സോൾ: ഇന്ന് ലോകമെമ്പാടും ശതകോടിക്കണക്കിന് ഡോളർ ആസ്തിയുള്ള കമ്പനിയായ സാംസങ്ങിന്റെ തുടക്കം അരിയും മീനും വിറ്റിരുന്ന ഒരു ചെറിയ പലചരക്ക് കടയിൽ നിന്നായിരുന്നു. ദക്ഷിണ കൊറിയയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 17 ശതമാനവും സംഭാവന ചെയ്യുന്ന ഈ സ്ഥാപനം ലീ ബ്യുങ്-ഷുൾ എന്ന സംരംഭകന്റെ ദീർഘവീക്ഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്.

1938-ൽ ദക്ഷിണ കൊറിയയിൽ ലീ ബ്യുങ് ഒരു ചെറിയ കട ആരംഭിച്ചതോടെയാണ് സാംസങ്ങിന്റെ ചരിത്രം തുടങ്ങുന്നത്. അരി, പഞ്ചസാര, ഉണക്കമീൻ, ന്യൂഡിൽസ് തുടങ്ങിയവയായിരുന്നു പ്രധാന വിൽപ്പന വസ്തുക്കൾ. പിന്നീട് മത്സ്യവും ന്യൂഡിൽസും കയറ്റുമതി ചെയ്യാനും ഇൻഷുറൻസ് രംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചു. 1950-ഓടെ വസ്ത്ര നിർമ്മാണ രംഗത്തേക്കും (ടെക്‌സ്‌റ്റൈൽ) കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചു. കമ്പനിയുടെ വളർച്ചയിലെ നിർണ്ണായക വഴിത്തിരിവായത് 1968-ലാണ്.

സാങ്കേതികവിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ ലീ, 'സാംസങ് ഇലക്ട്രോണിക്സ്' എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. 1970-ൽ ഒരു ജാപ്പനീസ് കമ്പനിയുമായി സഹകരിച്ച് ആദ്യത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷൻ വിപണിയിലെത്തിച്ചു. 1980-കളോടെ മൊബൈൽ ഫോൺ നിർമ്മാണത്തിലേക്ക് കടന്ന സാംസങ്, 1988-ൽ തങ്ങളുടെ ആദ്യത്തെ മൊബൈൽ ഫോൺ പുറത്തിറക്കി. ഇന്ന് 336 ബില്യൺ ഡോളർ മൂല്യമുള്ള സാംസങ്, സ്മാർട്ട്ഫോൺ വിപണിയിലെ മുൻനിരക്കാരാണ്.

2024-ൽ മാത്രം 22.3 കോടി സ്മാർട്ട്ഫോണുകളാണ് കമ്പനി വിറ്റഴിച്ചത്. ടെലിവിഷൻ, എൽഇഡി, ലാപ്ടോപ്, ക്യാമറ, ചിപ്പുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ സാംസങ് ലോകമെമ്പാടും വിപണനം ചെയ്യുന്നു. സെമി കണ്ടക്ടര്‍ ബിസിനസിന്റെ സാധ്യത മനസ്സിലാക്കിയ ലീ തന്റെ മരണത്തിന് മുമ്പ് സാംസംഗ് ഇലക്ട്രോണിക്‌സിനെയും, സാംസംഗ് സെമി കണ്ടക്ടറിനെയും ലയിപ്പിക്കുകയുണ്ടായി. ലീ ബ്യുങ് ഷുള്ളിന്റെ വിയോഗ ശേഷം അദ്ദേഹത്തിന്റെ മകനായ ലീ കുൻ ആണ് കമ്പനിയുടെ നേതൃത്വം വഹിക്കുന്നത്.