- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ വീട് വിറ്റ് വാടക വീട്ടിലേക്ക് മാറിയ കൃപയും മനുവും; വാങ്ങിയിട്ട സ്ഥലത്ത് വീട് വച്ചു കൊടുക്കാമെന്ന് പറഞ്ഞ് സംഘടനയെത്തിയത് പ്രതീക്ഷയായി; എട്ടിന് കല്ലിട്ടത് ഏഴിന് പുലര്‍ച്ചെ വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കുഴിച്ചു മൂടിയ അതേ ഭൂമിയില്‍; ആ കൊലയില്‍ തകര്‍ന്നത് കൃപയുടെ സ്വപ്നങ്ങളും
ആലപ്പുഴ: വിജയലക്ഷ്മിയെ കൊന്ന് മൃതദേഹം ആഴംകുറഞ്ഞ കുഴിയിലാണ് ജയചന്ദ്രന്‍ കുഴിച്ചിട്ടത്. എന്നാല്‍ ആ ആഴം കുറഞ്ഞ കുഴിയെന്ന് ഒരു കുടുംബത്തിന്റെ മനസ്സില്‍ ആഴമുള്ള ആശങ്കയാണ്. സ്വന്തം വീടിന് കല്ലിട്ട സ്ഥലത്ത് മൃതദേഹം കുഴിച്ചിട്ടെന്ന വിവരം അറിഞ്ഞ് ഞെട്ടല്‍ മാറാതെ കൃപ ഇപ്പോഴും പൊട്ടി കരയുകയാണ്. ആശങ്ക മാറുന്നില്ല. മത്സ്യത്തൊഴിലാളിയായ പുറക്കാട് അഴിക്കകത്ത് വീട്ടില്‍ മനു--കൃപ ദമ്പതികള്‍ വാങ്ങിയ സ്ഥലത്താണ് കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം ജയചന്ദ്രന്‍ കുഴിച്ചിട്ടത്. ഇത് മനുവിന്റേയും കൃപയുടേയും പ്രതീക്ഷകളെ കൂടി പ്രതിസന്ധിയിലാക്കുകയാണ്.
ഏറെക്കാലത്തെ പ്രതീക്ഷയ്ക്കൊടുവില്‍ ഒരു സംഘടനയാണ് മനുവിനും കൃപയ്ക്കും വീട് നിര്‍മിച്ചുനല്‍കാമെന്നറിയിച്ചത്. എട്ടിനാണ് കല്ലിട്ടത്. അപ്പോഴും അറിഞ്ഞില്ല, പുരയിടത്തിന്റെ ഒരു കോണില്‍ മണ്ണിനടിയില്‍ മൃതദേഹമുണ്ടെന്ന്. ചൊവ്വ രാവിലെ നാട്ടുകാരാണ് കൃപയെ വിവരമറിയിച്ചത്. മനു മാലിദ്വീപിലാണ്. പിതൃസഹോദരന്‍ രാജീവനൊപ്പമാണ് സ്ഥലത്തെത്തിയത്. ഇനി എന്ന് വീട് നിര്‍മിക്കാനാകുമെന്ന ആശങ്കയിലാണ് കൃപ.
സാമ്പത്തിക പ്രതിസന്ധിയില്‍ വീട് വിറ്റശേഷം മനുവും ഭാര്യ കൃപയും രണ്ട് മക്കളുമാെന്നിച്ച് വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. മീന്‍പിടിത്തത്തിലൂടെ കിട്ടുന്ന വരുമാനത്തില്‍നിന്ന് മിച്ചംപിടിച്ചും സ്വര്‍ണം പണയം വച്ചും ബന്ധുക്കളുടെ സഹായത്താലുമാണ് പുറക്കാട് മൂന്നാം വാര്‍ഡ് ഐവാട്ടുശേരിയില്‍ 4.5 സെന്റ് സ്ഥലം എട്ടുവര്‍ഷം മുമ്പ് വാങ്ങിയത്. ഈ ഭൂമിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഈ കുടുംബത്തിന്റെ ഭാവിയും പ്രതിസന്ധിയിലായി. ഇനി ഈ ഭൂമിയില്‍ വീട് വയ്ക്കാന്‍ കഴിയുമോ എന്നത് അടക്കമുള്ള സംശയം. വസ്തു വിറ്റാലും ആരെങ്കിലും വാങ്ങുമോ എന്നതും ആശങ്കായി മാറുന്നു.
വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനു പിന്നിലെ ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. ജയചന്ദ്രന്റെ തന്റെ വീട്ടില്‍ നിന്ന് 5 മീറ്റര്‍ അകലെയാണ് മൃതദേഹം കുഴിച്ചിട്ടത്. അതേസമയം ജനസാന്ദ്രതയേറിയ പ്രദേശത്ത് ആരും കാണാതെ ജയചന്ദ്രന്‍ മൃതേദേഹം എങ്ങനെ കുഴിച്ചിട്ടു എന്നതും പൊലീസ് പരിശോധിക്കുകയാണ്. കുഴിയെടുക്കുന്ന സമയത്തോ മൃതദേഹം മറവു ചെയ്യുന്ന സമയത്തോ ആരും കണ്ടില്ലെന്നതും പൊലീസിനെ അദ്ഭുതപ്പെടുത്തുന്നുണ്ട്. മൃതദേഹം കുഴിച്ചിട്ട് അവിടെ മൂന്നു തെങ്ങിന്‍ തൈകള്‍ വച്ച ശേഷമാണ് ജയചന്ദ്രന്‍ കരുനാഗപ്പള്ളിയിലേക്ക് മടങ്ങിയത്.
ആറിന് അമ്പലപ്പുഴയിലെത്തിയ വിജയലക്ഷ്മിയും ജയചന്ദ്രനും സന്ധ്യയോടെ ഓട്ടോറിക്ഷയില്‍ ജയചന്ദ്രന്റെ കരൂരുള്ള വീട്ടിലെത്തി. ഹോം നഴ്‌സായ ജയചന്ദ്രന്റെ ഭാര്യ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. മാസത്തില്‍ ഏതാനും ദിവസമേ ഇവര്‍ വീട്ടിലുണ്ടാകാറുള്ളൂവെന്ന് അയല്‍വാസികള്‍ പറഞ്ഞു. മകനും വീട്ടിലില്ലായിരുന്നു. മലയാലപ്പുഴ ക്ഷേത്രത്തില്‍ പോകാമെന്ന് പറഞ്ഞാണ് കരുനാഗപ്പള്ളിയില്‍നിന്ന് വിജയലക്ഷ്മിയെ കരൂരിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. അമ്പലപ്പുഴ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് വീട്ടിലെത്തിയത്. കൊലപ്പെടുത്തിയ വിജയലക്ഷ്മിയുടെ മൂന്നര പവന്‍ ആഭരണങ്ങള്‍ കണ്ടെടുത്തിട്ടില്ല.
അധികം ആഴമില്ലാത്ത കുഴിയിലാണ് മൃതദേഹം മറവുചെയ്തത്. സിമന്റ് ലായനിയും ഒഴിച്ചു. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഏറ്റുവാങ്ങുകയും ചെയ്തു. വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മിലുള്ള ബന്ധം ഭാര്യ സുനിമോള്‍ക്കറിയാമെന്നു പൊലീസ് മനസ്സിലാക്കിയതാണ് നിര്‍ണ്ണായകമായത്. മത്സ്യവില്‍പന നടത്തുന്ന വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കരുനാഗപ്പള്ളിയില്‍ വച്ചാണ് പരിചയപ്പെട്ടത്. അതു പിന്നീട് സൗഹൃദമായി. ഇതു മനസ്സിലാക്കിയ സുനിമോള്‍ വിജയലക്ഷ്മിയെ കാണാന്‍ കരുനാഗപ്പള്ളിയിലെത്തി. തന്നെ ജയചന്ദ്രന്‍ സ്‌നേഹിക്കുന്നുവെന്നും ഓച്ചിറ ക്ഷേത്രത്തില്‍ വച്ച് സ്ഥിരമായി കണ്ടിരുന്നുവെന്നും പണം നല്‍കിയിരുന്നുവെന്നും വിജയലക്ഷ്മി സുനിമോളോട് പറഞ്ഞിരുന്നു.
ഹോം നേഴ്‌സായും വീട്ടു ജോലിയുമെല്ലാം നോക്കിയിരുന്ന സുനിമോളും വിദ്യാര്‍ഥിയായ മകനും വീട്ടില്‍ ഇല്ലാത്ത ദിവസമാണ് വിജയലക്ഷ്മിയോട് അമ്പലപ്പുഴയില്‍ എത്താന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇരുവരും അമ്പലപ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം കരൂരിലെ വീട്ടിലെത്തി. ഇവിടെ വച്ച് വെട്ടുകത്തി കൊണ്ടു തലയ്ക്കടിച്ച് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തുകയായിരുന്നു. വിജയലക്ഷ്മിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും അതിനെപ്പറ്റി ജയചന്ദ്രനുമായി തര്‍ക്കമുണ്ടായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും വിജയലക്ഷ്മിയുടെ സ്വര്‍ണാഭരണങ്ങളും ജയചന്ദ്രന്റെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തി.