കൊല്ലം: മങ്കിപോക്സ് സ്ഥിരികരിച്ച യുവാവ് സഞ്ചരിച്ച ഓട്ടോയിലെയും ടാക്സിയിലെയും ഡ്രൈവർമാരെ കണ്ടെത്താനായിട്ടില്ലെന്ന് കൊല്ലം ജില്ല കളക്ടർ. പൊലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇന്നുതന്നെ കണ്ടെത്താനാകുമെന്നാണ് കരുതുന്നതെന്നും കളക്ടർ പറഞ്ഞു.രോഗം സ്ഥിരീകരിച്ച യുവാവിന്റെ അമ്മയെയും സഹോദരനെയും തിരുവനന്തപുരത്തു തന്നെ നിരീക്ഷണത്തിലാക്കിയതായും ജില്ലാ കളക്ടർ പറഞ്ഞു. കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോകാനാണ് ഇയാൾ ടാക്സി വിളിച്ചതെന്നും കളക്ടർ കൂട്ടിച്ചേർത്തു.

എല്ലാ ജില്ലകൾക്കും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച വിമാനത്തിൽ ഉണ്ടായിരുന്ന 35 പേരുടെ സ്വദേശമായ അഞ്ചുജില്ലകൾക്ക് പ്രത്യേക ജാഗ്രതാനിർദ്ദേശവും നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം ജില്ലകൾക്ക് പ്രത്യേക ജാഗ്രതാനിർദ്ദേശം നൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

മങ്കിപോക്‌സ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ മെഡിക്കൽ കോളജുകളിലും പ്രത്യേക സൗകര്യമൊരുക്കാൻ യോഗം തീരുമാനിച്ചു. കൊല്ലം സ്വദേശിയുമായി അടുത്ത സമ്പർക്കം പുലർത്തിയ 16 പേരെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. വിമാനത്തിൽ രോഗബാധിതന്റെ അരികിൽ ഇരുന്ന 11 പേരെ ഹൈ റിസ്‌ക് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരോട് സ്വയം നിരീക്ഷണം നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. 11 പേർ അടക്കം വിമാനത്തിലുണ്ടായിരുന്ന 35 പേരോടും സ്വയം നിരീക്ഷണം നടത്താൻ നിർദ്ദേശിച്ചു. രാവിലെയും വൈകീട്ടും ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ തിരക്കാൻ ആരോഗ്യവകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്. നമ്പർ ലഭ്യമല്ലാത്തതുകൊണ്ട് ചിലരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇവരെയും കണ്ടെത്തി നിർദ്ദേശങ്ങൾ നൽകാൻ യോഗം തീരുമാനിച്ചു.

മങ്കിപോക്‌സിന് 21 ദിവസമാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. 21 ദിവസമാണ് മങ്കി പോക്‌സിന്റെ ഇൻക്യൂബേഷൻ പിരീഡ്.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.മങ്കിപോക്‌സ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും യാത്രക്കാർ ഉള്ളതിനാൽ വിമാനത്താവളങ്ങളിൽ ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യമായ ഭീതിയോ ആശങ്കയോ വേണ്ട. രോഗി യാത്ര ചെയ്ത വിമാനത്തിൽ വന്നവർ സ്വയം നിരീക്ഷിക്കേണ്ടതാണ്. സംസ്ഥാന തലത്തിൽ മോണിറ്ററിങ് സെൽ രൂപീകരിക്കും.എല്ലാ ജില്ലകൾക്കും ഗൈഡ്ലൈൻ നൽകുകയും ചെയ്യും.

അതിനിടെ കൊല്ലം സ്വദേശി തിരുവനന്തപുരത്ത് എത്തിയ വിമാനത്തിന്റെ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 12ന് ഷാർജ- തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ് കൊല്ലം സ്വദേശി തിരുവനന്തപുരത്ത് എത്തിയത്.വിമാനത്തിൽ 164 യാത്രക്കാരും ആറ് കാബിൻ ക്രൂവുമാണ് ഉണ്ടായിരുന്നത്. അതിൽ ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 പേർ ഹൈ റിസ്‌ക് കോണ്ടാക്ട് പട്ടികയിലുള്ളവരാണ്. ഈ വിമാനത്തിൽ യാത്ര ചെയ്തവർ സ്വയം നിരീക്ഷണം നടത്തുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും വേണം. പലരുടേയും ഫോൺ നമ്പർ ലഭ്യമല്ലാത്തതിനാൽ പൊലീസിന്റെ സഹായത്തോടു കൂടി ഇവരെ ബന്ധപ്പെട്ടു വരുന്നതായും ആരോഗ്യ മന്ത്രി അറിയിച്ചു.

കുടുംബാംഗങ്ങളിൽ അച്ഛനും അമ്മയും, ഓട്ടോ ഡ്രൈവർ, ടാക്‌സി ഡ്രൈവർ, സ്വകാര്യ ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റ്, തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 യാത്രക്കാർ എന്നിവരാണ് ഇപ്പോൾ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. എമിഗ്രേഷൻ ക്ലിയറൻസ് ഉദ്യോഗസ്ഥരേയും രോഗിയുടെ ബഗേജ് കൈകാര്യം ചെയ്തവരേയും നിരീക്ഷിക്കുന്നതാണ്.

രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. എല്ലാ ജില്ലകൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കും. രോഗിയുമായി മുഖാമുഖം വരിക, രോഗി ധരിച്ച വസ്ത്രങ്ങൾ, പാത്രങ്ങൾ, കിടക്ക എന്നിവ ഉപയോഗിക്കുക, പി.പി.ഇ. കിറ്റ് ഇടാതെ സമീപിക്കുക, രോഗം വന്നയാളുമായി ലൈംഗിക ബന്ധം പുലർത്തുക എന്നിവ ക്ലോസ് കോണ്ടാക്ട് ആയി വരും.

തെറ്റായ പ്രചരണങ്ങൾ നടത്തരുത്. എല്ലാ ജില്ലകളും ബോധവത്ക്കരണം ശക്തമാക്കണം. എന്തെങ്കിലും സംശയമുള്ളവർ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.