- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടം വന്ന വ്യക്തി എന്ന റെക്കോഡിട്ടതിന് പിന്നാലെ സമ്പന്ന പട്ടികയിൽ മസ്‌കിന്റെ വില ഇടിയുന്നു; ശതകോടീശ്വര പട്ടികയിൽ മസ്‌കിനെ മറികടന്ന് രണ്ടാമൻ ആകാൻ ഗൗതം അദാനി; ഏതാനും ആഴ്ചകൾക്കകം അദാനി രണ്ടാം റാങ്ക് നേടാൻ സാധ്യത; സാമ്പത്തിക മാജിക് തുടർന്ന് ഇന്ത്യൻ ശതകോടീശ്വരൻ
ന്യൂഡൽഹി: മെഹനത്ത്, മെഹനത്ത്, മെഹനത്ത്...കഠിനാദ്ധ്വാനം മാത്രമാണ് തന്റെ വിജയമന്ത്രമെന്ന് കഴിഞ്ഞ ദിവസമാണ് ഒരു അഭിമുഖത്തിൽ അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി പറഞ്ഞത്. ഈ ശതകോടീശ്വരൻ കുതിപ്പ് തുടരുകയാണ്. ഏതാനും ആഴ്ചകൾക്കകം, ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്മാരുടെ പട്ടികയിൽ അദാനി രണ്ടാം റാങ്ക് സ്വന്തമാക്കുംം. ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒ ഇലോൺ മസ്‌കിനെ പിന്തള്ളിയാണ് അദാനി ഒന്നാം സ്ഥാനത്തോട് അടുക്കുന്നത്. ഇപ്പോൾ മൂന്നാം സ്ഥാനത്താണ് അദാനി.
ബ്ലൂംബർഗിന്റെ ശതകോടീശ്വര പട്ടിക പ്രകാരം, ഗൗതം അദാനിക്ക് 121 ബില്യൻ ഡോളറിന്റെയും, മസ്‌കിന് 137 ബില്യന്റെയും മൊത്തം ആസ്തിയുണ്ട്. ഒരു വർഷത്തിനിടെ മസ്‌കിന് 133 ബില്യൺ ഡോളർ നഷ്ടമായപ്പോൾ അദാനിയുടെ ആസ്തി 43 ബില്യൺ ഡോളർ വർധിച്ചു. മസ്‌കിന്റെ ആസ്തിയിൽ ഇനിയും ഇടിവുണ്ടായാൽ അദാനിക്ക് വേണ്ടി വഴി മാറി കൊടുക്കേണ്ടി വരാം.
ഫിനാൻഷ്യൻ എക്സ്‌പ്രസിന്റെ റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ ശതകോടീശ്വരന് ഇതിനായി വെറും ആഴ്ചയോ 35 ദിവസമോ മാത്രമേ വേണ്ടി വരികയുള്ളു. കഴിഞ്ഞ ഡിസംബർ 13 ന് ലോകത്തിലെ ഏറ്റവും സമ്പന്നൻ എന്ന പദവി മസ്‌ക് ആഡംബര ഉൽപ്പന്ന വ്യവസായി ബെർണാർഡ് റെണോൾട്ടിന് കൈമാറേണ്ടി വന്നിരുന്നു. ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടം വന്ന വ്യക്തിയെന്ന ഗിന്നസ് ലോക റെക്കോഡ് ഇലോൺ മസ്‌ക് സ്വന്തമാക്കിയിരുന്നു. ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം മസ്‌കിന് 2021 നവംബർ മുതൽ 182 ബില്യൺ ഡോളറാണ് നഷ്ടപ്പെട്ടത്.എന്നാൽ 200 മില്യൻ വരെ നഷ്ടമുണ്ടായെന്നാണ് മറ്റു ചില സ്ഥാപനങ്ങളുടെ കണക്കുകൾ പറയുന്നത്. നഷ്ടം എത്രയാണെന്ന് കൃത്യമായി കണക്കുകൂട്ടാൻ സാധിക്കില്ലെന്നും പറയുന്നു.
2021 നവംബറിൽ മസ്‌ക്കിന് 320 ബില്യൺ ഡോളർ ആസ്തിയാണ് ഉണ്ടായിരുന്നത്. എന്നാൽ 2023 ജനുവരിയിൽ അത് 137 ബില്യനായി ഇടിഞ്ഞു. ടെസ്ലയുടെ ഓഹരി മോശം പ്രകടനം നടത്തിയതാണ് മസ്‌കിന്റെ ആസ്തി ഇടിയാൻ കാരണമായത്. ട്വിറ്റർ വാങ്ങുന്നതിനായി ആദ്യം 7 ബില്യന്റെയും പിന്നീട് 4 ബില്യന്റെയും ഓഹരി മസ്‌ക് വിറ്റഴിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ 23 ബില്യൻ ഡോളറിന്റെ ഓഹരി മസ്‌ക് വിറ്റഴിച്ചതായാണ് കണക്ക്. കനത്ത നഷ്ടം വന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവിയും മസ്‌കിന് നഷ്ടമായിരുന്നു. എൽവി എംഎച്ച് സ്ഥാപകൻ ബെർണാഡ് അർനോൾട്ട് ആണ് ഏറ്റവും വലിയ സമ്പന്നൻ. 190 ബില്യൻ കോടി ഡോളറാണ് അർണോൾട്ടിന്റെ ആസ്തി. എന്നാൽ, മസ്‌ക് മറ്റു പല മേഖലകളിലും പണം മുടക്കുന്നതിനാൽ തിരിച്ചുവരാൻ സാധ്യതയുണ്ട്. ഭാവിയിൽ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി വീണ്ടും മസ്‌ക് സ്വന്തമാക്കാനും സാധ്യതയുണ്ട്.
അദാനി, വൈവിധ്യങ്ങളുടെ രാജകുമാരൻ
വൈവിധ്യവത്ക്കരണമാണ് അദാനിയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ ഒന്നിൽ പിഴവ് പറ്റിയാൽ അത് മറ്റൊന്ന് വച്ച് നികത്തും. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഹരിത വൈദ്യുതി, കൽക്കരിയിൽ നിന്നുള്ള വൈദ്യുതി, സിമന്റ്, കാർഷികോൽപ്പന്ന കയറ്റുമതി, ലോജിസ്റ്റിക്‌സ്, എയ്‌റോസ്‌പേസ്....ഒടുവിലിതാ എൻഡിടിവിയും. അദാനിയുടെ സാമ്രാജ്യം വിപുലീകരിക്കപ്പെടുകയാണ്് .അദാനിയുടെ പബ്ലിക്കായ കമ്പനികൾ നോക്കുക. അദാനി എന്റർപ്രൈസസ്, അദാനി പോർട്‌സ് ആൻഡ് ലോജിസ്റ്റിക്‌സ്, അദാനി ഗ്യാസ്, അദാനി വിൽമർ, അദാനി പവർ, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ. ഇവയെല്ലാം ലിസ്റ്റഡ് കമ്പനികളാണ്. അദാനി എന്റർപ്രൈസസിന്റെ ഓഹരി വില 3130 രൂപയ്ക്കടുത്ത്. ഇവയുടെ സംയുക്ത വിപണി മൂല്യം 20,000 കോടി ഡോളറാണ് (16 ലക്ഷം കോടി രൂപ!).
1985 മുതൽ ചെറുകിട വ്യവസായങ്ങൾക്കു വേണ്ട പ്രൈമറി പോളിമേഴ്‌സ് കച്ചവടം നടത്തിയാണ് അദാനി എന്ന കോളജ് ഡ്രോപ്പ് ഔട്ട് പ്രവർത്തനം തുടങ്ങുന്നത്. 1988ൽ അദാനി എക്‌സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചു. ഇന്ന് നിരവധി തുറമുഖങ്ങളുടെ നടത്തിപ്പ് ഈ കമ്പനിക്കാണ്. കയറ്റുമതി കമ്പനിയുടെ പേരിൽ 1991 മുതൽ കാർഷികോൽപ്പന്നങ്ങളും തുണിത്തരങ്ങളും ലോഹങ്ങളും കയറ്റുമതി ചെയ്തു. ഗുജറാത്തിൽ മുന്ധ്ര തുറമുഖം വളർന്നു വരുന്ന കാലം. അദാനിക്ക് തുറമുഖത്തിന്റെ മാനേജീരിയിൽ ഔട്ട്‌സോഴ്‌സിങ് കരാർ കിട്ടി. 1993. മുന്ധ്ര തുറമുഖത്തെ പ്രത്യേക സാമ്പത്തിക മേഖലയിൽ ഒരു ജെട്ടിയുടെ കരാർ എടുത്തുകൊണ്ടാണ് തുറമുഖ രംഗത്തേക്കുള്ള പ്രവേശം. 1995ൽ മുന്ധ്ര തുറമുഖത്തിന്റെ മാനേജ്‌മെന്റ് കരാർ കിട്ടി. ഇന്ന് വർഷം 20 കോടി ടൺ ചരക്ക് കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമാണിത്.
ഇന്ന് ഇന്ത്യയിലെ 13 തന്ത്രപ്രധാന തുറമുഖങ്ങൾ നിയന്ത്രിക്കുന്നത് അദാനി പോർട്ട്‌സ് ലിമിറ്റഡാണ്. നമ്മുടെ വിഴിഞ്ഞം അതിലുൾപ്പെടും. ഇന്ത്യയുടെ തുറമുഖ ശേഷിയുടെ 24% അദാനിക്കാണ്. ഇവയാണ് ആ തുറമുഖങ്ങൾ1. മുന്ധ്ര, 2. കൃഷ്ണപട്ടണം, 3. ദാഹേജ്, 4.ട്യൂണ ടെർമിനൽ, 5.ഹസിറ, 6. മർഗാവ്, 7.കാട്ടുപ്പള്ളി, 8.എണ്ണൂർ, 9.വിശാഖപട്ടണം, 10.ധമ്‌റ, 11.ദിഖി. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ തുറമുഖങ്ങൾ 5 എണ്ണം. ഗോവയിലും കേരളത്തിലും ഒഡീഷയിലും ആന്ധ്രയിലും ഓരോന്ന്. തമിഴ്‌നാട്ടിൽ രണ്ടെണ്ണം. അറബിക്കടൽ തീരത്തും ബംഗാൾ ഉൾക്കടൽ തീരത്തും തുറമുഖങ്ങളുള്ള ഏക വമ്പനാണ് അദാനി.
അദാനി പവർ 1996ൽ തുടങ്ങി. ഇന്ന് ഏകദേശം 5000 മെഗാവാട്ട് താപവൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുതി ഉത്പാദകൻ. ഓസ്‌ട്രേലിയയിൽ കൽക്കരി ഖനികളുണ്ട്. കൽക്കരി ഖനനം ചെയ്യുന്നതും അതുപയോഗിച്ച് ഇന്ത്യയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതും വിൽക്കുന്നതും ഒരേ അദാനിതന്നെ. ഇങ്ങനെ ഒരു വ്യവസായത്തിനിന്നുള്ള കണക്ഷൻ വെച്ച് മറ്റൊരു മേഖലയിലേക്ക് കടക്കുന്നിടത്താണ് അദാനിയുടെ വിജയം.
400 കോടി രൂപയുടെ വീട്; അഞ്ചുകോടിയുടെ കാറ്
ആഡംബരങ്ങളുടെ രാജാവ് കൂടിയാണ് ഗൗതം അദാനി. ഏകദേശം 3.4 ഏക്കറിലാണ് അദ്ദേഹത്തിന്റെ വീട് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 400 കോടി രൂപയാണ് ഈ വീടിന്റെ ചെലവ്. ജെറ്റ് വിമാനങ്ങളുടെ കാര്യത്തിലും അദാനി മുന്നിലാണ്. അദ്ദേഹത്തിന് 3 സ്വകാര്യ ജെറ്റുകൾ ഉണ്ട്. ജെറ്റ് ശേഖരത്തിൽ ഒരു ബീച്ച്ക്രാഫ്റ്റ്, ഒരു ഹോക്കർ, ഒരു ബോംബാർഡിയർ എന്നിവ ഉൾപ്പെടുന്നു.
1977-ൽ ഗൗതം അദാനി അഹമ്മദാബാദിൽ ആയിരിക്കുമ്പോൾ ഒരു സ്ുകൂട്ടർ വാങ്ങിയാണ് അയാൾ തുടങ്ങിയത്. ഇന്ന് മൂന്ന് മുതൽ അഞ്ച് കോടി വരെ വിലമതിക്കുന്ന ഫെരാരി കാറുകൾ ഉണ്ട്. കൂടാതെ ഗാരേജിൽ ഒരു ബിഎംഡബ്ല്യു 7 സീരീസ് ഉണ്ട്. ഈ ആഡംബര കാറിന് ഏകദേശം 1-3 കോടി രൂപ വരും. ഡൽഹിയിൽ ആരും മോഹിക്കുന്ന പഴയൊരു ആഡംബര ബംഗ്ലാവ്, അദാനി സ്വന്തമാക്കിയിട്ടുണ്ട്. പണ്ട് സായിപ്പ് താമസിച്ചിരുന്ന 25,000 ചതുരശ്രയടി വിസ്തീർണമുള്ള നൂറ്റാണ്ടു പഴക്കമുള്ള ബംഗ്ലാവ്. നോയിഡയിലും വീടുണ്ട്. ലോകമാകെ വീടുകളുണ്ട്.
പക്ഷേ ഗുജറാത്തി പാരമ്പര്യത്തിലാണ് ഇന്നും ജീവിതം. ജൈന ബനിയ സമുദായം. ചമ്രംപടഞ്ഞിരുന്ന് വെങ്കല പാത്രങ്ങളിൽ ഗുജറാത്തി വിഭവങ്ങൾ നിരത്തിയാണ് ഗൗതം അദാനിയും ഭാര്യ പ്രീതിയും മക്കളായ കരനും ജീതും ഭക്ഷണം കഴിക്കുക. ശുദ്ധ വെജിറ്റേറിയനാണ് ഇദ്ദേഹം. എത്ര വളർന്നാലും പാരമ്പര്യം വിടാൻ പാടില്ല എന്നാണ് അദാനിയുടെ പക്ഷം. ഇപ്പോൾ മക്കൾ കരൻ അദാനിയും, ജീത് അദാനിയും കമ്പനി ഡയറക്ടർമാരായി. പിതാവിന്റെ ബിസിനസ് സാമ്രാജ്യം വിപുലീകരിക്കാനുള്ള ഓട്ടത്തിലാണ് മക്കളും.
മറുനാടന്‍ മലയാളി ബ്യൂറോ