തിരുവനന്തപുരം: എല്ലാ പൗരന്മാരിലേക്കും വ്യക്തിഗത ഇൻഷുറൻസും അപകട ഇൻഷുറൻസും കുറഞ്ഞ പ്രീമിയം തുകയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ തുടങ്ങിയ പി.എം.ജെ.ജെ.ബി.വൈ.യിലും പി.എം.എസ്.ബി.വൈ.യിലും അംഗമാകാം. രണ്ട് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ കിട്ടുന്ന പദ്ധതികളാണിവ. വ്യക്തിഗത ഇൻഷുറൻസിന് വാർഷിക പ്രീമിയം 436 രൂപയും അപകട ഇൻഷുറൻസിന് പ്രീമിയം 20 രൂപയുമാണ്. ഈ പദ്ധതികളിൽ അംഗമാകാൻ പാസ്ബുക്കുമായി അടുത്തുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന ബാങ്കേഴ്സ് സമിതി അറിയിച്ചു.

പി.എം.ജെ.ജെ.ബി.വൈയുടെ കീഴിലുള്ള ഉപയോക്താക്കളുടെ എണ്ണം 6.4 കോടിയിൽ നിന്ന് 15 കോടിയായും, പി.എം.എസ്.ബി.വൈയുടേത് 22 കോടിയിൽ നിന്ന് 37 കോടിയായും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രധാന്മന്ത്രി ജീവൻ ജ്യോതി ബീമ യോജന (പി.എം.ജെ.ജെ.ബി.വൈ), പ്രധാന്മന്ത്രി സുരക്ഷാ ബീമ യോജന (പി.എം.എസ്.ബി.വൈ) എന്നീ പദ്ധതികളുടെ പ്രീമിയത്തിൽ കഴിഞ്ഞ വർഷം മുമ്പാണ് മാറ്റം വരുത്തിയത്.

പദ്ധതികളെ സാമ്പത്തികമായി ലാഭകരമാക്കുന്നതിനായാണു നിരക്കുകൾ ഉയർത്തിയിരിക്കുന്നത്. പി.എം.ജെ.ജെ.ബി.വൈ പദ്ധതിയുടെ പ്രീമിയം 32 ശതമാനവും, പി.എം.എസ്.ബി.വൈ പദ്ധതിയുടെ പ്രീമിയം 67 ശതമാനവുമാണ് വർധിപ്പിച്ചത്. പദ്ധതികൾക്കു കീഴിലുള്ള ക്ലെയിമുകൾ ദിനംപ്രതി വർധിച്ച സാഹചര്യത്തിൽ പ്രീമിയം വർധനയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി.

പി.എം.ജെ.ജെ.ബി.വൈയുടെ പ്രീമിയം നിരക്ക് പ്രതിദിനം 1.25 രൂപയായി ഉയർത്തിയതോടെയണ് 330 രൂപയിൽ നിന്ന് 436 രൂപയായി വർധിച്ചത്. പോളിസി ഉടമ ഏതെങ്കിലും കാരണത്താൽ മരണപ്പെട്ടാൽ രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. 18- 50 വയസ് പ്രായമുള്ള ആളുകൾക്ക് ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾ വഴി പദ്ധതിയിൽ അംഗമാകാം. പ്രീമിയം അടയ്ക്കുന്നതിന് ഓട്ടോ ഡെബിറ്റ് സംവിധാനവും ലഭ്യമാണ്.

പ്രധാന്മന്ത്രി സുരക്ഷാ ബീമാ യോജന (PMSBY)

പി.എം.എസ്.ബി.വൈയുടെ വാർഷിക പ്രീമിയം 12 രൂപയിൽ നിന്ന് 20 രൂപയായാണ് ഉയർത്തിയത്. 2022 മാർച്ച് 31ലെ കണക്കുകൾ പ്രകാരം പി.എം.എസ്.ബി.വൈക്ക് കീഴിൽ എന്റോൾ ചെയ്ത സജീവ വരിക്കാരുടെ എണ്ണം 22 കോടിയാണ്. 18- 70 വയസ് പ്രായമുള്ള ആളുകൾക്ക് ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾ വഴി പദ്ധതിയിൽ അംഗമാകാം. അപകട മരണത്തിനും, പൂർണമായ വൈകല്യത്തിനും രണ്ടു ലക്ഷം രൂപയും, ഭാഗിക വൈകല്യങ്ങൾക്ക് ഒരു ലക്ഷം രൂപയും ക്ലെയിം ലഭിക്കും. ഇവിടെയും പ്രീമിയത്തിന് ഓട്ടോ ഡെബിറ്റ് പ്രയോജനപ്പെടുത്താം.

പ്രീമിയവും ക്ലെയിമും

ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാകും രണ്ട് സ്‌കീമുകൾക്കും കീഴിലുള്ള ക്ലെയിമുകൾ അനുവദിക്കുക. പി.എം.എസ്.ബി.വൈ ആരംഭിച്ചതു മുതൽ, പ്രീമിയം ഇനത്തിൽ 1,134 കോടി രൂപ പദ്ധതി നടപ്പാക്കുന്ന ഇൻഷുറൻസ് കമ്പനികൾ സമാഹരിച്ചിട്ടുണ്ട്.