- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
ഇൻഫോസിസിന്റെ ഓഹരികളിൽ വൻ ഇടിവ്; കഴിഞ്ഞ ദിവസം ഓഹരി വിലയിൽ രേഖപ്പെടുത്തിയത് 9.4 ശതമാനം ഇടിവ്; 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ്; തിരിച്ചടിയായത് നാലാം പാദത്തിലെ മോശം പ്രകടനം; ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷതാ മൂർത്തിക്ക് നഷ്ടമായത് 500 കോടിയിലേറെ രൂപ
ലണ്ടൻ: ഇന്ത്യയിലെ ഐ.ടി ഭീമന്മാരിലൊന്നായ ഇൻഫോസിസിന്റെ ഓഹരികൾ കഴിഞ്ഞദിവസം ഗണ്യമായി ഇടിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ മോശം പ്രകടനം ഇൻഫോസിസ് ഓഹരികൾക്ക് വിപണിയിൽ തിരിച്ചടിയായി മാറിയത്. 9% ഇടിവാണ് ഓഹരി വിലകളിൽ രണ്ടു സൂചികകളിലും കണ്ടത്. വിപണി മൂല്യത്തിൽ 59,349.66 കോടി രൂപയുടേതാണ് ഇടിവ്. സെൻസെക്‌സിൽ 9.40% ഇടിവോടെ 1,258.10 രൂപയ്ക്കായിരുന്നു ക്ലോസിങ്.
ഒരു ഘട്ടത്തിൽ ഇടിവ് 12.21% വരെ പോയി. 52 ആഴ്ചകളിലെ ഏറ്റവും താണ മൂല്യമായിരുന്നു അത്. ദേശീയ ഓഹരി സൂചികയിൽ 9.37% ഇടിവോടെ 1,259ൽ ആയിരുന്നു ക്ലോസിങ്. സമീപകാലത്ത് രണ്ടു സൂചികകളിലും ഇൻഫോസിസ് നേരിട്ട കനത്ത ഇടിവാണ് ഇന്നലത്തേത്. കോവിഡിന്റെ ഘട്ടത്തിലെ വിപണി തകർച്ചയിൽ മാത്രമാണ് ഇൻഫോസിസ് ഇങ്ങനെ ഇടിഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ഇൻഫോസിസിന്റെ എഡിആർ യുഎസ് വിപണിയിൽ 12 ശതമാനത്തോളം ഇടിഞ്ഞതാണ്. സ്വദേശിയും വിദേശിയുമായ ബ്രോക്രേജുകൾ ഇൻഫോസിസിന്റെ വില ലക്ഷ്യം 10 മുതൽ 15 വരെ ശതമാനം താഴ്‌ത്തി. ഇപിഎസ് പ്രതീക്ഷയും വെട്ടിക്കുറച്ചു.
ഇന്നലത്തെ ഓഹരി ഇടിവോടെ ബ്രിട്ടീഷ് പ്രധാന മന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷതാ മൂർത്തിക്ക് നഷ്ടമായത് 61 ദശലക്ഷം ഡോളർ(ഏകദേശം 500 കോടിയിലധികം രൂപ). ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷതാ മൂർത്തിക്ക് കമ്പനിയിൽ 0.94 ശതമാനം ഓഹരിയുണ്ട്. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.
അക്ഷതയുടെ സമ്പത്തും ഇടപെടലുകളും ഋഷി സുനകിന്റെ രാഷ്ട്രീയ ജീവിതത്തിൽ എപ്പോഴും വിവാദത്തിനിടയാക്കാറുണ്ട്. അക്ഷതയ്ക്ക് നോൺ-ഡൊമിസൈൽ പദവിയും വിദേശ വരുമാനത്തിന് യു.കെയിൽ നികുതി അടച്ചിട്ടില്ലെന്നും തെളിഞ്ഞത് കഴിഞ്ഞ വർഷം ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
ബ്രിട്ടനിൽ 15 വർഷം വരെ നികുതിയടക്കാതെ വിദേശത്ത് പണം സമ്പാദിക്കാൻ അനുവദിക്കുന്നതാണ് നോൺ-ഡോമിസൈഡ് പദവി. അക്ഷതാ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജൻസിയുടെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഋഷി സുനക്കിനെതിരെ പാർലമെന്റ് സമിതി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം പതിമൂന്നിനാണ് അന്വേഷണം ആരംഭിച്ചത്. ഇൻഫോസിസിന്റെ ഓഹരി പങ്കാളിത്തത്തിൽ നിന്ന് 68.17 കോടി രൂപ ലാഭവിഹിതം നേടുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
മറുനാടന്‍ ഡെസ്‌ക്