- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക രാജ്യങ്ങളിലെ ഏറ്റവും പ്രബലരായ ഉല്പാദക രാജ്യങ്ങളായി ചൈനയും അമേരിക്കയും; ഇന്ത്യ അഞ്ചാം സ്ഥാനത്ത്; ബ്രിട്ടന് തിരിച്ചടി
ലണ്ടന്‍: ലോക ഉല്പാദക രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും ബ്രിട്ടന് പുറത്തായി. വ്യവസായിക വിപ്ലവത്തിന് ശേഷം ഇതാദ്യമായാണ് ബ്രിട്ടന് ആദ്യ പത്തിന്റെ ലിസ്റ്റില്‍ നിന്നും പുറത്താവുന്നത്. 259 ബില്യന്‍ ഡോളറിന്റെ ഉല്പാദനവുമായി ഇപ്പോള്‍ ബ്രിട്ടന് ഈ ലിസ്റ്റില്‍ പന്ത്രണ്ടാം സ്ഥാനത്താണ്. ലോബിയിംഗ് ഗ്രൂപ്പായ മെയ്ക്ക് യു കെ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം റഷ്യയ്ക്കും തായ്വാനും പിന്നിലായാണ് ബ്രിട്ടന്റെ സ്ഥാനം.
2000- ല്‍ ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന ബ്രിട്ടനാണ് ഇപ്പോള്‍ ഇതില്‍ നിന്നും പുറത്തായിരിക്കുന്നത്. ഏഴാം സ്ഥാനത്തേക്ക് കുതിച്ചു കയറ്റം നടത്തിയ മെക്സിക്കോയുടെയും, ഇറ്റലിയുടെയും റഷ്യയുടെയും ഫ്രാന്‍സിന്റെയും പുറകിലാണ് ഇപ്പോള്‍ ബ്രിട്ടന്. മെക്സിക്കോ യുടെ ഉല്പാദനം 316 ബില്യന്‍ ഡോളറിലെത്തിയപ്പോള്‍, ഇറ്റലിയുടേത് 283 ബില്യനും, റഷ്യയുടെത് 287 ബില്യനും ഫ്രാന്സിന്റെത് 265 ബില്യന്‍ ഡോളറുമാണ്. ചിപ് ഉല്പാദനത്തിന്റെ ബലത്തില്‍ തായ്വാനും ബ്രിട്ടന്റെ മുന്നിലെത്തി.
മൊത്തം 5.06 ട്രില്യന്‍ ഡോളറിന്റെ ഉല്പാദനവുമായി ചൈന തന്നെ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍, 2.7 ട്രില്യന്‍ ഡോളറിന്റെ ഉല്പാദനവുമായി അമേരിക്ക രണ്ടാം സ്ഥാനത്തുണ്ട്. ലോക ഉല്പാദക രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഏറ്റവും പുതിയ ഔദ്യോഗിക വിവരങ്ങള്‍ ശേഖരിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ, പ്രധാനമന്ത്രി സര് കീര്‍ സ്റ്റാര്‍മറിന് കടുത്ത വെല്ലുവിളിയായിരിക്കും ഈ സാഹചര്യം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ബ്രിട്ടീഷ് ഉല്പാദക മേഖല വിപുലപ്പെടുത്തുന്നതിനും, ഇലക്ട്രിക് കാറുകള്‍, ബാറ്ററികള്‍, വിന്‍ഡ് ടര്‍ബൈന്‍സ് പോലുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ക്കും, പരമ്പരാഗത മേഖലകള്‍ക്കും വേണ്ടി കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഉള്ള സ്റ്റാര്‍മറിന്റെ പ്രവര്‍ത്തനങ്ങളെ ഈ റിപ്പോര്‍ട്ട് എത്രമാത്രം സ്വാധീനിക്കുമെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
ടാറ്റാ സ്റ്റീലിന്റെ പോര്‍ട്ട് ടാള്ബോട്ടിലെ ഫാക്ടറി നവീകരണവും ബെല്‍ഫാസ്റ്റ് ആസ്ഥാനമായുള്ള കപ്പല്‍ നിര്‍മ്മാതാക്കളായ ഹാര്‍ലാന്‍ഡ് ആന്‍ഡ് വോള്ഫിലെ പ്രതിസന്ധികളും ആയിരക്കണക്കിന് തൊഴില്‍ നഷ്ടങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ബ്രിട്ടനില്‍ ഉള്ളതെന്നു കൂടി ഓര്‍ക്കണം.