- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയിൽ ഇടം നേടി ഇന്ത്യൻ വംശജ രേഷ്മ കേവൽരമാനി; അംഗീകാരം ജനിതക വൈദ്യശാസ്ത്ര രംഗത്തെ സംഭാവനകൾക്ക്
ന്യൂയോർക്ക്: 2025ൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യൻ വംശജയും പ്രമുഖ ബയോടെക്നോളജി സ്ഥാപനമായ വെർട്ടെക്സ് ഫാർമസ്യൂട്ടിക്കൽസിൻ്റെ സി.ഇ.ഒയുമായ ഡോ. രേഷ്മ കേവൽരമാനി. ടൈം മാഗസിൻ പുറത്തിറക്കിയ ഈ വർഷത്തെ പട്ടികയിലെ ഏക ഇന്ത്യൻ വംശജയാണ് അവർ. ജനിതക വൈദ്യശാസ്ത്ര രംഗത്തെ നിർണായക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് ഈ അംഗീകാരം.
രേഷ്മയുടെ നേതൃത്വത്തിൽ, സിക്കിൾ സെൽ രോഗത്തിനുള്ള ലോകത്തെ ആദ്യത്തെ ക്രിസ്പർ (CRISPR) അധിഷ്ഠിത ജീൻ-എഡിറ്റിംഗ് ചികിത്സയ്ക്ക് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ്റെ (FDA) അംഗീകാരം ലഭിച്ചിരുന്നു. രോഗത്തിന് കാരണമാകുന്ന ഡി.എൻ.എയിലെ തകരാറുകൾ പരിഹരിക്കുന്ന ഒരു വിപ്ലവകരമായ ചികിത്സാരീതിയാണിത്. 2020-ൽ അമേരിക്കയിലെ ഒരു പ്രമുഖ ബയോടെക് സ്ഥാപനത്തിൻ്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടവും രേഷ്മ സ്വന്തമാക്കിയിരുന്നു.
ടൈം മാഗസിനിലെ ലേഖനത്തിൽ ജിങ്കോ ബയോ വർക്ക്സിൻ്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ ജേസൺ കെല്ലി, രേഷ്മയുടെ പ്രശംസിച്ചു. ഭാവിയിലെ മരുന്നുകൾ ഡി.എൻ.എ ഉപയോഗിച്ച് ശരീരവുമായി നേരിട്ട് സംവദിക്കുന്നതിലൂടെ കൂടുതൽ രോഗങ്ങൾ ഭേദമാക്കാൻ സാധിക്കുമെന്നും അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കി. മുംബൈയിൽ ജനിച്ച രേഷ്മ കേവൽരമാനി 1988-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽനിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ അവർ മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ ഫെലോഷിപ്പ് പൂർത്തിയാക്കി. പിന്നീട് 2015-ൽ ഹാർവാർഡ് ബിസിനസ് സ്കൂളിൽനിന്ന് ജനറൽ മാനേജ്മെൻ്റ് പ്രോഗ്രാമും പൂർത്തിയാക്കി. 2017-ൽ വെർട്ടെക്സ് ഫാർമസ്യൂട്ടിക്കൽസിൽ ചേർന്ന രേഷ്മ, 2018-ൽ ചീഫ് മെഡിക്കൽ ഓഫീസറായും 2020-ൽ സി.ഇ.ഒ ആയും സ്ഥാനക്കയറ്റം നേടി. വെർട്ടെക്സിലെ നേതൃത്വത്തിനൊപ്പം ജിങ്കോ ബയോ വർക്ക്സിൻ്റെ ഡയറക്ടർ ബോർഡിലും അംഗമായ കേവൽരമാനി, ബയോടെക്നോളജി രംഗത്തെ തൻ്റെ സ്വാധീനം ഉറപ്പിക്കുകയാണ്.