- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
ഓഹരികൾ കൂപ്പുകുത്തി; ഒരാഴ്ചയുണ്ടായ ഇടിവ് എട്ടര ലക്ഷം കോടി; അന്താരാഷ്ട്ര വിപണിയിൽ കടപ്പത്രങ്ങളും കനത്ത തകർച്ചയിൽ; അദാനി ഗ്രൂപ്പിന് നൽകിയ വായ്പാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇന്ത്യൻ ബാങ്കുകളോട് ആർബിഐ
മുംബൈ: അദാനി എന്റർപ്രൈസസിന്റെ അനുബന്ധ ഓഹരി വിൽപന റദ്ദാക്കിയിട്ടും പ്രതിസന്ധി കൂടുതൽ രൂക്ഷമാവുന്നു. അദാനി ഓഹരികൾ കനത്ത തകർച്ചയാണ് നേരിടുന്നത്. അദാനി എന്റർപ്രൈസസ് ഓഹരി വില 26 ശതമാനത്തോളം ഇടിഞ്ഞു. അദാനി എന്റർപ്രൈസസിനു പുറമേ അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ, അദാനി ടോട്ടൽ ഗ്യാസ് എന്നീ ഓഹരികളും പത്തുശതമാനത്തോളം ഇടിഞ്ഞു.
അദാനി പോർട്‌സ്, അദാനി പവർ തുടങ്ങിയ ഓഹരികൾ അഞ്ചു ശതമാനത്തിലേറെ നഷ്ടത്തിലാണ്. അദാനി ഗ്രൂപ്പിന് വായ്പ നൽകിയിട്ടുണ്ടെങ്കിൽ വിവരങ്ങൾ അറിയിക്കാൻ റിസർവ് ബാങ്ക്, ബാങ്കുകളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഏഴര ലക്ഷം കോടിയോളം രൂപയാണ് അദാനി ഗ്രൂപ്പിന്റെ മൂല്യത്തിൽ ഇടിവുണ്ടായത്. ഓഹരി വിപണിയിലും ചാഞ്ചാട്ടം തുടരുകയാണ്. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്‌സ് 430 പോയിന്റും നിഫ്റ്റി 150 പോയിന്റും ഇടിഞ്ഞെങ്കിലും പിന്നീട് നഷ്ടം കുറച്ചു.
ഓഹരികൾക്കൊപ്പം അദാനിയുടെ കടപത്രങ്ങൾക്കും അന്താരാഷ്ട്ര വിപണിയിൽ വിലയിടിഞ്ഞു. വായ്പയ്ക്ക് ഈടായി അദാനിയിൽ നിന്ന് ഓഹരികൾ സ്വീകരിക്കുന്നത് ബാങ്കുകളും നിർത്തിത്തുടങ്ങി. ഓഹരിവിപണിയിൽ ഇന്നും കൂപ്പുകുത്തി വീണതോടെ അദാനിയുടെ ഓഹരി മൂല്യത്തിൽ ഒരാഴ്ചയുണ്ടായ ഇടിവ് എട്ടര ലക്ഷം കോടി രൂപ കടന്നു.
ഒരു വശത്ത് അദാനിയുടെ ഓഹരികൾ നിലയില്ലാതെ താഴേക്ക് വീണ് കൊണ്ടിരിക്കുന്നു. പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ വലയുമ്പോഴാണ് അന്താരാഷ്ട്ര വിപണിയിൽ അദാനിയുടെ കടപ്പത്രങ്ങളും തകർച്ച നേരിടുന്നത്.
അദാനിഗ്രൂപ്പ് കമ്പനികളുടെ കടപ്പത്രങ്ങൾ പണയമായി സ്വീകരിച്ച് വായ്പനൽകേണ്ടെന്ന സ്വിസ് ബാങ്കിങ് ഗ്രൂപ്പായ ക്രെഡിറ്റ് സ്യൂസിയുടെ തീരുമാനം വന്നതിന് പിന്നാലെയാണ് ഈ വീഴ്ചയുടെ വേഗം കൂടിയത്. അദാനി പോർട്‌സ്, അദാനി ഗ്രീൻ എനർജി എന്നിവയുടെ കടപ്പത്രങ്ങൾക്കാണ് വൻ വിലയിടിവുണ്ടായതറ. ഓഹരി ഈടായി വാങ്ങി അദാനിക്ക് ഇനി വായ്പയില്ലെന്ന് സിറ്റി ഗ്രൂപ്പ് പറയുന്നു.
ഓഹരി മൂല്യം ഇടിഞ്ഞതിനാൽ കൂടുതൽ ഓഹരി ഈടായി ചോദിക്കുകയാണ് ബാർക്ലെയ്‌സ് ബാങ്ക്. അതിനിടെ അദാനിക്ക് നൽകിയ വായ്പാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇന്ത്യൻ ബാങ്കുകളോട് ആർബിഐ ആവശ്യപ്പെട്ടെന്ന വിവരവും ഇന്ന് പുറത്ത് വന്നു.
തുടർ ഓഹരി വിൽപന റദ്ദാക്കി നിക്ഷേപക താത്പര്യങ്ങൾക്കൊപ്പമെന്ന് ഗൗതം അദാനി പറയുമ്പോഴും അദാനി എന്റെർപ്രൈസസിന്റെ ഓഹരി വില ഇന്നും 26 ശതമാനത്തിലേറെ താഴ്ന്നു. 100 ബില്യൺ ഡോളറിലേറെയാണ് ഹിൻഡൻബെർഗ് റിസർച്ച് റിപ്പോർട്ടിന് പിന്നാലെ അദാനിക്കുണ്ടായ നഷ്ടം.
അതിനിടെ സ്വർണവില ഗ്രാമിന് 60 രൂപ വർധിച്ച് 5,360 ആയി. പവന് 480 രൂപ ഉയർന്ന് 42,880 ആയി. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചതാണ് ആഗോളതലത്തിൽ സ്വർണവില ഉയരാൻ കാരണം. നാണ്യപ്പെരുപ്പം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് 4.5ൽ നിന്ന് 4.75 ശതമാനമായി ഉയർത്തിയത്.
മറുനാടന്‍ മലയാളി ബ്യൂറോ