴെ വാർഷിക വിറ്റുവരവുള്ളവർക്ക് നിലവിൽ ബിഐഎസ് ലൈസൻസ് ആവശ്യമില്ല. എന്നാൽ, എച്ച്യുഐഡി മുദ്രയുള്ള ആഭരണങ്ങൾ വിൽക്കണമെങ്കിൽ അവരും ലൈസൻസ് എടുക്കേണ്ടിവരും. ഇതുചെറുകിട സ്വർണവ്യാപാരികളെ ബാധിച്ചേക്കുമെന്ന ആശങ്ക ഉയർന്നുകഴിഞ്ഞു.
2021 ജൂൺ മുതലാണ് രാജ്യത്ത് ഹാൾമാർക്കിങ് കൊണ്ടുവന്നത്. ജൂലൈയിൽ എച്ച്യുഐഡിയും കൊണ്ടുവന്നെങ്കിലും, വ്യാപാരി സംഘടനകളുടെ ആവശ്യപ്രകാരം സമയം നീട്ടി നൽകുകയായിരുന്നു. സംസ്ഥാനത്തെ പകുതിയോളം ആഭരണങ്ങൾ നാലക്ക ഹാൾമാർക്കിങ് മുദ്രവച്ചവയാണ്. അതുകൊണ്ട് മാർച്ച് 31 കഴിഞ്ഞാലും പകുതിയോളം പഴയമട്ടിൽ തന്നെയാകും. ഹാൾ മാർക്കിങ്ങിന് വേണ്ടി വരുന്ന സമയം കണക്കിലെടുത്താൽ, ഏപ്രിൽ ഒന്നോടെ നിയമം പൂർണമായി നടപ്പിലാക്കുക പ്രായോഗികമായിരിക്കില്ല.
മറുനാടന് മലയാളി ബ്യൂറോ