കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ബെംഗളൂരു സ്വദേശിനിയായ യുവതിയെ സൗപര്‍ണിക നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 45 കാരിയായ വസുധ ചക്രവര്‍ത്തിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ബെംഗളൂരു ത്യാഗരാജനഗര്‍ സ്വദേശിയായ വസുധ ഓഗസ്റ്റ് 27ന് സ്വകാര്യ കാറില്‍ കൊല്ലൂരിലെത്തി.പിന്നീട്, ക്ഷേത്രപരിസരത്തുള്ള ഗസ്റ്റ് ഹൗസില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷം പുറത്തേക്കുപോവുകയായിരുന്നു. പിന്നീട് തിരികെ എത്തിയില്ല. വസുധയെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് പിതാവ് വിമലയാണ് പിറ്റേന്ന് കൊല്ലൂരിലെത്തി ക്ഷേത്ര ജീവനക്കാരെ വിവരമറിയിച്ചത്. യുവതി അസ്വസ്ഥയായിരുന്നുവെന്നും കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പുറത്തുപോയെന്നും ജീവനക്കാര്‍ അറിയിച്ചു.

ക്ഷേത്രപരിസരത്തും സമീപ പ്രദേശങ്ങളിലും നടത്തിയ തിരച്ചിലില്‍ യുവതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന്, ലഭിച്ച പ്രാദേശിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വസുധ സൗപര്‍ണിക നദിയില്‍ ചാടിയിരിക്കാമെന്ന് പൊലീസ് അനുമാനിച്ചു. ഇതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഏകദേശം മൂന്നു കിലോമീറ്റര്‍ അകലെയായി മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികള്‍, ബൈന്ദൂര്‍ അഗ്‌നിരക്ഷാസേന, നീന്തല്‍ വിദഗ്ദ്ധനായ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള സംഘം എന്നിവരാണ് തിരച്ചില്‍ നടത്തിയത്.

ഇതിനിടെ, മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാണാതായതിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.