മുംബൈ: നമ്മൾ ഗൗതം അദാനിയുടെയും അദാനി ഗ്രൂപ്പിന്റെയും ഒക്കെ ഒരു പാട് സംഭവ കഥകൾ ഇതിനകം വായിച്ചും, കേട്ടും, കണ്ടും കഴിഞ്ഞു. വ്യവസായ സ്വപ്നങ്ങളുമായി പഠിത്തം ഉപേക്ഷിച്ച് വെറും 19ാമത്തെ വയസ്സിൽ അഹമ്മദാബാദിൽനിന്ന് മുബൈയിലേക്ക് വണ്ടികയറുമ്പോൾ, ഗൗതമെന്ന പയ്യന്റെ കൈയിൽ ഏതാനും നൂറിന്റെ നോട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്, തുടങ്ങിയ കഥകൾ. മില്യണയറിൽ നിന്ന് ബില്ല്യനയറിലേക്കുള്ള വളർച്ച ഇതെല്ലാം എത്രയോ വട്ടം. ഈ നേട്ടങ്ങളുടെ പട്ടികയ്ക്കിടെ വന്ന ഞെട്ടിക്കുന്ന വാർത്ത അദാനി കടം കയറി മുടിയാൻ പോകുന്നു എന്നായിരുന്നു. സംഗതി നെഗറ്റീവായതുകൊണ്ട് തീ പോലെ പടർന്നു. അദാനിയുടെ മൂന്ന് വിദേശ കമ്പനികളുടെ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ പാപ്പരായോ എന്നാണ് മാധ്യമങ്ങളിൽ ചോദ്യം ഉയർന്നത്. ഇതിന് പുറമേ സമീപകാലത്ത് അദാനി വാർത്തയിൽ ഇടം പിടിക്കാൻ കാരണം എൻഡി ടിവിയെ ഏറ്റെടുക്കലാണ്. പ്രണോയ് റോയിയെയും രാധിക റോയിയെയും ഒക്കെ പുറത്താക്കി അദാനിയുടെ ആൾക്കാർ ചാനൽ കയ്യടക്കിയതോടെ, സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് മരണമണി മുഴങ്ങി എന്നൊക്കെയായിരുന്നു ആക്ഷേപങ്ങൾ. ഏതായാലും ഒരു ഹിന്ദി പ്രസിദ്ധീകരണത്തിന് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ, ഗൗതം അദാനി സാധാരണക്കാരുടെ മാത്രമല്ല, കോർപറേറ്റ് രംഗത്തുള്ളവരുടെയും സംശയങ്ങൾക്ക് കിറുകൃത്യമായി മറുപടി പറഞ്ഞു.

കടം കയറി മുടിയുന്നോ?

'അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ സംയുക്ത കടം 2021-22 സാമ്പത്തിക വർഷം 40.5 ശതമാനം വർധിച്ചു; ഫ്ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസാണ് ഏറ്റവും കൂടുതൽ കടമുള്ള കമ്പനി; സിമന്റ് കമ്പനികളും എൻഡിടിവിയും മോദിയുടെ സുഹൃത്ത് സ്വന്തമാക്കിയത് കടത്തിൽ'-ഇങ്ങനെയൊക്കെയാണ് അദാനി ഗ്രൂപ്പിന്റെ കടത്തെ കുറിച്ച് തലക്കെട്ടുകൾ വന്നത്. ഇതിന് അദാനി പറയുന്ന മറുപടി ശ്രദ്ധിക്കാം. തങ്ങളുടെ ഗ്രൂപ്പിന്റെ ബിസിനസ് തന്ത്രമാണ് അദ്ദേഹം വിശദീകരിക്കുന്നത്.

'അടിസ്ഥാന സൗകര്യ വികസന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ധാരാളം പണം ആവശ്യമാണെന്ന് നമുക്കറിയാം. അവർ വായ്പ എടുക്കുന്നു. ഇപ്പോൾ വായ്പ ദീർഘകാലത്തേക്കുള്ളതാണെങ്കിൽ, നല്ല വ്യവസ്ഥകളിൽ ലഭ്യമാണെങ്കിൽ, ആ പണം കൊണ്ട് നിങ്ങൾക്ക് വളരെ വേഗത്തിൽ വളരാൻ കഴിയുമെങ്കിൽ, ഇതൊരു നല്ല തന്ത്രമാണ്. കഴിഞ്ഞ 9 വർഷങ്ങളിൽ, ഞങ്ങളുടെ ഗ്രൂപ്പിലെ കടം 11% നിരക്കിൽ വളർന്നു, വരുമാനം 22% നിരക്കിൽ ഇരട്ടിയായി. അപ്പോൾ പറയൂ, ഇതൊരു വലിയ തന്ത്രമല്ലേ? ഈ 9 വർഷത്തിനുള്ളിൽ എന്റെ കമ്പനികളുടെ ഓഹരി വിലകൾ വളരെ വേഗത്തിൽ വർദ്ധിക്കുന്നതിനും നിക്ഷേപകർക്കും ഓഹരി ഉടമകൾക്കും വലിയ ലാഭം ലഭിക്കുന്നതിനും ഇത് കാരണമാണ്.

മറ്റൊരു പ്രധാന കാര്യം, കഴിഞ്ഞ 9 വർഷത്തിനുള്ളിൽ കടത്തിന്റെ അനുപാതം - EBIDTA എന്ന് വിളിക്കപ്പെടുന്ന ഡെബ്റ്റ് ടു ഡെബ്റ്റ് സർവീസിങ് വരുമാനം -- ഏകദേശം 50% കുറഞ്ഞു. ഇതേ കാലയളവിൽ സർക്കാർ, സ്വകാര്യ ബാങ്കുകൾ വായ്പ നൽകുന്നതിന്റെ വിഹിതം 84% ൽ നിന്ന് വെറും 33% ആയി കുറഞ്ഞു. അതായത് ഏകദേശം 60% കുറഞ്ഞു എന്നതും എടുത്തു പറയേണ്ടതാണ്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. നമ്മൾ കുടിശ്ശിക വരുത്തിയിട്ടില്ല എന്ന് മാത്രമല്ല, അദാനി ഗ്രൂപ്പ് ഒരു ദിവസം പോലും വായ്പ തിരിച്ചടവ് വൈകിപ്പിച്ചിട്ടില്ല എന്നതിന് ചരിത്രം സാക്ഷിയാണ്.

കമ്പനികളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിൽ റേറ്റിങ് ഏജൻസികൾക്ക് പ്രധാന പങ്കുണ്ട്. ഞങ്ങളുടെ മിക്കവാറും എല്ലാ അദാനി കമ്പനികൾക്കും ഏറ്റവും മുന്തിയ സോവറിൻ റേറ്റിംഗുകൾ ലഭിച്ച വിവരം പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട് - ഇത് ഇന്ത്യാ ഗവൺമെന്റിന്റെ റേറ്റിംഗുകൾക്ക് തുല്യമാണ്. ഞങ്ങളുടേത് ഒഴികെ, ഇന്ത്യയിലെ മറ്റൊരു ബിസിനസ് ഗ്രൂപ്പിന്റെയും ഇത്രയധികം കമ്പനികൾക്ക് ഈ റേറ്റിങ് ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. കടം ഒരു പ്രശ്‌നമേയല്ല. ഞങ്ങളുടെ കമ്പനികളുടെ കടത്തെക്കുറിച്ച് ഇത്രയധികം എടുത്തുകാണിക്കുന്നത് ആശ്ചര്യകരമാണ്, എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഞങ്ങൾക്ക് ഏകദേശം 1,30,000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചുവെന്ന് വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ല. അതും ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപകരിൽ നിന്ന്.'

എൻഡി ടിവിയുടെ പിടിച്ചടക്കൽ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ അന്ത്യമോ?

ഇന്ത്യൻ മാധ്യമ രംഗത്തെ അതികായന്മാരായി ഇപ്പോൾ വിലസുന്ന രാജ്ദീപ് സർദേശായിയും, അർണോബ് ഗോസ്വാമിയും അടക്കമുള്ളവർ മുഖം കാണിച്ചു തുടങ്ങിയത് ഈ ചാനലിലൂടെ ആയിരുന്നു. ബർക്കാ ദത്ത് അടക്കമുള്ളവർ ഒരു കാലത്ത് ടെലിവിഷൻ ജേണലിസത്തിലെ ഐക്കണായി തിളങ്ങിയതും എൻഡിടിവിയിലൂടെയാണ്. രണ്ടാം തവണയും മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ, കേന്ദ്ര സർക്കാറിനുമുന്നിൽ മുട്ടിലിഴയുന്ന മാധ്യമ പ്രവർത്തകരിൽ റോയ് ദമ്പതികൾ വേറിട്ടു നിന്നു. പ്രധാനമന്ത്രി നേരന്ദ്രമോദിയെയും അമിതാഷായെും വിമർശിക്കുന്ന വാർത്തകൾ അവർ നിരന്തരം പുറത്തുവിട്ടു. ഗുജറാത്ത് കലാപത്തിന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളും പിന്നാമ്പുറ കഥകളു, പുറത്തുവിട്ടതോടെ അവർ മോദിയുടെ കണ്ണിലെ കരടായി. മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് പിന്നാലെ പ്രണോയ് റോയിക്കും ഭാര്യക്കുമെതിരെ സിബിഐ എഫ്ഐആറുകൾ ഉണ്ടായി. അതിന് പിന്നാലെ പിന്നാലെ സെബി ചുമത്തിയത് 27 കോടി പിഴയാണ്. എന്നിട്ടും അവർ പിടിച്ചുനിന്നു.

പക്ഷേ ഗൗതം അദാനി നടത്തിയ സർജിക്കൽ സ്‌ട്രൈക്കിൽ റോയ് ദമ്പതികൾ പുറത്തായി. ഇക്കാര്യവും ഗൗതം അദാനി വിശദീകരിക്കുന്നു. എന്തിനാണ് എൻഡി ടിവി ഏറ്റെടുത്തത്?

'കോർപ്പറേറ്റുകളുടെ മാധ്യമങ്ങളിലേക്കുള്ള കടന്നുവരവും, മറ്റ് ബിസിനസുകളിലേക്കുള്ള മാധ്യമങ്ങളുടെ വ്യാപനവും വർഷങ്ങളായി നടക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും.എന്നാൽ ഗൗതം അദാനി അത് ചെയ്യുന്നതിനാൽ ബഹളമുണ്ടാകും. ലാഭം കൊയ്യാനല്ല, സാമൂഹിക ഉത്തരവാദിത്തമായാണ് എൻഡിടിവിയെ ഏറ്റെടുത്തതെന്ന് ഞാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ വളരെ നല്ല മീഡിയ ഗ്രൂപ്പുകളുണ്ട്, പക്ഷേ എൻഡിടിവി ഒരു അന്താരാഷ്ട്ര തലത്തിലുള്ള ബ്രാൻഡ് ആയി വളരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എൻഡി ടിവി വളരെ നല്ല ബ്രാൻഡാണ്, ഒരു നല്ല ബ്രാൻഡിന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളും ഉണ്ട്. വേണ്ടത് ശരിയായ ചിന്തയും തന്ത്രവും സാങ്കേതികവും സാമ്പത്തികവും മാനവ വിഭവശേഷിയുമാണ്, അതിലൂടെ എൻഡിടിവിക്ക് അതിന്റെ കഴിവുകൾക്ക് അനുസൃതമായി ഒരു ആഗോള പദവി നേടാൻ കഴിയും.

എന്റെ എല്ലാ കമ്പനികളുടെയും സിഇഒമാർ സ്വതന്ത്രരാണെന്നും അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ എനിക്ക് ഒരു ഇടപെടലും ഇല്ലെന്നും ഞാൻ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. എന്റെ റോൾ തന്ത്രങ്ങൾ മെനയുന്നതിൽ ഒതുങ്ങുന്നു. എൻഡി ടിവി യുടെ കാര്യത്തിലും, ഉടമകൾക്കും എഡിറ്റോറിയലിനും ഇടയിൽ വളരെ വ്യക്തമായ ഒരു ലക്ഷ്മണ രേഖ ഉണ്ടായിരിക്കും.'

മോദിയുമായുള്ള സൗഹൃദത്തിലൂടെ വച്ചടി കയറ്റമോ?

നരേന്ദ്ര മോദിയുടെ വളർച്ചക്കൊപ്പമാണ്, മില്ല്യണറിൽനിന്ന് ബില്ല്യണറിലേക്കുള്ള അദാനിയുടെ യാത്രയുമെന്നതിൽ സംശയമില്ലെങ്കിലും ആ ഒരൊറ്റ ഘടകം മാത്രമാണോ അദ്ദേഹത്തിന്റെ വിജയത്തിന് അടിസ്ഥാനം അതിനും ഗൗതം അദാനി അഭിമുഖത്തിൽ മറുപടി നൽകുന്നു. രാഹുൽ ഗാന്ധി എന്തുകൊണ്ട് എപ്പോഴും അദാനിയെ വിമർശിക്കുന്നു എന്ന ചോദ്യത്തിനും മറുപടിയുണ്ട്.

'വിമർശകർക്ക് മോദിജിയെയോ അദ്ദേഹത്തിന്റെ കഴിവുകളെയോ അറിയില്ല. ഞാൻ ഗുജറാത്തിൽ നിന്നുള്ള ആളായതിനാലും നരേന്ദ്ര മോദിജി 12 വർഷം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നതിനാലും ആയിരിക്കും അവരുടെ വിമർശനം. അദ്ദേഹം തികച്ചും നീതിമാനും സത്യസന്ധനുമാണെന്ന് മറ്റുള്ളവരെപ്പോലെ എനിക്കും അറിയാം. അദ്ദേഹത്തിന്റെ നയങ്ങൾ കാരണം ആദ്യം ഗുജറാത്തിലും ഇപ്പോൾ രാജ്യത്തും ബിസിനസ് ചെയ്യാൻ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു, എല്ലാ വ്യവസായ മേഖലകൾക്കും അതിന്റെ പ്രയോജനം ലഭിച്ചു എന്നതാണ് സത്യം. രാജ്യത്തിനും സംസ്ഥാനങ്ങൾക്കും നേട്ടമുണ്ടായി. വ്യക്തിപരമായ നേട്ടത്തെ സംബന്ധിച്ചിടത്തോളം, എന്റെ ഗ്രൂപ്പിന്റെ പ്രവർത്തനം രാജസ്ഥാൻ പോലുള്ള ബിജെപി ഇതര ഭരിക്കുന്ന രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപിച്ചിരിക്കുന്നു.

രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾ ഭരിക്കുന്നത് മറ്റു പാർട്ടികളാണ്. ആ സർക്കാരുകളുമായും ഞങ്ങൾ സഹകരണത്തോടെയും ഏകോപനത്തോടെയും പ്രവർത്തിക്കുന്നു. മത്സരാധിഷ്ഠിത ബിഡ്ഡിങ് ഇല്ലാതെ എന്റെ ഏതെങ്കിലും കമ്പനിക്ക് കരാർ ലഭിച്ചതിന് ഒരു ഉദാഹരണം തരാമോ?

രാഹുൽ ഗാന്ധി തങ്ങളെ നിരന്തരം ലക്ഷ്യമിടുന്നത് എന്തുകൊണ്ടെന്ന് ചോദ്യത്തിന് തനിക്ക് എങ്ങനെ് ഉത്തരം നൽകാൻ കഴിയും? രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാർട്ടിയുടെ ദേശീയ അധ്യക്ഷനായിരുന്നു അദ്ദേഹം. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനാണ്, താൻ ഒരു സാധാരണ ബിസിനസുകാരനാണ്, ഇതാണ് അദാനിക്ക് പറയുവാനുള്ളത്.

വെറും ബിസിനസ് പുരോഗതി മാത്രമല്ല താനും ഗ്രൂപ്പു ലക്ഷ്യമിടുന്നതെന്നും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയിലെ വികസനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുവെന്നും ഗൗതം അദാനി പറഞ്ഞു. അതുപോലെ ഹരിത ഊർജ്ജത്തെ അടിയുറച്ച് പിന്തുണയ്ക്കുന്നതുകൊണ്ടാണ് ഏറ്റവും വലിയ ഗ്രീൻ എനർജി കമ്പനി ഉണ്ടാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ടാറ്റയും ബിർളയും മാറി, അംബാനിയും അദാനിയും ആയപ്പോൾ

ഒരു കാലത്ത് രാജ്യത്ത് വ്യവസായ സ്ഥാപനങ്ങൾ പറയുമ്പോഴെല്ലാം ടാറ്റയുടെയും ബിർളയുടെയും പേരുകളായിരുന്നെങ്കിൽ ഇപ്പോൾ പലപ്പോഴും പറയാറുള്ള പേരുകൾ അദാനിയും അംബാനിയുമാണ്. ഈ മാറ്റത്തെ കുറിച്ചും ഗൗതം അദാനിക്ക് ക്യത്യമായ നിരീക്ഷണമുണ്ട്.

' സംശയമില്ല, ടാറ്റ-ബിർള ജോഡികൾ രാജ്യത്ത് ഏറ്റവും ആദരണീയരായ കുടുംബങ്ങളാണ്. ഇന്നും നമ്മൾ അത് പഠിക്കുന്നു. റിലയൻസ് ഗ്രൂപ്പിന്റെ സ്ഥാപകനായ ധീരുഭായ് അംബാനിയും ഒരു സാധാരണക്കാരന് മികച്ച മാതൃകയാണ്. തുടക്ക മുതൽ മുകളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര എല്ലാ സംരംഭകർക്കും പ്രചോദനമാണ്. ഞാനും ഒരു ഒന്നാം തലമുറ സംരംഭകനാണ്. ധീരുഭായിയെപ്പോലെ പൂജ്യത്തിൽ നിന്നാണ് ഞാനും എന്റെ ബിസിനസ്സ് ആരംഭിച്ചത്. ഈ വ്യാവസായിക ഗ്രൂപ്പുകളോട് ഞങ്ങൾക്ക് നന്ദിയുണ്ട്. കാരണം അവരുടെ അനുഭവങ്ങളിൽ നിന്ന് ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു.

ഗൗതം അദാനിയുടെ മാതൃകാ പുരുഷൻ ആര്?

താന്റെ ജീവിത മാതൃക ശ്രീകൃഷ്ണൻ ആണെന്നാണ് അദ്ദേഹത്തിന്റെ ഉത്തരം. ജീവിതത്തിന്റെ ഏത് മേഖലയിലും വെല്ലുവിളി നേരിടുമ്പോൾ ശ്രീകൃഷ്ണന്റെ ജീവിതത്തിൽ നിന്ന് പരിഹാരം കണ്ടെത്തും. പോരാട്ടത്തിൽ നിന്ന് വിജയത്തിലേക്കും പ്രതിസന്ധികളിൽ നിന്ന് പരിഹാരത്തിലേക്കുമുള്ള യാത്രയുടെ ഉദാഹരണമാണ് അദ്ദേഹം. എപ്പോഴൊക്കെ വിഷമാവസ്ഥയിൽ ആയാലും താൻ ശ്രീകൃഷ്ണനെ ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആർ കെ ലക്ഷ്മണിന്റെ സാധാരണക്കാരൻ

രാജ്യത്തെ ഓരോ പൗരനും തനിക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.' കാർട്ടൂണിസ്റ്റ് ആർ.കെ ലക്ഷ്മണിന്റെ രചനകളിലെ സാധാരണക്കാരനെ ഓർമയുണ്ടോ?

അവന്റെ പ്രശ്‌നങ്ങൾ, അവന്റെ അഭിലാഷങ്ങൾ, അവന്റെ നിരാശ, അവന്റെ സന്തോഷം, അവന്റെ എല്ലാ വികാരങ്ങളും? അതെല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട്. അവരെ വളരെ അടുത്ത് കണ്ടിട്ടുണ്ട്. അതിനാൽ, രാജ്യത്തെ ഓരോ പൗരനും എനിക്ക് പ്രചോദനത്തിന്റെ ഉറവിടമാണ്. അവരുടെ പുരോഗതിക്കായി ഞങ്ങൾ സ്വപ്നം കാണുന്നു, അവ നിറവേറ്റുന്നതിനായി പ്രവർത്തിക്കുന്നു.'

സ്റ്റാർട്ട് അപ്പുകാരോട്....ജീവിതത്തിൽ കുറുക്കുവഴികളില്ല

ജീവിതത്തിൽ കുറുക്കുവഴികളില്ല. സ്വപ്നങ്ങളിൽ പൂർണ വിശ്വാസമുണ്ടെങ്കിൽ അവ സാക്ഷാത്കരിക്കാൻ കഠിനാധ്വാനം ചെയ്യുമ്പോൾ മാത്രമേ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകൂ. വിജയത്തിന്റെയും പരാജയത്തിന്റെയും ചക്രം ജീവിതത്തിന്റെ ഭാഗമാണ്. പരാജയത്തിൽ ഭയപ്പെടുകയോ നിരാശപ്പെടുകയോ അരുത്. കുട്ടിക്കാലത്ത്, പ്രശസ്ത ഹിന്ദി കവി ശിവമംഗൽ സിങ്ങിന്റെ ഈ വാക്കുകൾ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

'തോൽവിയിലോ വിജയത്തിലോ

എനിക്ക് ഭയമില്ല

പോരിന്റെ പാതയിൽ ഞാൻ കണ്ടുമുട്ടുന്നവരെ

ഇത് ശരിയാണ്, അതും ശരിയാണ്

ഞാൻ അനുഗ്രഹം ചോദിക്കില്ല'.