മുംബൈ: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒറ്റ ബിഗ് ഹിറ്റ് പടം പോലുമില്ല. എന്നിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ചലച്ചിത്ര നടി എന്ന ഖ്യാതി നിലനിര്‍ത്തിയിരിക്കുകയാണ് ജൂഹി ചൗള. ദീപിക പഡുകോണ്‍, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, പ്രീതി സിന്റ, നയന്‍താര എന്നീ മുന്‍നിര താരങ്ങളെ ഏറെ പിന്നിലാക്കിയാണ് ജൂഹി ചൗള ബോളിവുഡിലെ സമ്പന്നരുടെ പട്ടികയില്‍ മുന്‍നിരക്കാരിയായത്. 2025ലെ ഹുറൂണ്‍ അതിസമ്പന്ന പട്ടികപ്രകാരം അമിതാഭ് ബച്ചന്‍, ഹൃതിക് റോഷന്‍, കരണ്‍ ജോഹര്‍ എന്നിവരെയെല്ലാം പിന്നിലാക്കി രണ്ടാംസ്ഥാനത്താണ് ജൂഹി. ബോളിവുഡിന്റെ 'കിങ് ഖാന്‍' ഷാറുഖ് ഖാന്‍ മാത്രമാണ് ആസ്തിയില്‍ ജൂഹി ചൗളയ്ക്ക് മുന്നിലുള്ളത്. നവതരംഗ സിനിമകളിലൂടെ തൊണ്ണൂറുകളില്‍ ബോളിവുഡിന്റെ മുന്‍നിര താരമായിരുന്ന ജൂഹി ചൗള, സിനിമയ്ക്ക് പുറത്തുള്ള തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്താണ് ഈ നേട്ടം സ്വന്തമാക്കിയത്. റിയല്‍ എസ്റ്റേറ്റ്, തന്ത്രപരമായ നിക്ഷേപങ്ങള്‍, പ്രധാനമായും കായികരംഗത്തെ സംരംഭങ്ങള്‍ എന്നിവ ഇതിന് മുതല്‍ക്കൂട്ടായി.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ 'കുട്ടി മാമാങ്ക'മായ ഐപിഎല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഉടമകൂടിയാണ് ജൂഹി ചൗള. 7,790 കോടി രൂപയാണ് ജൂഹിയുടെ ആസ്തി. കഴിഞ്ഞ ഒറ്റവര്‍ഷം ജൂഹി ചൗളയുടെയും കുടുംബത്തിന്റെയും ആസ്തിയിലുണ്ടായ വര്‍ധന 69 ശതമാനം. 4,600 കോടി രൂപയായിരുന്നു 2024ല്‍ ആസ്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (കെകെആര്‍) മാതൃസ്ഥാപനമായ നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സിലെ ഓഹരി പങ്കാളിത്തമാണ് ജൂഹിയുടെ ആസ്തി വര്‍ധനയ്ക്ക് വഴിയൊരുക്കിയത്.

ഷാറുഖും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമകളിലൊരാളാണ്. 12,490 കോടി രൂപ ആസ്തിയാണ് ഷാറുഖിനുള്ളത്. കഴിഞ്ഞവര്‍ഷം 7,300 കോടി രൂപയായിരുന്ന ആസ്തിയാണ് 71% കുതിപ്പോടെ ഇക്കുറി 'ബോളിവുഡിന്റെ ബാദ്ഷ' 12,000 കോടിക്ക് മുകളിലേക്ക് ഉയര്‍ത്തിയത്. ഹുറൂണ്‍ 'ശതകോടീശ്വര' പട്ടികയില്‍ ഇതാദ്യമായി ഇടംപിടിക്കാനും ഇതുവഴി ഷാറുഖിന് കഴിഞ്ഞു. ഷാറുഖും ഭാര്യ ഗൗരി ഖാനും ചേര്‍ന്ന് നയിക്കുന്ന റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് കാഴ്ചവയ്ക്കുന്ന മികച്ച വരുമാന നേട്ടമാണ് ആസ്തിക്കുതിപ്പിന്റെ മുഖ്യ സ്രോതസ്സ്. 300 കോടി രൂപ ബജറ്റില്‍ നിര്‍മിച്ച 'ജവാന്‍' സിനിമ 1,700 കോടിയില്‍പ്പരം തുക രാജ്യാന്തരതലത്തില്‍ ഗ്രോസ് കളക്ഷന്‍ നേടിയത് റെഡ് ചില്ലീസിന് വന്‍ നേട്ടമായിരുന്നു. ഐപിഎല്‍ ഫ്രാഞ്ചൈസി വഴിയുള്ള വരുമാനത്തിന് പുറമേയാണ് ഷാറുഖിന്റെ ഈ നേട്ടം.

അമിതാഭ് ബച്ചനും കുടുംബത്തിനും ആസ്തി 1,630 കോടി രൂപ. ധര്‍മ പ്രൊഡക്ഷന്‍സ് ഉടമകൂടിയായ കരണ്‍ ജോഹറിന്റെ ആസ്തി 1,880 കോടി. സിനിമയില്‍ നിന്നുള്ളതിന് പുറമേ, തന്റെ 'എച്ച്ആര്‍എക്‌സ്' എന്ന ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡില്‍ നിന്നുകൂടി വരുമാനം നേടുന്ന ഹൃതിക്കിന്റെ ആസ്തി 2,160 കോടി രൂപയാണ്.

ഹുറൂണ്‍ 2025 പട്ടികയിലെ ടോപ്-10 സ്വയാര്‍ജിത സമ്പന്ന വനിതകളില്‍ ബോളിവുഡില്‍ നിന്ന് ജൂഹി ചൗള മാത്രമേയുള്ളൂ. ഹുറൂണ്‍ പട്ടികയില്‍ ജൂഹി ചൗള കഴിഞ്ഞവര്‍ഷം തന്നെ ദീപിക പഡുകോണ്‍, കരീന കപൂര്‍, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയവരെ പിന്തള്ളിയിരുന്നു. ജൂഹിയുടെ ഭര്‍ത്താവ് ജയ് മേത്തയും കെകെആര്‍ സഹ ഉടമയാണ്. 1986ല്‍ 'സുല്‍ത്താനത്ത്' എന്ന സിനിമയിലൂടെയായിരുന്നു ജൂഹി അഭിനയരംഗത്തേക്ക് ചുവടുവച്ചത്.

തുടര്‍ന്ന് 1990കളിലും 2000ന്റെ തുടക്കത്തിലും ബോളിവുഡിലെ ഏറ്റവും വേതനം പറ്റുന്ന നടിമാരിലൊരാളായി, തിരക്കുള്ള താരമായി വളര്‍ന്നു. 2023ല്‍ നെറ്റ്ഫ്‌ലിക്‌സ് അവതരിപ്പിച്ച 'ഫ്രൈഡേ നൈറ്റ് പ്ലാന്‍' എന്ന ചിത്രത്തിനുശേഷം ജൂഹി പിന്നീട് അഭിനയിച്ചത് ഇക്കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയ സന്നാട്ട-ദ സൈലന്‍സ് എന്ന ചിത്രത്തിലായിരുന്നു.

ആസ്തിയിലെ കുതിച്ചുചാട്ടം

ഹൂറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 അനുസരിച്ച്, ജൂഹി ചൗളയുടെയും കുടുംബത്തിന്റെയും ആസ്തിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 69% വര്‍ദ്ധനവ് രേഖപ്പെടുത്തി. 2024-ല്‍ 4,600 കോടിയായിരുന്നത് ഒറ്റ വര്‍ഷം കൊണ്ട്?3,190 കോടി വര്‍ധിച്ച് നിലവില്‍ 7,790 കോടിയായി ഉയര്‍ന്നു. ഈ വളര്‍ച്ച M3M ഹൂറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2025-ലെ മുന്‍നിര വനിതകളുടെ പട്ടികയില്‍ അവര്‍ക്ക് ആറാം സ്ഥാനം നേടിക്കൊടുത്തു.

ജൂഹിയുടെ വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (IPL) പ്രമുഖ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ (KKR) ഉടമസ്ഥാവകാശ ഓഹരിയില്‍ നിന്നാണ്. ദീര്‍ഘകാല സുഹൃത്തും സഹതാരവുമായ ഷാരൂഖ് ഖാനും ഭര്‍ത്താവ് ജയ് മേത്തയ്ക്കും ഒപ്പം (റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്, മേത്ത ഗ്രൂപ്പ് വഴി) ജൂഹിക്കും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ പങ്കാളിത്തമുണ്ട്.

2024-ലെ ഐപിഎല്‍ കിരീട നേട്ടത്തിന് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബ്രാന്‍ഡ് മൂല്യം കുത്തനെ ഉയര്‍ന്നു. ഹൂലിഹാന്‍ ലോകിയുടെ ഐപിഎല്‍ ബ്രാന്‍ഡ് വാല്യുവേഷന്‍ സ്റ്റഡി (ജൂണ്‍ 2024) പ്രകാരം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 1,915 കോടി രൂപയാണ് നിലവില്‍ മൂല്യമുള്ളത്.

സമ്പന്നരായ സിനിമാതാരങ്ങള്‍

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സിനിമാ താരങ്ങളുടെ പട്ടികയില്‍ 12,490 കോടി ആസ്തിയുള്ള നടന്‍ ഷാരൂഖ് ഖാന്‍ ആണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നാലെയാണ് ജൂഹി ചൗളയുടെ സ്ഥാനം. ഈ റാങ്കിംഗില്‍ ഇവര്‍ക്ക് പിന്നിലായി ഹൃതിക് റോഷന്‍ (2,160 കോടി), കരണ്‍ ജോഹര്‍ (1,880 കോടി), അമിതാഭ് ബച്ചന്‍ (1,630 കോടി) എന്നിവരുമുണ്ട്.

അഭിനയ ജീവിതം

1986-ല്‍ 'സല്‍ത്തനത്ത്' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ജൂഹി ചൗള, 1990-കളിലും 2000-കളിലും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായി വളര്‍ന്നു. അവിസ്മരണീയമായ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച അവര്‍, 2010-കളില്‍ തിരഞ്ഞെടുക്കുന്ന പ്രോജക്റ്റുകളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ബാബില്‍ ഖാനോടൊപ്പം അഭിനയിച്ച നെറ്റ്ഫ്‌ലിക്‌സ് ചിത്രം 'ഫ്രൈഡേ നൈറ്റ് പ്ലാന്‍' (2023) ആണ് അവസാനമായി പുറത്തിറങ്ങിയ ജൂഹിയുടെ സിനിമ.