മുംബൈ: കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ബുധനാഴ്ചയും അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ ഇടിവ്. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ 30 ശതമാനം നഷ്ടം രേഖപ്പെടുത്തി. വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 92 ബില്യൺ ഡോളർ നഷ്ടമെന്ന് ബ്ലൂംബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വ്യക്തിപരമായി അദാനിയുടെ സമ്പത്ത് 40 ബില്യൺ കുറഞ്ഞു. ക്രെഡിറ്റ് സ്വീസ് അദാനി കമ്പനികളുടെ ബോണ്ടുകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചു.

അദാനി പോർട്‌സ് 19.18 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 10 ശതമാനവും അദാനി എനർജി 5.60 ശതമാനവും അംബുജ സിമന്റ് 16.72 ശതമാനവും നഷ്ടം രേഖപ്പെടുത്തി. അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ, അദാനി ഗ്രീൻ എനർജി, അദാനി ഇലക്ട്രിസിറ്റി എന്നിവ നൽകുന്ന ബോണ്ടുകളുടെ മൂല്യവും ക്രെഡിറ്റ് സ്വീസ് കുറച്ചു.

അമേരിക്കൻ സ്ഥാപനമായ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടതോടെയാണ് അദാനി കമ്പനികൾക്ക് ഓഹരി വിപണിയിൽ വലിയ തിരിച്ചടി നേരിട്ടത്. ഇതോടെ ഓഹരി വില വൻതോതിൽ കൂപ്പുകുത്തുകയായിരുന്നു. നേരത്തെ ഫോബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ അദാനി പത്താം സ്ഥാനത്തേക്ക് വീണിരുന്നു.

ഗൗതം അദാനിയെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. ഫോബ്‌സിന്റെ പുതിയ പട്ടികയിലാണ് അംബാനി അദാനിയെ മറികടന്നത്. ഫോബ്‌സിന്റെ പട്ടികയിൽ ഗൗതം അദാനി പത്താം സ്ഥാനത്തേക്ക് വീണു. 83.9 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി.

അതേസമയം, 84.3 ബില്യൺ ഡോളർ ആസ്തിയോടെ മുകേഷ് അംബാനി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. 214 ബില്യൺ ഡോളർ ആസ്തിയോടെ ബെർനാർഡ് അർനോൾട്ടാണ് ഒന്നാം സ്ഥാനത്ത്. 178.3 ബില്യൺ ഡോളർ ആസ്തിയോടെ ഇലോൺ മസ്‌കാണ് രണ്ടാമത്. 126.3 ബില്യൺ ഡോളറിന്റെ ആസ്തിയോടെ ജെഫ് ബെസോസാണ് മൂന്നാം സ്ഥാനത്ത്.