ചെന്നൈ: പ്രതിസന്ധികളോട് പൊരുതി തമിഴ്‌നാട്ടിൽ നിന്നുള്ള സഹോദരിമാർ സിവിൽ സർവീസ് പരീക്ഷയിൽ കുറിച്ചത് ചരിത്രവിജയം. കടലൂർ ജില്ലയിലെ ഒരു സാധാരണ കർഷകന്റെ മക്കളായ ഐശ്വര്യ രാമനാഥൻ ഐഎഎസ് നേടിയപ്പോൾ സഹോദരി സുഷ്മിത രാമനാഥൻ ഐപിഎസ് ഉദ്യോഗസ്ഥയായി. പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന ഈ സഹോദരിമാരുടെ ജീവിതം ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് പ്രചോദനമാവുകയാണ്.

സാമ്പത്തികമായി പിന്നോക്കം നിന്ന ഒരു കർഷക കുടുംബത്തിലാണ് ഐശ്വര്യയുടെയും സുഷ്മിതയുടെയും ജനനം. കുട്ടിക്കാലം മുതലേ പരിമിതമായ സാഹചര്യങ്ങളിൽ വളർന്ന ഇവരുടെ ജീവിതം 2004ലുണ്ടായ സുനാമി കൂടുതൽ ദുരിതത്തിലാഴ്ത്തി. ഈ പ്രകൃതിദുരന്തത്തിൽ അവർക്ക് വീടുൾപ്പെടെ സർവവും നഷ്ടമായി. എന്നാൽ ഈ വെല്ലുവിളികൾക്ക് മുന്നിൽ തളരാതെ കഠിനാധ്വാനം ചെയ്ത ഇരുവരും സിവിൽ സർവീസ് എന്ന സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു.

ഐശ്വര്യ രാമനാഥനാണ് ആദ്യം സിവിൽ സർവീസ് വിജയം കൈവരിച്ചത്. 2018-ൽ നടത്തിയ ആദ്യ ശ്രമത്തിൽ 628-ാം അഖിലേന്ത്യാ റാങ്ക് നേടിയ ഐശ്വര്യയ്ക്ക് റെയിൽവേ അക്കൗണ്ട്സ് സർവീസിൽ (RAS) നിയമനം ലഭിച്ചു. എന്നാൽ ഐഎഎസ് എന്ന ലക്ഷ്യത്തിൽ ഉറച്ചുനിന്ന ഐശ്വര്യ 2019-ൽ വീണ്ടും പരീക്ഷയെഴുതുകയും 44-ാം റാങ്കോടെ ഉന്നതവിജയം നേടുകയും ചെയ്തു. വെറും 22-ാം വയസ്സിലാണ് ഐശ്വര്യ തമിഴ്‌നാട് കേഡറിൽ ഐഎഎസ് ഉദ്യോഗസ്ഥയായത്. നിലവിൽ തൂത്തുക്കുടി ജില്ലയിൽ അഡീഷണൽ കളക്ടറായി (ഡെവലപ്മെന്റ്) സേവനമനുഷ്ഠിക്കുകയാണ്.

ഐശ്വര്യയുടെ സഹോദരി സുഷ്മിത രാമനാഥൻ ആദ്യ അഞ്ച് ശ്രമങ്ങളിലും പരാജയപ്പെട്ടിരുന്നു. എന്നാൽ 2022-ൽ തന്റെ ആറാമത്തെ ശ്രമത്തിലാണ് സുഷ്മിത യുപിഎസ്‌സി പാസായത്. 528-ാം അഖിലേന്ത്യാ റാങ്ക് നേടിയ അവർ ആന്ധ്രാപ്രദേശ് കേഡറിലെ ഐപിഎസ് ഓഫീസറായി.നിലവിൽ കാക്കിനട ജില്ലയിൽ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് (എഎസ്പി) ആയി അവർ സേവനമനുഷ്ഠിക്കുകയാണ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ലക്ഷ്യം നേടാൻ ആഗ്രഹിക്കുന്നവർക്ക് വലിയ പ്രചോദനമാണ് ഈ സഹോദരിമാരുടെ ജീവിതം.